ദുരിതാശ്വാസത്തിനു ദേവാലയങ്ങളും സ്ഥാപനങ്ങളും വിട്ടുനല്‍കണം: മാര്‍ മനത്തോടത്ത്

കൊച്ചി: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ ആവശ്യമുള്ളിടത്തു ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും തുറന്നുകൊടുക്കാന്‍ ശ്രദ്ധിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു വിശ്വാസി സമൂഹം പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം അസാധാരണമായ ദുരന്തസാഹചര്യമാണുള്ളത്. വിവിധ ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിന്‍റെയും മറ്റു നദികളുടെയും തീരങ്ങളിലുള്ളവര്‍ ആശങ്കയിലാണ്. ജനജീവിതത്തിനും കൃഷികള്‍ക്കും മഴക്കെടുതി നാശം വിതയ്ക്കുന്നുണ്ട്. മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു.
മഴക്കെടുതി നേരിടുന്നതിനു സര്‍ക്കാരിന്‍റെ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കാനും ഏവരും ശ്രദ്ധിക്കണം. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ ഇടവകകളും സ്ഥാപനങ്ങളും വിശ്വാസിസമൂഹവും സന്നദ്ധരായി മുന്നിട്ടിറങ്ങണം. അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും മറ്റു പ്രസ്ഥാനങ്ങളും ഇടവകകളും ഇതിനകം ദുരിത മേഖലകളില്‍ സഹായങ്ങളെത്തിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണം. ദുരിതങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെ ആശ്വാസത്തിനും രക്ഷാപ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുമായി പ്രാര്‍ഥിക്കണമെന്നും ബിഷപ് മാര്‍ മനത്തോടത്ത് ഓര്‍മിപ്പിച്ചു.

ഫാ. പോള്‍ കരേടന്‍
പിആര്‍ഒ, എറണാകുളം-അങ്കമാലി അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply