സെപ്റ്റംബര്‍ 4: വിറ്റെര്‍ബോയിലെ വി. റോസ്

[avatar user=”J Kochuveettil” size=”120″ align=”right” /]

ഏ.ഡി. 1234 ല്‍ റോമായ്ക്കും സീയന്നായ്ക്കും ഇടയിലുള്ള പട്ടണമായ വിറ്റെര്‍ബോയിലാണ് വി. റോസ് ഭൂജാതയായത്. അവളുടെ മാതാപിതാക്കള്‍ ധനത്തില്‍ ദരിദ്രരായിരുന്നെങ്കിലും സുകൃതങ്ങളില്‍ അതിസമ്പന്നരായിരുന്നു. പിള്ളത്തൊട്ടി മുതല്‌ക്കേ അസാധാരണമായ പല സ്വഭാവ വിശേഷങ്ങളും അവള്‍ പ്രകടിപ്പിച്ചിരുന്നു.

രണ്ടു വയസുമുതല്‍ ദൈവികകാര്യങ്ങള്‍ കേള്‍ക്കുന്നതില്‍ വിശുദ്ധ അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്നു. നടക്കാറായ ഉടനെ ദൈവാലയത്തില്‍ പോകുവാനാണ് റോസ ആഗ്രഹിച്ചത്. ദൈവാലയത്തില്‍ പ്രാര്‍ത്ഥനാനിരതയായി നില്ക്കുന്ന അവളുടെ ഭക്തികണ്ട് ജനങ്ങള്‍ വിസ്മയപ്പെട്ടു.

വര്‍ഷത്തിലും വേനലിലും നിഷ്പാദുകയായിട്ടാണ് റോസ സഞ്ചരിച്ചിരുന്നത്. കൂടാതെ ഏഴാമത്തെ വയസുമുതല്‍ വിശുദ്ധ പലതരത്തിലുള്ള തപശ്ചര്യകള്‍ അനുഷ്ഠിച്ചിരുന്നു. അന്യരോടു വലിയ ദയയും അനുകമ്പയും പ്രകടിപ്പിച്ചിരുന്ന വിശുദ്ധ ഭിക്ഷ യാചിച്ചു വരുന്ന ദരിദ്രരില്‍ തന്റെ ദിവ്യഗുരുവിനെയാണു ദര്‍ശിച്ചിരുന്നത്. എല്ലാവര്‍ക്കും തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ വിശുദ്ധ സദാ സന്നദ്ധയായിരുന്നു.

ബാല്യം മുതല്‍തന്നെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിശുദ്ധയ്ക്ക് ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനശക്തിയുണ്ടായിരുന്നു. ഇക്കാലത്താണ് ചക്രവര്‍ത്തിയും മാര്‍പാപ്പായും തമ്മില്‍ ഒരു കലഹം ഉണ്ടായത്. വിറ്റെര്‍ബോ നിവാസികള്‍ ചക്രവര്‍ത്തിയുടെ പക്ഷത്തു ചേര്‍ന്നു. എന്നാല്‍ ചക്രവര്‍ത്തിയെ എതിര്‍ക്കുവാനും മാര്‍പാപ്പായുടെ പക്ഷംചേരാനും വിശുദ്ധ ജനങ്ങളോടുപദേശിച്ചു. ജനം അവളെ അനുസരിച്ചു. ഇതില്‍ കോപിഷ്ഠനായ ചക്രവര്‍ത്തി റോസിനെയും അവളുടെ കുടുംബത്തെയും അവിടെ നിന്നു നാടുകടത്തി.

അവിടെയും റോസ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ആത്മാക്കളെ സമ്പാദിക്കുന്നതിനുള്ള വിശുദ്ധയുടെ ശ്രമങ്ങള്‍ അത്യന്തം വിജയകരമായിരുന്നു. വിശുദ്ധ സഞ്ചരിച്ച മറ്റു നഗരങ്ങളിലെയും അവസ്ഥ ഇതു തന്നെയായിരുന്നു. രോഗികളെ സുഖപ്പെടുത്തിയും പാപികളെ മാനസാന്തരെപ്പടുത്തിയും ഭക്തജനങ്ങളെ ദൈവസ്‌നേഹത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കിയും വിപ്ലവകാരികളെ ശാന്തരാക്കിയും ദൈവസന്നിധിയില്‍ തനിക്കുണ്ടായിരുന്ന വിസ്മയാവഹമായ ശക്തിവിശേഷത്തെ വിശുദ്ധ എല്ലായിടത്തും വെളിെപ്പടുത്തി.

ദൈവം നല്കിയ പ്രവചനവരമനുസരിച്ച് ചക്രവര്‍ത്തിയുടെ മരണം വിശുദ്ധ പ്രവചിച്ചിരുന്നു. ചക്രവര്‍ത്തിയുടെ മരണശേഷം വിശുദ്ധ സ്വന്തം നഗരത്തിലേക്കു തിരികെ വന്നു. അതിനുശേഷം ക്ലാരമഠത്തില്‍ പ്രവേശിക്കാന്‍ അതിയായി ആഗ്രഹിച്ച വിശുദ്ധ അതിനൊരു ശ്രമം നടത്തി. പക്ഷേ, ദൈവഹിതം മറിച്ചായിരുന്നു. അതിനാല്‍ വിശുദ്ധ ആ കന്യാമഠത്തിനോടനുബന്ധിച്ചുള്ള ഒരു മുറിയില്‍ താമസമാരംഭിച്ചു.

അവിടെ വസിച്ചു കൊണ്ട് വിശുദ്ധ ആത്മാക്കളുടെ രക്ഷയ്ക്കും സാധുജനസംരക്ഷണത്തിനുമായുള്ള തന്റെ പരിശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ തുടര്‍ന്നു. 1252-ല്‍ അവള്‍ ദൈവത്തിങ്കലേക്കു യാത്രയായി. വി. റോസിന്റെ ഭൗതീകശരീരം ഇന്നും അഴുകാതെ ഇരിക്കുന്നു.

വിചിന്തനം: കര്‍ത്താവേ അങ്ങു സന്നിഹിതനായിരിക്കുമ്പോള്‍ സമസ്തവും പ്രിയങ്കരമാണ്. അങ്ങ് സന്നിഹിതനല്ലെങ്കില്‍ സമസ്തവും വിരസമാകുന്നു.

ഇതരവിശുദ്ധര്‍ : റൊസാലിയ (+1160)/ സാല്‍വിനൂസ് (+420) വെര്‍ഡൂമിലെ മെത്രാന്‍/ വി. ഉള്‍ത്താന്‍/ ഐഡാ/ കാന്റിഡാ(+76)/മാഗ്നൂസ് രക്തസാക്ഷി/മോണീസാ (+456)തിയഡോര്‍ (+310)/ കലെത്രിക്കൂസ് (529-580) ചാര്‍ത്രെയിലെ മെത്രാന്‍/ഹെര്‍മ്മയോണ്‍(+117)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here