സെപ്റ്റംബര്‍ 6: ഗാരിഗുവായിലെ വാ. ബെര്‍ട്രാന്‍ഡ്

[avatar user=”J Kochuveettil” size=”120″ align=”right” /]

ജപമാലയുടെ പ്രചാരകനായ വിശുദ്ധ ഡൊമിനിക്കിന്റെ സന്തതസഹചാരിയും അദ്ദേഹം സ്ഥാപിച്ച സന്ന്യാസസഭയിലെ മുതിര്‍ന്ന അംഗവുമായിരുന്നു ഗാരിഗുവായിലെ വാഴ്ത്തപ്പെട്ട ബര്‍ട്രാന്‍ഡ്. 1230-ല്‍ മരിച്ച ഈ പുണ്യചരിതന്റെ ജനനവര്‍ഷമേതെന്ന തീര്‍ച്ചയില്ല. തെക്കന്‍ഫ്രാന്‍സിലെ അലായിസിനു സമീപമുള്ള ഗരിഗുവായിലാണ് ജനനം.

കുട്ടിക്കാലത്തുതന്നെ ബോസ്‌ക്വെയിലുള്ള നോട്ടര്‍ഡാം സിസ്റ്റേഴ്‌സ്യന്‍ ആബിയിലെ സന്ന്യാസിനികളുടെ സംരക്ഷണയിലായിരുന്നു. ബെര്‍ട്രാന്‍ഡ്, അല്‍ബി ജന്‍സിയന്‍ പാഷണ്ഡതമൂലം ഫ്രാന്‍സില്‍ ആഭ്യന്തരകലാപങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്.

സന്ന്യാസിനികളുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന ബെര്‍ട്രാന്‍ഡ് വൈദികപട്ടം സ്വീകരിച്ച് ശുശ്രൂഷ നടത്തിക്കൊണ്ടിരുന്ന കാലത്താണ് വിശുദ്ധ ഡൊമിനിക്കുമായി പരിചയത്തിലായത്. പാഷണ്ഡികളുടെ മാനസാന്തരത്തിനായി അവര്‍ ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. വിശുദ്ധ ഡൊമിനിക് സ്ഥാപിച്ച ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സ് എന്ന സന്ന്യാസസഭയുടെ സ്ഥാപകപിതാക്കളില്‍ ഒരാളായിരുന്നു ബെര്‍ട്രാന്‍ഡ്. അദ്ദേഹം 1215-ല്‍ സഭാവസ്ത്രം സ്വീകരിച്ചു. ടുളൂസിലെ വി. റൊമാനൂസ് ആശ്രമത്തിലായിരുന്നു സഭാംഗങ്ങള്‍ കുറേക്കാലം വസിച്ചത്. അവിടെ നിന്നും പലസ്ഥലങ്ങളിലും ആശ്രമങ്ങള്‍ സ്ഥാപിച്ചു. ബര്‍ട്രാന്‍ഡ്ടുളൂസിലെ പ്രയോറായി നിയമിതനായി. പിന്നീട് തെക്കന്‍ ഫ്രാന്‍സിലെ പ്രൊവിന്‍ഷ്യാളായി. തന്റെ യുവത്വകാലം ചെലവിട്ട ബോസ്‌ക്വെയിലെ ആബിയില്‍വച്ച് 1230-ല്‍ മരിച്ചു.

1253-ല്‍ നോട്ടര്‍ഡാം ആബിയിലെ കന്യാസ്ത്രീകള്‍ വിശുദ്ധന്റെ കുഴിമാടം തുറന്നു. മൃതദേഹം അഴുകിയിട്ടില്ലെന്ന് മനസിലാക്കി. 15-ാം നൂറ്റാണ്ടില്‍ രണ്ടാംവട്ടം കുഴിമാടം തുറന്നു പരിശോധിച്ചപ്പോഴും ശരീരം അഴുകിയിരുന്നില്ല. അന്ന് ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സിന്റെ ഓറഞ്ചിലുള്ള ആശ്രമദൈവാലയത്തിലേക്കു മൃതദേഹം മാറ്റി.

ദൈവം അത്ഭുതകരമായി പരിരക്ഷിച്ച ശരീരം പക്ഷേ, നവീകരണകാലത്ത് 1561-ല്‍ പ്രോട്ടസ്റ്റന്റുകാര്‍ നശിപ്പിച്ചു. ശരീരവും ദൈവാലയവും എല്ലാം അവര്‍ തീവച്ചു നശിപ്പിച്ചു.

വിചിന്തനം: സര്‍വ്വസൃഷ്ടികളേക്കാളും സര്‍വ്വ ഭൗമിക സന്തോഷങ്ങളെക്കാളും ഉപരിയായി ദൈവത്തെ സ്‌നേഹിക്കുക.

ഇതരവിശുദ്ധര്‍ : എല്ല്യൂത്തേരിയൂസ് (+585)/ഡയോണിസിയൂസ് (+250) അലക്‌സാണ്ഡ്രിയായിലെ രക്തസാക്ഷി/ ഫൗസ്റ്റസ് (+607) ആബട്ട് / മക്കലിന്‍-ഐറിഷ് മെത്രാന്‍ / ഒനീസിഫോറസ് (+81) രക്തസാക്ഷി/ ഡൊണേഷ്യന്‍ (+484) രക്തസാക്ഷി /പെട്രോണിയൂസ് (+450) വെറോണയിലെ രക്തസാക്ഷി/അരാത്തോര്‍ (+460) വെര്‍ദൂമിലെ നാലാമത്തെ മെത്രാന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ