മെയ് 21 :വി. ഗോഡ്രിക്

 

1107 ല്‍ ഇംഗ്ലണ്ടിലെ നോര്‍ഫോര്‍ക്കില്‍ ദരിദ്രമായ ഒരു കുടുംബത്തിലായിരുന്നു വി. ഗോഡ്രിക്കിന്റെ ജനനം. ഉപജീവനത്തിനായി ചെറിയ സമ്മാനങ്ങള്‍ വീടുതോറും കൊണ്ടുനടന്നു വില്ക്കുകയായിരുന്നു യുവാവായ ഗോഡ്രിക്കിന്റെ പതിവ്. ഈ യാത്രകള്‍ക്കിടയിലും ഒരു വിശുദ്ധനായിത്തീരുവാനുള്ള ആഗ്രഹം അദ്ദേഹത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു.

ഒരിക്കല്‍ ഗോഡ്രിക്ക് വി. കുത്ത്ബര്‍ട്ടിന്റെ ശവകൂടീരം സന്ദര്‍ശിക്കുകയും അദ്ദേഹത്തെ അനുകരിക്കുവാനുള്ള അനുഗ്രഹം യാചിക്കുകയും ചെയ്തു. അന്നുമുതല്‍ പുതിയൊരു മനുഷ്യനായിട്ടാണ് ഗോഡ്രിക് ജീവിച്ചത്. തന്റെ തെറ്റുകള്‍ക്കു പ്രായശ്ചിത്തമെന്നോണം അദ്ദേഹം ജറുസലേമിലേക്കു സഹനപൂര്‍ണ്ണമായ ഒരു തീര്‍ത്ഥയാത്ര നടത്തി. തിരികെ വന്ന ഗോഡ്രിക്ക് കുറേനാള്‍ ഒരു മുതലാളിയുടെ കീഴില്‍ കാര്യസ്ഥനായി ജോലിനോക്കി. തന്റെ കീഴിലുള്ള ജോലിക്കാരെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനാല്‍ അദ്ദേഹത്തിന് ജോലി നഷ്ടമായി.

പിന്നീട് ഡര്‍ഹാം ആശ്രമത്തിലെ അംഗവും ഭക്തനുമായിരുന്ന ഗോഡ്‌വിന്‍ എന്നയാളുടെ ഉപദേശമനുസരിച്ച് കാര്‍ലൈലിന് വടക്കുള്ള ഒരു വനാന്തരത്തില്‍ അദ്ദേഹം സന്യാസമുറകളനുസരിച്ചു ജീവിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഗോഡ്രിക്ക് വീണ്ടും ജറുസലേമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. തിരികെ വന്ന ഗോഡ്രിക്ക് ഒന്നരവര്‍ഷത്തെ ഏകാന്തജീവിതത്തിനുശേഷം വി. ഡാര്‍ഹിന്റെ ആശ്രമത്തിലും പിന്നീട് ഹിങ്ക്‌ലി മരുഭൂമിയിലുമായി സന്ന്യാസജീവിതം അനുഷ്ഠിച്ചു. അവിടെ പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇതിനിടെ രോഗങ്ങളും വേദനകളും അദ്ദേഹത്തിന്റെ ജീവിതത്തെ ക്ലേശപൂര്‍ണമാക്കി. ഈ സാഹചര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ക്ഷമ അസാധാരണവും എളിമയും ശാന്തതയും വിസ്മയാവഹവും ആയിരുന്നു.

ദീര്‍ഘനാള്‍ ശരീരം തളര്‍ന്നു കിടന്നതിനുശേഷം 1170 ല്‍ അദ്ദേഹം തന്റെ ദിവ്യനാഥന്റെ അടുത്തേക്കു യാത്രയായി. മരണംവരെ വിശുദ്ധന്റെ നാവ് ദൈവസ്തുതികള്‍ പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.

വിചിന്തനം: ”സൃഷ്ടികളില്‍നിന്നുള്ള ആശ്വാസത്തില്‍നിന്ന് നീ എത്രയധികം അകന്നുനില്‍ക്കുന്നുവോ അത്രയധികം മാധുര്യവും ശക്തിയുമുള്ള ആശ്വാസം ദൈവത്തില്‍ കണ്ടെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here