കുട്ടികള്‍ പാചകക്കാരായപ്പോള്‍ ഇടവക വലിയ അടുക്കളയായി

വിദ്യാർത്ഥികൾക്കായി വ്യത്യസ്തമായ വിശ്വാസോത്സവമാണ് കോവളം തിരുവല്ലം സേക്രഡ്  ഹാർട്ട് ദേവാലയം ഒരുക്കിയിരുന്നത്. കളിയും ചിരിയും പ്രാർത്ഥയും ഒപ്പം ചില പഴയകാല ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോക്കും ചേർന്ന രസകരമായ ഒരു അനുഭവമായിരുന്നു അവർക്കു വിശ്വാസോത്സവം. വിശ്വാസോത്സവം – അത് എപ്പോഴും കളർഫുള്ളാണ്. തിരുവല്ലം ഇടവകയെ കൂടുതൽ മനോഹരമാക്കിയത് അവിടെ നടന്ന വ്യത്യസ്തമായ ഒരു പരിപാടിയാണ്. അത് വേറൊന്നുമല്ല ‘കുട്ടി പാചക മത്സര’മാണ്.

വ്യത്യസ്തമായ ഈ പരിപാടിയെക്കുറിച്ചു ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ് ഇടവക വികാരിയായ ഫാ. ജിബിൻ കീഴപ്ലാക്കൽ.

പാചകമത്സരം  എന്ന ആശയം  

തിരുവല്ലം ഇടവക മറ്റു ഇടവകളിൽ നിന്നെല്ലാം വ്യത്യസ്ഥമായത് അവിടുത്തെ വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ടാണ്. ഈ വിശ്വാസോത്സവത്തിന് ഏറ്റവും ശ്രദ്ധ ആകർഷിച്ചത് കുട്ടികൾക്കായുള്ള പാചകമത്സരം ആണ്. കുട്ടികൾക്കായി ഒരു പാചക മത്സരം… കേട്ടപ്പോൾ ആദ്യം എല്ലാവർക്കും അത്ഭുതം. പിന്നീട് ആ അത്ഭുതം ആശങ്കയായി മാറി. കുട്ടികളുടെ പാചക മത്സരം അത് വിജയിക്കുമോ? സംശയമായി നിന്നവരുടെ മുന്നിൽ വിജയിക്കും എന്ന ഉറപ്പുകൊടുത്തു വിജയിച്ചു കാണിച്ചു കൊടുത്തത് കീഴപ്ലാക്കലച്ചനാണ്.

കുട്ടികൾക്കായി പാചക മത്സരം എന്ന ആശയം മുന്നോട്ട് വെച്ചതിനു പിന്നിൽ അച്ചന് പല ഉദ്ദേശങ്ങളുണ്ടായിരുന്നു. ഒന്നു പഴയ രീതിയിൽ അടുപ്പു കൂട്ടി അതിൽ വിറകുവെച്ചു തീകൊളുത്തി ഭക്ഷണം പാകം ചെയ്യുന്നത് കുട്ടികൾക്ക് പരിചയപ്പെടുത്തുക. മറ്റൊന്ന് അവരുടെ ഇടയിലെ തന്നെ ഐക്യത്തെ കുറച്ചൂടെ ബലപ്പെടുത്തുക. ആ ഉദ്ദേശങ്ങളിലെ നന്മയും വീക്ഷണവും തിരിച്ചറിഞ്ഞ മതാധ്യാപരും കുട്ടികളും ഒറ്റകെട്ടായി നിന്ന് ആ ആശയത്തെ വിജയിപ്പിച്ചു. മത്സരത്തിന് രണ്ടു മൂന്നു നിബന്ധനകളായിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത്തേത് പ്രധാന അടുപ്പ് വിറകടുപ്പായിരിക്കണം. രണ്ടാമത്തേത്ത് സാധനങ്ങൾ ഉണ്ടാക്കുന്നതിനു 1500 രൂപ മാത്രമേ ചിലവിടുവാൻ പറ്റുകയുള്ളു. അതിൽ 750 രൂപ പള്ളിയിൽ നിന്നും 750 രൂപ കുട്ടികളുടെ ഗ്രൂപ്പിൽ നിന്നും എടുക്കും. മൂന്നാമത്തേത് രണ്ടു മണിക്കൂറിനുള്ളിൽ പാചകം അവസാനിപ്പിച്ച് വിഭവമാക്കി വയ്ക്കണം.

ആവേശം വിതറി പാചകമത്സരം 

നാല് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പാചകമത്സരം. ഓരോ ഗ്രൂപ്പിലും മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു.  മത്സരത്തിന് അടുപ്പു കൂട്ടാനുള്ള  കല്ലുകൾ പള്ളിയിൽ നിന്ന് ഇട്ടുകൊടുത്തിരുന്നു. ബാക്കി എല്ലാം കുട്ടികൾ തുടങ്ങേണ്ടിയിരുന്നു. പല വിഭാഗങ്ങളായി തിരിഞ്ഞു അവർ പാചക മത്സരം ആരംഭിച്ചു. അടുത്തുള്ള പറമ്പുകളിൽ നിന്നും ചുള്ളി വിറകുപെറുക്കാൻ ഒരു കൂട്ടർ പോയപ്പോൾ മറ്റൊരു കൂട്ടർ സാധനങ്ങൾ റെഡിയാക്കുന്ന തിരക്കിലായിരുന്നു. കുട്ടികളുടെ ആവേശം ഗ്രൂപ്പിന്റെ ചാർജുള്ള മതാധ്യാപരെ കൂടി ഉഷാറാക്കി എന്നുവേണം പറയാൻ. അവരും ഒപ്പം ചേർന്നു.

ചുള്ളികള്‍ പെറുക്കി, അടുപ്പിൽ വിറകുവെച്ച്, തീ ഊതി പിടിപ്പിച്ചു, കലം വെച്ച് ആഹാരം തയാറാക്കിയ കുട്ടികളിൽ ഒരു സംതൃപ്തി. കണ്ടുനിന്നവരിൽ ഇത്രേം വലിയ സംഭവം ആണല്ലേ എന്ന ആശ്ചര്യം! മറ്റുള്ളവർ അരിയുന്നതിന്റെയും തേങ്ങാ ചിരണ്ടുന്നതിന്റെയും തിരക്കിൽ മുഴുകി. ചുരുക്കത്തിൽ ഒരു കുട്ടി പോലും വെറുതെ ഇരിക്കുന്നതായി കാണാൻ കഴിഞ്ഞില്ല. അങ്ങനെ രണ്ടു മണിക്കൂര് കൊണ്ട് അവർ 12  വിഭവങ്ങൾ വരെയാണ് തയ്യാറാക്കിയത്. എല്ലാം കഴിഞ്ഞപ്പോൾ അവർക്കു തന്നെ അത്ഭുതം. അവർ തന്നെയാണോ ഇതു ചെയ്തതെന്ന്. കുട്ടികൾ അവർ ഉണ്ടാക്കിയ ഭക്ഷണം അതു കാണാൻ എത്തിയ മാതാപിതാക്കൾക്കും മറ്റുള്ളവർക്കും നൽകി.

ചുരുക്കത്തിൽ ഈ മത്സരം അവരുടെ ഇടയിലെ ഐക്യത്തെ മാത്രമല്ല  അവരുടെ ആത്മവിശ്വാസത്തെ കൂടി വർധിപ്പിച്ചു.

വ്യത്യസ്തങ്ങളായ മത്സരങ്ങൾ 

പാചകമത്സരങ്ങൾ മാത്രം ആയിരുന്നില്ല വിശ്വാസോത്സവത്തെ വ്യത്യസ്‍തമാക്കിയത്. വ്യത്യാസങ്ങളായ നിരവധി മത്സരങ്ങൾ ഉണ്ടായിരുന്നു. ടാലെന്റ്റ് ഹണ്ട്, ക്വിസ്, മീഡിയ ഇവാല്യൂവേഷൻ അങ്ങനെ നിരവധി മത്സരങ്ങൾ.

കുട്ടികൾക്കുള്ളിലെ കഴിവുകളെ തിരിച്ചറിയുന്നതിനായി നടത്തിയ മത്സരം ആയിരുന്നു ടാലെന്റ്റ് ഹണ്ട്. റിയാലിറ്റി ഷോ പോലെ ഉള്ള ഒരു മത്സരം ആയിരുന്നു ഇത്. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മത്സരം നടത്തിയത്. എല്ലാ കഴിവുകളും പ്രദർശിപ്പിക്കാൻ ഉള്ള വേദി ആയിരുന്നു ഇത്. ഒരു പ്രത്യേക മേഖലയിൽ മാത്രം  കഴിവുള്ളവര്‍ ആയിരുന്നില്ല, ഏതു മേഖലയിലാണോ കഴിവ് അത് കുട്ടികൾക്ക് പ്രദർശിപ്പിക്കാമായിരുന്നു.  വിവിധ റൗണ്ടുകളിലായിട്ടാണ് മത്സരം നടത്തിയത്. ഓരോ റൗണ്ടിലും എലിമിനേഷൻ ഉണ്ടായിരുന്നു. അവസാനം വിവിധ കഴിവുകൾ ഉള്ള ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും വിജയിയായി പ്രഖ്യാപിച്ചു. കുട്ടികൾക്കുള്ളിലെ ഉറങ്ങി കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരികയാണ് ഈ ടാലെന്റ്റ് ഷോ കൊണ്ട് ലക്‌ഷ്യം വെച്ചത്.

നമസ്‍കാരങ്ങൾ കൊണ്ടുള്ള ക്വിസ് മത്സരം ആയിരുന്നു മറ്റൊന്ന്. പഴയകാലത്തെ 33 കൂട്ടം നമസ്കാരങ്ങൾ എല്ലാ കുട്ടികളും പഠിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയതാണ് ക്വിസ് മത്സരം. ഇന്നത്തെ കുട്ടികൾക്കിടയിൽ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് പഴയകാല 33 കൂട്ടം നമസ്കാരങ്ങൾ. അത് ഇന്നത്തെ തലമുറയിൽ എത്തിക്കുക അതായിരുന്നു ഈ മത്സരം കൊണ്ട് ഉദേശിച്ചത്. എല്ലാ ക്ലാസിലും മത്സരങ്ങൾ നടത്തി, അതിൽ വിജയിക്കുന്നവർക്ക് നമസ്കാരവും സഭാവിവരങ്ങളും ഉൾപ്പെടുത്തി വലിയ ക്വിസ് മത്സരം നടത്തുന്നു.

വ്യത്യസ്തങ്ങൾ ആയ പ്രോഗ്രാമുകൾ കൊണ്ട് പത്തു ദിവസം കുട്ടികൾക്ക് ഒരു ഉത്സവം ആയിരുന്നു. കൂടുതൽ പഠിക്കാനും ചിന്തിക്കാനും ദൈവത്തെ അറിയാനും പ്രാർത്ഥിക്കാനും ഉള്ള ഒരു അവസരം ആയിരുന്നു ഈ വിശ്വസോത്സവം. വിശ്വസോത്സവത്തിന്റെ അവസാന ദിവസം എല്ലാകുട്ടികളുമായി വാർക്കല ബീച്ചിലേക്ക് വിനോദ യാത്ര നടത്തുകയും ചെയ്തു. വിശ്വസോത്സവത്തിനു  ഒരു മാതൃകയാണ് തിരുവല്ലം ഇടവക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here