ടെന്‍ഷന്‍ അരുത്

ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ
ദൈര്‍ഘ്യം ഒരു മുഴം കൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്ക് കഴിയും.

ആധുനികതയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞ ആകുലതയെക്കുറിച്ച് ക്രിസ്തുവിന്റെ വീക്ഷണം പ്രധാനപ്പെട്ടതാണ്. ഇന്ന് ഏറ്റവും പ്രസക്തിയുള്ള ഒരു ചോദ്യം അവിടുന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പേ ചോദിച്ചിരിക്കുന്നു.
”ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു മുഴം കൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്ക് കഴിയും?”

ആകുലതവഴി ആയുസ്സിന്റെ ഒരു മുഴം പോലും കൂട്ടാനാവില്ലെന്നും എന്നാല്‍ ഒരുപാട് മുഴങ്ങള്‍ കുറയ്ക്കാനാവുമെന്നും നമുക്കറിയാം. ആകുലത നമ്മളെ ജീവിതത്തില്‍ പിന്നോക്കം പായിക്കുന്നു, ജീവിതത്തിന്റെ ഗതി തെറ്റിക്കുന്നു, താളം ഇല്ലാതാക്കുന്നു, ജീവിതം തന്നെ നേരത്തെ അവസാനിപ്പിക്കുന്നു.
ആകുലതമൂലം നമുക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ശാസ്ത്രം നമ്മെ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്. തലവേദന മുതല്‍ ഹൃദയാഘാതംവരെ അത് നീളുന്നു.’ടെന്‍ഷന്‍ അടിക്കുക’ എന്നൊരു പദപ്രയോഗം തന്നെ ഇന്ന് നമുക്കിടയിലുണ്ട്.

ടെന്‍ഷന്‍ അടിക്കാത്തവരായി ആരുണ്ട്? എല്ലാവര്‍ക്കും എപ്പോളും ടെന്‍ഷന്‍. ഒരു വീട്ടിലാണെങ്കില്‍ കൂടുതല്‍ ശമ്പളം എങ്ങനെ ഉണ്ടാക്കാം എന്നോര്‍ത്ത് അപ്പന് ടെന്‍ഷന്‍, നല്ല ഭക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നോര്‍ത്ത് അമ്മയ്ക്ക് ടെന്‍ഷന്‍, പുതിയ വസ്ത്രം എപ്പോള്‍ വാങ്ങാം എന്നോര്‍ത്ത് ചേച്ചിക്ക് ടെന്‍ഷന്‍, പുതിയ മൊബൈല്‍ എങ്ങനെ വാങ്ങാം എന്നോര്‍ത്ത് ചേട്ടന് ടെന്‍ഷന്‍, ഇന്ത്യ ലോകകപ്പില്‍നിന്ന് നാണംകെട്ട് പുറത്തായല്ലോ എന്നോര്‍ത്ത് അനുജനും അനുജത്തിക്കും ടെന്‍ഷന്‍, എങ്ങനെ അഞ്ച് വര്‍ഷം ഭരിക്കാം എന്നോര്‍ത്ത് ഭരണപക്ഷത്തിന് ടെന്‍ഷന്‍, അഞ്ചുവര്‍ഷം കഴിഞ്ഞ് ഭരണം എങ്ങനെ തിരിച്ചു പിടിക്കാം എന്നു ചിന്തിച്ച് പ്രതിപക്ഷത്തിന് ടെന്‍ഷന്‍, ഓഫീസി ലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ടെന്‍ഷന്‍, സ്‌കൂളിലെ കാര്യങ്ങള്‍ ഓര്‍ത്ത് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ടെന്‍ഷന്‍ – അങ്ങനെ എല്ലാവര്‍ക്കും എല്ലായിടത്തും ടെന്‍ഷന്‍.

”ഭജഗോവിന്ദ”ത്തില്‍ ശ്രീ ശങ്കരാചാര്യര്‍ പറയുന്നു: ”ചിലര്‍ക്ക് കുട്ടികള്‍ അധികമുള്ളത് ദു:ഖകാരണം; ചിലര്‍ക്ക് കുട്ടികള്‍ ഇല്ലാത്തത് കാരണം ആകുലത; ബാലന്‍ കളിയില്‍ ആസക്ത നായിരിക്കുന്നു; തരുണന്‍ തരുണിയില്‍ ആസക്തനായിരിക്കുന്നു; വൃദ്ധന്‍ പഴയകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെട്ടു കൊണ്ടിരിക്കുന്നു.”

ഭജഗോവിന്ദം എഴുതിയ അദ്ദേഹവും ആകുലചിത്തനാണ്. ആരും ഈശ്വര ചിന്തയില്‍ മുഴുകുന്നില്ലല്ലോ എന്നതാണ് അദ്ദേ ഹത്തിന്റെ ദു:ഖ കാരണം. എല്ലാവര്‍ക്കും ഓരോരോ കാര്യങ്ങള്‍ ഓര്‍ത്ത് ദു:ഖവും ആകുലതയുമാണ്. ഇത് പ്രാചീനവും നവീനവുമായ ഒരു സത്യമാണ്.

ടെന്‍ഷന്‍ അടിച്ചിരിക്കുന്നവരെ, ആകുലചിന്തയില്‍പ്പെട്ട് ഉഴലുന്നവരെ നമ്മള്‍ ആശ്വസിപ്പിക്കാറുണ്ട്: ”സാരമില്ലന്നേ, ടെന്‍ഷന്‍ അടിക്കേണ്ടന്നേ, എല്ലാം ശരിയാകും.”
ഇത്രയും നമ്മള്‍ പറയുന്നത് ശരി. ഇതും കഴിഞ്ഞ് ഒരു പടികൂടി കടന്ന് ഒരു വാക്യം കൂടി പറഞ്ഞാല്‍ ടെന്‍ഷന്‍ മരുന്നായി. ആ വാക്യം ഏതാണ്ട് ഇങ്ങനെയാകാം:”ദൈവത്തില്‍ വിശ്വസിക്ക്. പ്രാര്‍ത്ഥിക്ക്. എല്ലാം സമര്‍പ്പിക്ക്.”
നമ്മുടെ ആകുലതകളും വിഷമങ്ങളും സങ്കടങ്ങളും ദൈവത്തില്‍ ഭരമേല്‍പ്പിക്കുക, പ്രാര്‍ത്ഥിക്കുക. നമ്മെക്കൊണ്ട് ആവും വിധം ശ്രമിക്കുക. കാര്യങ്ങള്‍ ഒക്കെ ശരിയാകും.

സത്യത്തില്‍ നമ്മുടെ ആകുലതകളെ ദൈവത്തോടും, കൂടെയുള്ളവരോടും പങ്കുവയ്ക്കാത്തതാണ് നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.”പങ്കിട്ടാല്‍ ഭാരം കുറയും”എന്ന ചൊല്ലിന് അര്‍ത്ഥമേറെയാണ് ഇന്ന്. നമ്മുടെ ആകുലതകള്‍ മറ്റൊരാളോടു പങ്കുവച്ചാല്‍, നമ്മള്‍ കാണാത്ത വഴികളും പോംവഴികളും അര്‍ത്ഥതലങ്ങളും അവര്‍ കണ്ടേക്കാം. അപ്പോള്‍ ആശ്വസിപ്പിക്കുന്നതില്‍ ഉപരി പ്രശ്‌നപരിഹാരത്തിനുള്ള വഴി അവരിലൂടെ തുറന്നുവെന്നും വരാം.
പ്രിയപ്പെട്ട ഒരു സുഹൃത്തിനോട് കാര്യങ്ങള്‍ പങ്കുവയ്ക്കുകവഴി ആത്മഹത്യയില്‍ നിന്ന് രക്ഷപെട്ട ഏറെപ്പേരുണ്ടല്ലോ നമ്മുടെ നാട്ടില്‍. ദൈവത്തോടുള്ള പങ്കുവയ്ക്കലും ഇതുപോലെത്തന്നെ. ഒരു പ്രാര്‍ത്ഥനാവേളയ്ക്കുശേഷം പുതിയ തീരുമാ നങ്ങളും മനസ്സില്‍ ആശ്വാസവുമായി കടന്നുവരുന്നവരെ നമ്മള്‍ തന്നെ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. തീര്‍ച്ചയായും പ്രാര്‍ത്ഥന ഒരു പരിഹാരമാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്, സംശയങ്ങള്‍ക്ക്, ആകുലതകള്‍ക്ക് ഒക്കെ മറുപടി പ്രാര്‍ത്ഥനയാണ്. ദൈവത്തെ ഭരമേല്‍പ്പിക്കലാണ്.

ജീവിതത്തില്‍ ഇതുവരെ എത്രയോ കാര്യങ്ങളെക്കുറിച്ച് നമ്മള്‍ ആകുലരായിട്ടുണ്ട്.
”അങ്ങനെ സംഭവിക്കുമോ?”
”ഇങ്ങനെ സംഭവിക്കുമോ”
”ഇങ്ങനെപോയാല്‍ എങ്ങനെയാകും?” പക്ഷേ ഇന്ന് പിന്തി രിഞ്ഞു നോക്കുമ്പാള്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നു കാണാം. എല്ലാം ഭംഗിയായിത്തന്നെയാണ് നടന്നത് എന്ന് ആശ്വ സിക്കാം. അതേ നമ്മള്‍ ആകുലപ്പെട്ടതുപോലെ, ഭയന്നതു പോലെ ഒന്നുംതന്നെ നടന്നിട്ടില്ല. എങ്കില്‍ പിന്നെയെന്തിന് ഇപ്പോ ഴും ടെന്‍ഷനായി നടക്കുന്നു.

ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്ന് ഇനിയെങ്കിലും ഉറച്ചു വിശ്വസിക്കുക. ആകുലചിന്തകൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് ദൈവം പറയുന്നുണ്ടല്ലോ,”മാതാവിന്റെ ഉദരത്തില്‍ ഉരുവാകും മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞിരുന്നു” എന്ന്. നമ്മുടെ വഴികള്‍ അവന് നമ്മളെക്കാള്‍ നിശ്ചയമാണ്, അതിനാല്‍ ആകുലതയരുത്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here