ഞായര്‍ പ്രസംഗം – കാനാന്‍കാരി സ്ത്രീ

ഏലിയാ സ്ലീവാ മൂശാക്കാലം – 6-ാം ഞായര്‍  

നിയമാ. 9: 13-24, ഏശയ്യാ 26:1-11, ഫിലി. 4:4-9, മത്തായി 15:21-28

ആരാധാനാക്രമവത്സരത്തില്‍ സ്ലീവായെ കേന്ദ്രമാക്കി യുഗാന്ത്യോന്മുഖമായി ജീവിക്കാന്‍ സഭ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്ന കാലത്ത്, നമ്മുടെ വിചിന്തനത്തിനായി സഭ നല്‍കുന്ന ആദ്യ വചനവായന – നിയമാ. 9:13-24. ഇവിടെ ദൈവം തന്റെ പരിപാലനയില്‍ മോശയുടെ നേതൃത്വത്തില്‍ വാഗ്ദത്തനാട്ടില്‍ പ്രവേശിച്ച ഇസ്രായേല്‍ ജനം എങ്ങനെ ദൈവത്തിന്റെ പരിശുദ്ധിക്ക് ചേര്‍ന്നവിധം ജീവിക്കണമെന്ന് ഉപദേശിക്കുകയാണ്. അനുസരണം അനുഗ്രഹത്തിലേയ്ക്കും, തിരസ്‌ക്കരണം ശിക്ഷയിലേയ്ക്കും നയിക്കും എന്ന് ആവര്‍ത്തിച്ച് പറഞ്ഞുവയ്ക്കുന്നു. പലപ്പോഴായി ദൈവത്തെ മറന്ന് യാത്രചെയ്യുന്ന ഇസ്രായേല്‍ ജനവും ദൈവത്തിന് ബലിയര്‍പ്പിക്കേണ്ട പുരോഹിതരും തിന്മയിലേയ്ക്ക് പോവുകയും മോശയുടെ മാധ്യസ്ഥത്തിന്റെ ശക്തിയാല്‍ രക്ഷ പ്രാപിക്കുകയും ചെയ്യുന്ന രംഗമാണ് നമുക്ക് കാണുവാന്‍ സാധിക്കുക. അശുദ്ധിയും വിശുദ്ധിയും നിശ്ചയിക്കുന്നത് ദൈവമാണ്. ദൈവത്തോട് ചേര്‍ന്ന് ജീവിക്കുമ്പോള്‍ വിശുദ്ധിയിലും, ദൈവത്തില്‍ നിന്ന് അകലുമ്പോള്‍ അശുദ്ധിയിലും ജീവിക്കുന്നു. ദൈവത്തോട് ചേര്‍ന്നു ജീവിച്ച് വിശുദ്ധിയും രക്ഷയും നേടുവാന്‍ നിയമാവര്‍ത്തന പുസ്തകം ആഹ്വാനം ചെയ്യുന്നു.

രണ്ടാമത്തെ വായനയില്‍ ഇസ്രായേല്‍ ജനം നീതിനിഷ്ഠമായി ജീവിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഏശയ്യാപ്രവാചകന്‍ പറയുന്നു. ഇസ്രായേലിന്റെ സംരക്ഷകനായ യേശു തന്നെയാണ് ജനത്തിന് ശാന്തിയും സമാധാനവും നല്‍കുന്നതെന്ന് ജനത്തെ ഓര്‍മ്മപ്പെടുത്തുന്നു. അതിനാല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍, ദൈവത്തെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് പ്രവാചകരിലൂടെ ദൈവം പറയുന്നു.

പലതരത്തില്‍ ഭിന്നതയിലായിരുന്ന ഫിലിപ്പിയായിലെ സഭാസമൂഹത്തോട് ഏകമനസ്സോടെ വ്യാപരിക്കുവാന്‍ പൗലോസ്ശ്ലീഹാ ആഹ്വാനം ചെയ്യുന്നതാണ് മൂന്നാമത്തെ വായന. ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ പരിഹരിച്ച് പരസ്പര സ്‌നേഹത്തോടും ഏകമനസ്സോടും പ്രാര്‍ത്ഥനയോടും കൂടെ ആയിരിക്കാനും എപ്പോഴും കര്‍ത്താവില്‍ ആനന്ദിക്കുവാനും പൗലോസ്ശ്ലീഹാ ലേഖനത്തിലൂടെ നമ്മോട് പറഞ്ഞുവയ്ക്കുന്നു.

ദൈവിക വെളിപാടുകളും രക്ഷയും തങ്ങളുടെ മാത്രം കുത്തകയാണെന്ന് വിശ്വസിച്ചിരുന്ന യഹൂദരുടെ പശ്ചാത്തലത്തിലാണ് കാനാന്‍കാരിയുടെ ആഗ്രഹം നിറവേറ്റി അവളുടെ പുത്രിയെ സുഖപ്പെടുത്തുക എന്ന കര്‍മ്മം യേശു ചെയ്തത്. യേശു എല്ലാവര്‍ക്കും ഒരുപോലെ രക്ഷ നല്‍കുന്ന കാഴ്ച്ചയാണ് അവിടെ. യഹൂദനെന്നോ വിജാതീയനെന്നോ നോക്കുന്നില്ല. ആന്തരികവും ബാഹ്യവുമായ വിശുദ്ധിയെക്കുറച്ചുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് മത്തായി സുവിശേഷകന്‍ കാനാന്‍കാരിയെ അവതരിപ്പിക്കുക. യഹൂദരും വിജാതീയരുമെല്ലാം ഒരുപോലെ ദൈവത്തിന്റെ വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു.

മത്തായിയുടെ സുവിശേഷത്തില്‍ യേശു യഹൂദരുടെ അതിര്‍ത്തിക്ക് പുറത്ത് ആദ്യമായി ചെയ്യുന്ന സംഭവമാണിത്. ടയിര്‍സീദോന്‍ പ്രദേശത്ത് എത്തിയപ്പോള്‍ വിജാതീയയായ കാനാന്‍കാരി തന്റെ പുത്രിയെ ബാധിച്ചിരിക്കുന്ന അശുദ്ധാത്മാവില്‍ നിന്ന് സുഖപ്പെടുത്തണമെന്ന അപേക്ഷയുമായാണ് യേശുവിന്റെ അടുത്തേക്ക് കടന്നു വരിക. എന്നാല്‍ ഈശോ അവളോട് ഒരു നിസ്സംഗമനോഭാവമാണ് പുലര്‍ത്തുക. ശിഷ്യന്മാര്‍ അവള്‍ക്കു വേണ്ടി ഈശോയോട് സംസാരിക്കുന്നെങ്കിലും, അവരുടെ വാക്കുകള്‍ക്ക്  ഈശോ ചെവി കൊടുക്കുന്നില്ല. എന്നാല്‍ അവസാന ഭാഗത്തെത്തുമ്പോള്‍ അവളുടെ വിശ്വാസത്തെ പ്രശംസിക്കുകയും മകളെ സുഖപ്പെടുത്തുകയും ചെയ്യുന്നു. തന്റെ മകളുടെ സൗഖ്യത്തിന് വേണ്ടിയുള്ള ആ അമ്മയുടെ യാചനയില്‍ നാല് കാര്യങ്ങള്‍ കാണുവാന്‍ കഴിയും.

ഒന്നാമതായി രക്ഷകനെ തിരിച്ചറിയുക എന്നതാണ്. ദാവീദിന്റെ വംശത്തില്‍ നിന്ന് തങ്ങള്‍ക്കായി ഒരു രക്ഷകന്‍ വരുമെന്ന് ഉറച്ച്, വിശ്വസിച്ച് പ്രതീക്ഷിച്ചിരുന്ന യഹൂദര്‍ക്ക് തങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട രക്ഷകനെ തിരിച്ചറിയുവാന്‍ കഴിയാതെ പോകുന്നു. എന്നാല്‍ വിജാതീയ സ്ത്രീ ഈശോയെ അഭിസംബോധന ചെയ്യുന്നത് പോലും ‘ദാവീദിന്റെ പുത്രാ’ എന്നാണ്. കാനാന്‍കാരി ഈശോ ആരെന്ന് തിരിച്ചറിയുകയും അവനാണ് ലോകത്തിന് രക്ഷ നല്‍കാന്‍ വന്നിരിക്കുന്നതെന്നും, അവന് തന്റെ മകളെ സുഖപ്പെടുത്താനാകും എന്ന ബോധ്യവും ഉണ്ടായിരുന്നു.

രണ്ടാമതായി നമുക്ക് കാണുവാന്‍ സാധിക്കുക അവളിലുണ്ടായിരുന്ന ഉറച്ച വിശ്വാസമാണ്. നമുക്ക് ഒരാളില്‍ എത്രമാത്രം വിശ്വാസമുണ്ടോ അത്രമാത്രം അനുഗ്രഹം അവനില്‍ നിന്ന് സ്വന്തമാക്കുവാന്‍ സാധിക്കും എന്നതിന്റെ ഉത്തമ തെളിവാണ് കാനാന്‍കാരി സ്ത്രീ. ഈശോ പല ന്യായങ്ങളും പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്നതായി വചനത്തില്‍ കാണുവാന്‍ സാധിക്കും. എന്നാല്‍ ഈശോയെപ്പോലും അത്ഭുതപ്പെടുത്തുന്ന അവളുടെ വിശ്വാസം അവള്‍ക്ക് അനുഗ്രഹമായിത്തീരുന്നു. വിശ്വസിച്ചാല്‍ എത്ര വലിയ പ്രതിസന്ധിയെയും തരണം ചെയ്യാനും അനുഗ്രഹം പ്രാപിക്കാനും സാധിക്കും എന്ന് ഈ വചനഭാഗം കാണിച്ചുതരുന്നു. ഈശോ തന്നെ പറയുന്നുണ്ട് ‘നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറി കടലില്‍ പതിക്കാന്‍ പറഞ്ഞാല്‍ അത് സംഭവിക്കും’ എന്ന്.

മൂന്നാമതായി കാണുവാന്‍ കഴിയുക നിരന്തരം പ്രാര്‍ത്ഥിക്കുക എന്നതാണ്. അവള്‍ ഈശോയ്ക്ക് മുമ്പില്‍ ഒന്നോ രണ്ടോ തവണയല്ല തന്റെ മകളെ സുഖപ്പെടുത്തണമേ എന്ന് യാചിച്ചത് പല തവണയാണ്. അതുകൊണ്ടാണ് ശല്യം മാറട്ടെ എന്ന രീതിയില്‍ ശിഷ്യന്മാര്‍ പോലും ഇടപെടുന്നത്. മടുപ്പ് തോന്നാതെ തന്റെ മുമ്പില്‍ വിളിച്ചപേക്ഷിക്കുന്നവരുടെ നേരെ ചെവിയടയ്ക്കാന്‍ ദൈവത്തിന് സാധിക്കില്ല എന്നതിന്റെ വ്യക്തമായ ഒരുദാഹരണമാണ് കാനാന്‍കാരിയുടെ സംഭവം. ന്യായാധിപന്റെ മുമ്പില്‍ നീതിക്കായി വരുന്ന ഒരു വിധവയുടെ ഉപമ ഈശോ തന്നെ പറയുന്നുണ്ട്. അവളുടെ ശല്യം സഹിക്കാനാവാതെ ന്യായാധിപന്‍ ന്യായം നടത്തിക്കൊടുക്കുന്നു. അതുപോലെ, തന്നെ വിളിച്ച് കരയുന്നവര്‍ക്ക് അനുഗ്രഹം കൊടുക്കാതിരിക്കാന്‍ ദൈവത്തിന് കഴിയില്ല എന്ന് കാനാന്‍കാരിയുടെ മകളെ സുഖപ്പെടുത്തുന്നതു കൊണ്ട് ഈശോ തെളിയിക്കുന്നു. ചോദിക്കുന്നവന് മാത്രമേ ലഭിക്കൂ അന്വേഷിക്കുന്നവന്‍ മാത്രമേ കണ്ടെത്തൂ. മുട്ടുന്നവന് മാത്രമേ തുറന്ന് കിട്ടൂ.

നാലാമതായി കാണുവാന്‍ കഴിയുക മാദ്ധ്യസ്ഥത്തിന്റെ ശക്തിയാണ്. കാനാന്‍കാരി സ്ത്രീ കരഞ്ഞ് പ്രാര്‍ത്ഥിച്ചത് അവള്‍ക്കു വേണ്ടിയല്ല മറിച്ച് അവളുടെ മകളുടെ സൗഖ്യത്തിനു വേണ്ടിയാണ്. അവളുടെ വിശ്വാസവും മാദ്ധ്യസ്ഥവും അവളുടെ മകള്‍ക്ക് സൗഖ്യത്തിന് വഴിയൊരുക്കി. ഇതിന് സമാനമായ ഒരു ഉദാഹരണം നമുക്ക് വി. അഗസ്റ്റിന്റെ ജീവിതത്തില്‍ കാണുവാന്‍ സാധിക്കും. മോനിക്കാ പുണ്യവതി തന്റെ മകന്റെ മാനസാന്തരത്തിനായി കരഞ്ഞ് പ്രാര്‍ത്ഥിച്ചപ്പോള്‍ അത് അഗസ്റ്റിന്റെ മാനസാന്തരത്തിനു കാരണമായി. അതുപോലെ പലരും മറ്റുള്ളവരുടെ മാദ്ധ്യസ്ഥത്തിന്റെ ശക്തിയാല്‍ അനുഗ്രഹിക്കപ്പെടുന്നത് കാണുവാന്‍ കഴിയും. ഒന്നാം വായനയില്‍ നാം കാണുകയുണ്ടായത് ഇതു തന്നെയാണ്. ഇസ്രായേലിന് വേണ്ടി മാദ്ധ്യസ്ഥം വഹിച്ച മോശ.

ദൈവത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ദൈവത്തിന്റെ വിശുദ്ധിയോടാണ് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് നിയമാവര്‍ത്തനം നമുക്ക് പറഞ്ഞു തരുമ്പോള്‍ പ്രവാചകന്‍ പറഞ്ഞുതരിക, ദൈവത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ശാന്തിയും സമാധാനവും ലഭിക്കും എന്നാണ്. പൗലോസ്ശ്ലീഹാ ഓര്‍മ്മപ്പെടുത്തുന്നതും ഇതു തന്നെയാണ്. ദൈവത്തോട് ചേര്‍ന്ന് പരസ്പരം സ്‌നേഹത്തിലും ഐക്യത്തിലും വളരുവാന്‍. സുവിശേഷം ഇതിന്റെ എല്ലാം പൂര്‍ത്തീകരണം കാനാന്‍കാരി സ്ത്രീയിലൂടെ വരച്ച് കാട്ടുന്നു. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാനും  അനുഗ്രഹം നേടാനും നമുക്ക് പ്രാര്‍ത്ഥിക്കാം.

ബ്ര. ജോസഫ് കൊല്ലംപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ