പ്രിയപ്പെട്ടവന്‍/ള്‍

ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
മത്താ. 3: 17

പുത്രന്റെ പരസ്യജീവിതത്തിന് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തില്‍ പിതാവ് കൊടുക്കുന്ന ആശംസാവാക്യങ്ങളാണ്. ”ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” ഇവന്‍ എന്റേതാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. എന്റെ പുത്രനാണെന്ന്. വെറും പുത്രനല്ല, എന്റെ പ്രിയ പുത്രനാണെന്നുകൂടി പറയുന്നു. മാത്രമല്ല ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട പുത്രനില്‍ സംപ്രീതനാകുന്ന പിതാവ് അതുറക്കെ പറയുകയും ചെയ്യുന്നു, പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തില്‍.

പരസ്യജീവിതത്തിന് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന യേശുവിന്റെ പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും അംഗീകരി ക്കുകയും ആവശ്യമായ ഊര്‍ജ്ജം മുഴുവന്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നുണ്ട് ഇപ്പറഞ്ഞ വാക്യങ്ങളിലൂടെ. വിശുദ്ധിയുടെ ഒന്നിപ്പിക്കലിലാണ് അത്തരമൊരു അംഗീകാര മുദ്രവരുന്നതെ ന്നും ശ്രദ്ധേയമാണ് – പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാ ത്മാവിന്റെയും സാന്നിദ്ധ്യത്തില്‍. അംഗീകരിക്കലിന്റെയും സ്‌നേഹിക്കലിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകള്‍ ദൈവപുത്രനുപോലും വേണമെന്ന് തോന്നിപ്പോകുന്നു, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ആ അരുളപ്പാടിനെ വീണ്ടും വീണ്ടും വായനയ്ക്കും ധ്യാനത്തിനും പഠനത്തിനും വിധേയമാക്കുമ്പോള്‍.
ദൈവത്തിന്റെ സ്ഥാനത്ത് നമ്മളാണ് ആ വാക്യങ്ങള്‍ അരുളിച്ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരെങ്കില്‍ എങ്ങനെയിരിക്കും ആ വചനം:”ഇവന്‍ എന്റെ മകനൊക്കെത്തന്നെയാണ്. എന്നാലും ഇവനില്‍ ഞാന്‍ അത്രയ്ക്ക് അങ്ങ് തൃപ്തനായിട്ടില്ല. കുറച്ച് കുറ്റവും പോരായ്മകളും ഒക്കെ ഉണ്ട്. എന്നാലും ഞാന്‍ കുറച്ചൊക്കെ ഇവന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രസാദിച്ചിരിക്കുന്നു”.

ഇതു പറയുന്നതുതന്നെയും വളരെ കഷ്ടപ്പെട്ടും മടിച്ചുമടി ച്ചുമായിരിക്കും. കാരണം മറ്റുള്ളവരെ അംഗീകരിക്കാനും അവരുടെ നന്മകളെ ഉറക്കെ പ്രഖ്യാപിക്കാനും നമ്മള്‍ക്ക് ഒരിക്കലും സാധിക്കില്ല. ഈയിടെ ഒരാള്‍ പറയുകയുണ്ടായി. ”കഷ്ടകാലം വന്ന വഴിനോക്കണേ. എനിക്ക് അയാളെ കണ്ടുകൂടാ. പക്ഷേ അയാളെപ്പറ്റി ഈയിടെ കുറെ നല്ല കാര്യങ്ങള്‍ ഒരു മീറ്റിംഗില്‍ വച്ച് പറയേണ്ടിവന്നു. ഓരോ വാക്കു പറയുമ്പോഴും ഹൃദയം പറിച്ചെടുക്കുന്ന വേദനയായിരുന്നു എനിക്ക്.”
ശരിയാണ്, ഹൃദയം പറിച്ചെടുക്കുന്ന വേദനയാണ് നമുക്ക് ഇഷ്ടമില്ലാത്തവരെപ്പറ്റി നന്മപറയാന്‍; പ്രോത്സാഹനത്തിന്റെ വാക്കുകളും പ്രവര്‍ത്തികളും അവര്‍ക്കുവേണ്ടി നടപ്പിലാക്കാനും. അടുപ്പമുള്ളവരെക്കുറിച്ചാണെങ്കിലും വലിയ മാറ്റമൊന്നും കാണില്ല. ബുദ്ധിമുട്ടാണ് നല്ലതു പറയാന്‍.

എന്തുകൊണ്ടാണ് നമ്മള്‍ മറ്റുള്ളവരെക്കുറിച്ച് നന്മ പറയാത്തത്, പ്രോത്സാഹിപ്പിക്കാത്തത്, അവരെ അംഗീകരിക്കാത്തത്? ഒരു സുഹൃദ്‌വേദി. ഇപ്പറഞ്ഞ വിഷയമായിരുന്നു അന്നത്തെ നേരമ്പോക്ക് ചര്‍ച്ചയുടെ മര്‍മ്മം.
”എനിക്കാരെപ്പറ്റിയും അധികം നന്മപറയാന്‍ പറ്റുന്നില്ല.” ഒരു ചെറുപ്പക്കാരനാണ്. മറ്റുള്ളവരെപ്പറ്റി നന്മപറയുമ്പോള്‍ അ വര്‍ നമ്മളെക്കാള്‍ വളരുകയാണെന്നും, സമൂഹത്തില്‍ അവരുടെ സ്ഥാനം നമ്മുടേതിനേക്കാളും വലുതാകുകയാണെന്നും ഉള്ള തോന്നലാണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവതിയുടെ അഭിപ്രായം ഇങ്ങനെയായിരു ന്നു: ”എനിക്ക് ആണുങ്ങളെപ്പറ്റി നന്മപറയുന്നതിന് വിഷമമില്ല. പക്ഷേ പെണ്ണുങ്ങളെക്കുറിച്ച് നന്മപറയാന്‍ ബുദ്ധിമുട്ടാണ്”.

”അതെന്തേ അങ്ങനെ?”
”ആണുങ്ങളാരും ഒരു തരത്തിലും എനിക്ക് ഭീഷണിയല്ല. പക്ഷേ പെണ്ണുങ്ങള്‍, അവരുടെ സൗന്ദര്യം, സാരി, ജോലി അ തൊക്കെ എനിക്ക് സഹിക്കാന്‍ പറ്റത്തില്ല. അതിനാല്‍ അവരെ ക്കുറിച്ച് ഒരു നന്മയും പറയില്ല”.
നമുക്ക് ഭീഷണിയാണ് എന്ന് തോന്നുന്നവരെപ്പറ്റി നന്മപറ യാന്‍ നമുക്കാവില്ല. എന്നാല്‍ ഭീഷണിയുണ്ടാവില്ല എന്ന് ഉറപ്പുള്ളവരെപ്പറ്റി നാം നന്മപറയും. മുന്‍പ്രസിഡന്റ് എ. പി. ജെ അബ്ദുള്‍കലാമിനെപ്പറ്റി ഇന്ന് എനിക്ക് എത്ര നന്മവേണമെങ്കിലും പറയാന്‍ പറ്റും. മദര്‍ തെരേസയെപ്പറ്റി പറയാം. സദ്ദാം ഹുസൈനെപ്പറ്റിപ്പോലും പറയും. പക്ഷേ എന്റെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, സ്‌നേഹിതര്‍, സഹപ്രവര്‍ത്തകര്‍ ഇവരെപ്പറ്റി പറയാന്‍ പറ്റുന്നില്ല. കാരണം അവരൊക്കെ എന്റെ ഇപ്പോഴ ത്തെ അവസ്ഥയ്ക്കും നിലനില്‍പ്പിനും ഭീഷണിയാണ് എന്ന പേടിതന്നെ. അപ്പോള്‍ നന്മപറയാന്‍ അറിയാഞ്ഞിട്ടല്ല. നന്നായിട്ടറിയാം നമ്മള്‍ക്ക്. നന്മകാണാനും അറിയാം. നന്മചെയ്യാനും അറിയാം. പക്ഷേ എല്ലാം വേണ്ടെന്നു വയ്ക്കുകയാണ്. കാരണം ഭയം. അവന്‍ എന്നെക്കാള്‍ വലുതാവുമോ എന്ന ഭയം.

ഭയമാണ് നന്മപറയുന്നതില്‍ നിന്നും ചെയ്യുന്നതില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്ന പ്രധാന ഘടകം. അപരന്‍ നമ്മളെക്കാള്‍ വലുതാകുമോ, ഞാന്‍ അവനെ/അവളെപ്പറ്റി പറയുന്ന നന്മ നാലാള്‍ അറിഞ്ഞ് അവന്‍/അവള്‍ സമൂഹത്തില്‍ സുസമ്മതനാ യിത്തീരുമോ; നമ്മളെക്കാളും വലിയ സ്ഥാനങ്ങളിലേയ്ക്ക് അവന്‍/അവള്‍ കയറുമോ എന്ന ഭയം. ഈ ഭയം, അടിസ്ഥാനര ഹിതമായ ഭയം, അസൂയയില്‍ നിന്ന് ഉളവാകുന്ന ഭയം നാം മാറ്റേണ്ടിയിരിക്കുന്നു. ഇതിന്റെ തോട് പൊട്ടിച്ചു പുറത്തുവരേ ണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഒരിക്കലും വളര്‍ച്ചയെത്താത്ത ഭ്രൂണം പോലിരിക്കും നമ്മള്‍.

ഇതിനുള്ള ഏകപരിഹാരം എല്ലാവരെയും പ്രിയപ്പെട്ടവരായി കാണുക എന്നതാണ്. അപരരോടും അയല്‍ക്കാരോടും ഉള്ള ഭയം മാറി നമ്മളെന്നാണ് ഇനി അവരെയൊക്കെ പ്രിയപ്പെട്ടവ രായി കാണാന്‍ തുടങ്ങുന്നത്. ഒരാളെ നമ്മള്‍ പ്രിയപ്പെട്ടതായി കണ്ടുതുടങ്ങിയാല്‍ പിന്നെ അയാളെപ്പറ്റി നന്മയേ പറയൂ. പ്രിയ മുള്ള ഒരാളെക്കുറിച്ച് ആരാണ് തിന്മപറയുക. ഒരിക്കലും പറയി ല്ല. മാത്രമല്ല, മറ്റാരെങ്കിലും പറയുകയാണെങ്കില്‍ അതിനെ എതി ര്‍ക്കുകയും ചെയ്യും.
അതിനാല്‍ മറ്റുള്ളവരെയൊക്കെ പ്രിയപ്പെട്ടവരായികാ ണാന്‍, പരിഗണിക്കാന്‍ തുടങ്ങുക. അവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാതെ അവരിലുള്ള നന്മകണ്ട് സംപ്രീതരാവുക. യേ ശുവിനെപ്പറ്റി പിതാവ് സാക്ഷ്യപ്പെടുത്തിയതുപോലെ നമ്മുടെ കൂടെയുള്ളവരുടെ നന്മ സാക്ഷ്യപ്പെടുത്താന്‍ നമുക്ക് സാധിക്കണം.
ഇവന്‍/ഇവള്‍ എന്റെ പ്രിയ ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍, അപ്പന്‍, അമ്മ, കൂട്ടുകാരന്‍, കൂട്ടുകാരി-ഇവനില്‍/ഇവളില്‍ ഞാ ന്‍ സംപ്രീതനായിരിക്കുന്നു, എന്ന് നാം ഏതുകാലത്ത് പറയു ന്നുവോ അന്നേ നമുക്കായ് സ്വര്‍ഗ്ഗം തുറക്കപ്പെടൂ, പരിശുദ്ധാ ത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരൂ.

ഫാ. ജി കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here