എപ്പിഫനി തിരുന്നാൾ വിചിന്തനം

കാര്‍മല്‍ ജേക്കബ്

മൂന്ന് ജ്ഞാനികളും ആട്ടിടയന്മാരും ക്രൈസ്തവരെ പഠിപ്പിക്കുന്ന പാഠം
ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഹാരി പോര്‍ട്ടര്‍ നോവല്‍ ഇത്രയധികമായി വായിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയുണ്ടായി. അതിന് കുട്ടികള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അടുത്തതെന്താണ് നടക്കാന്‍ പോവുന്നതെന്ന ആകാംക്ഷയാണ് ഞങ്ങളെ അത് വായിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്. ഇതേ ആകാംക്ഷയാണ് യൂദയായിലെ ബെത്‌ലഹേമില്‍ ജനിച്ച ഈശോയെ കാണാന്‍ പൗരസ്ത്യ ദേശത്ത് നിന്ന് പുറപ്പെട്ട മൂന്ന് ജ്ഞാനികള്‍ക്കുമുണ്ടായിരുന്നത്. ഏത് വഴിക്കാണ് തങ്ങളെ നയിക്കുന്ന ആത്മാവ് കൊണ്ടുപോവുക എന്ന സംശയം.

സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം ഭൗമശാസ്ത്രഞ്ജര്‍ കൂടുയായിരുന്ന ആ മൂന്ന് ജ്ഞാനികള്‍ തങ്ങളുടെ സ്വന്തം ദേശംപോലും വിട്ട് ഒരു അത്ഭുത ശിശുവിനെ അന്വേഷിച്ച്, അതിക്രൂരനായ ഹേറോദോസ് ഭരിക്കുന്ന ദേശത്തേയ്ക്ക് ഇറങ്ങിപുറപ്പെട്ടത് തന്നെ മണ്ടത്തരമായിരുന്നു. എന്നാല്‍ അവരുടെ വിശ്വാസവും ആകാംക്ഷയും സാഹസ മനോഭാവവും അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. മാത്രവുമല്ല, പ്രപഞ്ചത്തിന്റെ ആ വലിയ രഹസ്യം, ദൈവത്തിന് മനുഷ്യനോടുള്ള ആ വലിയ സ്‌നേഹത്തിന്റെ രഹസ്യം തേടി അവര്‍ യാത്ര തിരിക്കുകയാണുണ്ടായത്. കാരണം, അവര്‍ കണ്ടെത്തിയ ആ കുഞ്ഞ് സാധാരണക്കാരനായിരുന്നില്ല. മറിച്ച് ദൈവത്തിന്റെ സ്വന്തം പുത്രന്‍ മനുഷ്യനായി പിറവിയെടുത്തതായിരുന്നു അത്. മുമ്പ് സൂചിപ്പിച്ച സ്‌കൂള്‍ കുട്ടികള്‍ക്കും ഈശോയെ കാണാന്‍ ഇറങ്ങിത്തിരിച്ച ജ്ഞാനികള്‍ക്കും ഉണ്ടായിരുന്ന ഉത്സാഹവും ആകാംക്ഷയും ഉണ്ടെങ്കില്‍മാത്രമേ ദൈവദര്‍ശനം നമുക്കും സാധ്യമാവുകയുള്ളു.

ജ്ഞാനികള്‍ ശരിക്കും രാജാക്കന്മാരായിരുന്നില്ല. ദര്‍ശനങ്ങളും സ്വപ്‌നങ്ങളും നക്ഷത്രങ്ങളുടെ പ്രത്യക്ഷീകരണങ്ങളും വ്യാഖ്യാനിച്ചിരുന്നവരായിരുന്നു അവര്‍. ആറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ പാരമ്പര്യമനുസരിച്ച് കാസ്‌പെര്‍, ബാല്‍ത്തസര്‍, മെല്‍ക്കിയോര്‍ എന്നിവരാണ് ഉണ്ണിയേശുവിനെ തേടി പുറപ്പെട്ടത്. വി. മത്തായിയുടെ സുവിശേഷമനുസരിച്ച്, പൊന്നും മീറയും കുന്തിരിക്കവും അവര്‍ കാഴ്ചയായി കൊണ്ടുവരികയും ചെയ്തു. മൂന്ന് പേരും മൂന്ന് വംശത്തിലും കുലത്തിലും പെട്ടവരായാണ് പലയിടത്തും ചിത്രീകരിക്കപ്പെട്ടിട്ടുള്ളതും. പേര്‍ഷ്യയിലോ ബാബിലോണിയയിലോ നിന്നുള്ളവരായിരിക്കാം അവരെന്നാണ് കരുതപ്പെടുന്നതും.

നക്ഷത്രം
അബ്രാഹം, ഇസഹാക്ക്, മോശ എന്നിവരുടെയെല്ലാം ജനനവേളയില്‍ നക്ഷത്രത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ യാക്കോബില്‍ നിന്ന് ഒരു നക്ഷത്രം ഉദിക്കും എന്ന് സംഖ്യയുടെ പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ വി. മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ദൈവത്തിന്റെ അടയാളം തന്നെയാണ് നക്ഷത്രം എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

കാഴ്ച (പൊന്നും മീറയും കുന്തിരിക്കവും)
പൊന്നും മീറയും കുന്തിരക്കവും ഒരുതരത്തില്‍ ഈശോയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. സ്വര്‍ണ്ണം രാജാക്കന്മാര്‍ക്കുള്ള സമ്മാനം. കുന്തിരിക്കം ദൈവത്തിന് ആരാധനയുടെ സമയത്ത് അര്‍പ്പിക്കുന്നത്. മീറ, ഒരുതരം ഔഷധവും, ശവസംസ്‌കാരവേളയില്‍ ഉപയോഗിക്കുന്ന തൈലവും. അങ്ങനെ വരുമ്പോള്‍ മൂന്നിനും ഈശോയുടെ ജീവിതവുമായി ബന്ധമുണ്ട്. അവ മൂന്നും വലിയ വിലപിടിപ്പുള്ളവയായിരുന്നു. സാധാരണക്കാരായിരുന്ന തിരുക്കുടുംബത്തിന്റെ ഈജിപ്തിലേയ്ക്കുള്ള യാത്രാ ചെലവിനായി കുടുംബനാഥനായ ജോസഫ് അവ വിറ്റിരിക്കാമെന്നും ദൈവം ഇതെല്ലാം മുന്‍കൂട്ടി കണ്ട് അവര്‍ക്ക് സമ്മാനിച്ചതാകാമെന്നുമാണ് ദൈവശാസ്ത്ര പണ്ഡിതര്‍ അനുമാനിക്കുന്നത്.

യേശുവിലേയ്ക്കുള്ള യാത്ര
യേശുവിനെതേടിയുള്ള നമ്മുടെ ജീവിതയാത്രയെയും ജ്ഞാനികളുടെ യാത്രയോട് ചേര്‍ത്ത് വായിക്കാനാവും. കാരണം, യേശുവിലേയ്ക്കുള്ള യാത്രയിലായിരുന്നു അവര്‍. ആ യാത്രയില്‍ നാം നേരിടേണ്ടി വരുന്ന തിന്മകളുടെ പ്രതീകമായിരുന്നു ഹേറോദോസ് രാജാവ്.

യേശുവിനെ സ്വീകരിച്ച സംഘം
ആട്ടിടയന്മാരും ജ്ഞാനികളുമാണ് ഈ സംഘത്തിലുള്ളത്. തങ്ങളുടെ എളിയ കാഴ്ചകള്‍ അവര്‍ പൂല്‍ക്കൂട്ടിലെ യേശുവിന് സമര്‍പ്പിക്കുകയുണ്ടായി. സ്‌നേഹവും ആനന്ദക്കണ്ണീരും ചിലപ്പോള്‍ കമ്പിളി വസ്ത്രങ്ങളും ആടുകളുടെ പാലുമൊക്കെയാവാം ആട്ടിയടയര്‍ സമ്മാനിച്ചിരിക്കുക. അതേ അവര്‍ക്കുണ്ടായിരുന്നുള്ളു. ജ്ഞാനികളാവട്ടെ അവര്‍ക്ക് സാധ്യമായവയും നല്‍കി. എന്നാല്‍ ഇരുകൂട്ടരും ചെയ്തത് തങ്ങള്‍ക്ക് കിട്ടിയ സ്വര്‍ഗ്ഗീയ സന്ദേശത്തെ പിന്തുടര്‍ന്നു എന്നതാണ്. ഇതാണ് ഓരോ ക്രൈസ്തവനും പാഠമാക്കേണ്ടത്. സ്വര്‍ഗ്ഗീയ സന്ദേശം പിന്തുടരുക, ഇല്ലായ്മകളും ഉള്ളവയുമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുക…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here