മെയ് 17 : വി. പാസ്‌കല്‍ ബയിലോണ്‍

 

അനേകം വിശുദ്ധരെ സഭയ്ക്കു പ്രധാനം ചെയ്ത സ്‌പെയിനിലെ അരഗോണയില്‍ 1540 ലെ പെന്തക്കുസ്താ ദിനത്തിലാണ് വി. പാസ്‌കല്‍ ബയിലോണ്‍ ജനിച്ചത്. പേര്‍ഷ്യന്‍ ഭാഷയില്‍ പന്തക്കുസ്താ ‘പാസ്‌ക’ എന്നാണ് അറിയപ്പെടുന്നത്. അതിനാലാണ് വിശുദ്ധന് പാസ്‌കല്‍ എന്ന നാമം മാതാപിതാക്കള്‍ നല്കിയത്. ഭക്തരായിരുന്ന മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിനെ പാപത്തില്‍ നിന്നകറ്റി വിശുദ്ധിയില്‍ വളര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വിശുദ്ധന്റെ ബാല്യകാലത്തെ പ്രവൃത്തികള്‍ അദ്ദേഹം ദൈവശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടവനാണ് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. ആദ്യമായി പള്ളിയിലെത്തിയ ദിവസം മുഴുവന്‍ സമയവും വിശുദ്ധന്‍ സക്രാരിയിലേക്കുതന്നെ നോക്കിയിരുന്നു. ക്രൈസ്തവപ്രാര്‍ത്ഥനകളെല്ലാം അവന്‍ ഹൃദ്യസ്ഥമാക്കിയിരുന്നു.

എട്ടാമത്തെ വയസുമുതല്‍ വിശുദ്ധന്‍ തന്റെ പിതാവിന്റെ ആടുകളെ മേയിക്കുവാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന അപരിഷ്‌കൃതരായ ഇടയന്മാരെ വേദപാഠം പഠിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം വിശുദ്ധന്‍ പരമാവധി ഉപയോഗിച്ചിരുന്നു. ഏകദേശം ഇരുപത്തിനാലു വയസായതോടെ വിശുദ്ധന്‍ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസസഭയില്‍ പ്രവേശിച്ചു. ഒരു തുണസഹോദരനായിട്ടായിരുന്നു വിശുദ്ധന്‍ അവിടെ ജീവിച്ചത്.

ആശ്രമത്തിലെ ഏറ്റവും താഴ്ന്ന ജോലികള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന വിശുദ്ധന്‍ തന്റെ ഒഴിവുസമയങ്ങളെല്ലാം വി. കുര്‍ബാനയുടെ മുമ്പില്‍ മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിക്കാനാണ് ചെലവഴിച്ചിരുന്നത്. പരി. കുര്‍ബാനയുടെ മുന്നില്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിശുദ്ധന്‍ പലപ്പോഴും നിലത്തുനിന്ന് ഉയര്‍ത്തപ്പെട്ടിരുന്നതായി ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യാതൊരു അക്ഷരാഭ്യാസവും ലഭിച്ചിട്ടില്ലായിരുന്നിട്ടും ദിവ്യകാരുണ്യസന്നിധിയില്‍നിന്നു സിദ്ധിച്ച ജ്ഞാനംമൂലം വിശുദ്ധനെ ഒരു ദൈവശാസ്ത്ര പണ്ഡിതനായാണ് എല്ലാവരും പരിഗണിച്ചിരുന്നത്.

വിശുദ്ധിയില്‍ അനുദിനം വളര്‍ന്നുകൊണ്ടിരുന്ന പാസ്‌കല്‍ സന്ന്യാസവ്രതവാഗ്ദാനത്തിനുശേഷം സഭാസംബന്ധമായ ചില ദൗത്യങ്ങള്‍ക്കായി ഫ്രാന്‍സിലേക്കു യാത്ര തിരിച്ചു. അക്കാലത്ത് ഫ്രാന്‍സിന്റെ ദക്ഷിണഭാഗത്ത് വസിച്ചിരുന്ന ഹ്യൂഗ്നോട്‌സുകള്‍ക്കുണ്ടായിരുന്ന വിരോധംനിമിത്തം വിശുദ്ധന്റെ യാത്ര അത്ര സുഗമമായിരുന്നില്ല. നാലുതവണ അദ്ദേഹം മരണത്തിന്റെ വാതില്‍ക്കല്‍ വരെയെത്തി. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കുവാന്‍ വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ദൈവഹിതം മറിച്ചായിരുന്നു. അവസാനം തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് വിശുദ്ധന്‍ ആശ്രമത്തില്‍ തിരികെയെത്തി.

പരി. കുര്‍ബാനയോടുള്ള അതിയായ ഭക്തിമൂലം ചില ദിവസങ്ങളില്‍ എട്ടും പത്തും കുര്‍ബാനക്കുവരെ അദ്ദേഹം ശുശ്രൂഷിച്ചിരുന്നു. 1592 മെയ് 15 പെന്തക്കുസ്താദിവസം ദിവ്യബലിയുടെ മദ്ധ്യേ പരിശുദ്ധ കുര്‍ബാനയിലൂടെ താന്‍ സ്‌നേഹിച്ചിരുന്ന സ്‌നേഹനാഥന്റെ പക്കലേക്കു വിശുദ്ധന്‍ യാത്രയായി.

വിചിന്തനം: ”ദൈവത്തെ കണ്‍മുണ്‍മ്പാകെ ദര്‍ശിക്കുക. സത്യത്തിലും എളിമയിലും അവിടുത്തെ മുമ്പാകെ നടക്കുക.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here