നനഞ്ഞു വിറച്ചും നിറഞ്ഞ് ഒഴുകിയും കേരളം   

സങ്കടം വരുമ്പോള്‍ അതങ്ങ് കരഞ്ഞു തീര്‍ക്കണം എന്ന പഴമൊഴിയാണ് കാതില്‍ മുഴങ്ങുന്നത്. മഴ, പ്രകൃതിയുടെ കരച്ചില്‍ ആണെന്നാണ് പറയുന്നത്. പക്ഷേ, ഒടുവില്‍ ഇപ്പോള്‍ കരയുന്നത് നമ്മള്‍ മനുഷ്യരാണ്.

കഴിഞ്ഞ മാസം ദിവസങ്ങളോളം നിര്‍ത്താതെ പെയ്ത മഴയില്‍ മധ്യ കേരളം മുങ്ങിയപ്പോള്‍, കോട്ടയം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ജനജീവിതം തന്നെ തകിടം മറിഞ്ഞു. ദിവസങ്ങളോളം അരയൊപ്പം വെള്ളത്തില്‍ കിടന്നവരുടേയും കിടക്കാനുള്ള കൂരയും ഇത്തിരി സമ്പാദ്യവും  ജീവനും നഷ്ട്ടപ്പെട്ടവരുടേയും സംഖ്യ ചെറുതായിരുന്നില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട അവര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും ലഭിക്കാത്ത അവസ്ഥ. ആ ദുരിതം വിട്ടു മാറും മുമ്പാണ് വേദനയുടെ ആക്കം കൂട്ടി മണ്ണിടിച്ചിലും ഉരുള്‍പോട്ടലുമായി കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ പ്രകൃതി വേട്ടയാടിയത്.

കനത്ത മഴ എന്ന് പറയുമ്പോഴ് അഞ്ചു വര്‍ഷത്തിനിടെ പെയ്ത ഏറ്റവും വലിയ മഴയാണെന്ന് കൂടി ഓര്‍ക്കണം. അതിനു തൊട്ടു പിന്നാലെ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതും വലിയ വെല്ലുവിളിയായി.

കണ്ണൂരില്‍ കലി കോലങ്ങള്‍ ഒലിച്ചിറങ്ങിയപ്പോള്‍

ചുവന്ന ഉടലും, വിറയാര്‍ന്ന കൈകാലുകളും പുറത്തേക്ക തള്ളി നില്‍ക്കുന്ന കണ്ണും! കണ്ണൂരിന്റെ കലി പൂണ്ട തെയ്യക്കോലങ്ങളെ പോലെ കലി പൂണ്ടു ആടുകയാണ് പേമാരി.

മഴ കനത്തതോട് കൂടി കണ്ണൂരിന്റെ ചോര വീണ രാഷ്ട്രീയ കളം പോലെയായി മാറി നാടും. വളപട്ടണം നദിയിലെ ജല നിരപ്പ് കൂടിയതോടെ ഇരുട്ടി താലൂക്കിലെ അയ്യാന്‍കുന്ന്, അരളം വില്ലേജുകളുടെ അവസ്ഥ പരിതാപകരമായി. വാണിയംപാറ, അരളം പ്രദേശങ്ങളിലെ ഉരുള്‍ പൊട്ടലുകള്‍ 100 – കണക്കിന് വീടുകളെ വെള്ളത്തിലാക്കി. അനേകര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവിലെ കണക്കുകള്‍ പ്രകാരം രണ്ടു പേരാണ് ഇവിടെ മരിച്ചത്.

ഇരിട്ടി പുഴ കര കവിഞ്ഞു ഒഴുകിയതോടെ കാര്യങ്ങള്‍ കുറച്ചുകൂടി മോശമായി. പുഴയോട് ചേര്‍ന്നാണ് ഇരുട്ടി ടൌണ്‍ സ്ഥിതി ചെയ്യുന്നത്. പുഴ കരകവിഞ്ഞതോടെ ഇരുട്ടി ടൌണിലെ കടകമ്പോളങ്ങളും വ്യവസായ സ്ഥാപനങ്ങളും, വീടുകളും വെള്ളത്തിനടിയിലായി. കുപ്പം നദി കരകവിഞ്ഞതോടെ തളിപ്പറമ്പിലെ ചപ്പാരപ്പടവും ദുരിതത്തിലമര്‍ന്നു. പഴശി ഡാമിലെ ജല നിരപ്പ് കൂടിയപ്പോള്‍ ഷട്ടറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും, ശ്രമം വിഫലമായി. ഷട്ടറുകള്‍ തുറക്കാന്‍ കഴിയാത്ത തരത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍, കവിഞ്ഞു ഒഴുകുന്നത് കണ്ടു നില്ക്കാന്‍ അല്ലാതെ മറ്റൊന്നിനുമായില്ല. പഴശി കര കവിഞ്ഞത് സമീപത്തു വലിയ തോതിലുള്ള മണ്ണിടിച്ചിലിനു കാരണമായി.

200 വീടുകളെയാണ് പ്രളയം തകര്‍ത്ത്. 500 ഓളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ മറ്റു സ്ഥലങ്ങളില്‍ ഉള്ള ബന്ധു വീടുകളില്‍ അഭയം തേടിയിട്ടുണ്ട്.

ആര്‍ത്തിരമ്പി ഇടുക്കി

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി ചെറുതോണി ഡാം തുറന്നത്. ഡാം നിര്‍മ്മിച്ചതിനു ശേഷമുള്ള മൂന്നാം അനുഭവം. 2403 അടി ശേഷിയുള്ള ഡാമിലെ ജല നിരപ്പ് 2401 അടി കവിഞ്ഞതോടെയാണ് ഇത്തരം ഒരു സാഹചര്യം ഉടലെടുത്തത്. ചരിത്രത്തില്‍ ആദ്യമായിയാണ് അഞ്ചു ഷട്ടറുകളും തുറക്കുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് ജല നിരപ്പ് ഉയരുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും നിലവില്‍ ആശ്വാസ പൂര്‍ണമായ അവസ്ഥയാണ് ഉള്ളത്. എന്നാല്‍ പെരിയാറിലെ നിരപ്പ് കൂടിയതോടെ ചെറുതോണി ടൌണ്‍ വെള്ളത്തിലായി. ചെറുതോണി ടൌണില്‍ ജല നിരപ്പ് കൂടിയത് ഭൂതത്താന്‍കേട്ട് ഡാമിലെ ജല നിരപ്പും കൂട്ടി.

ഇടുക്കിയിലും മലപ്പുറത്തുമായി 17-ഓളം ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്.

ബലിതര്‍പ്പണത്തിനു ഇടമില്ലാതെ ആലുവ

പെരിയാര്‍ കരകവിഞ്ഞു ഒഴുകിയതോടു കൂടി എറണാകുളം നഗരത്തിന്റെ ചില പ്രദേശങ്ങളില്‍ കരിനിഴല്‍ വീണിരുന്നു. ആലുവ മണപ്പുറത്ത് വെള്ളം കയറിയതോടെ  അമ്പലവും പ്രദേശവും വെള്ളത്തിലായി. വാവ് ബലി അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഈ സമയത്ത് എത്തുന്നത്. ഇവരുടെ വാവ് ബലി തര്‍പ്പണം തല്‍ക്കാലം ആലുവ ശിവ ക്ഷേത്രത്തിന്റെ ചിത്രം, കാശു കൊടുത്തു വാങ്ങി, അത് കണ്ടു നടുറോഡില്‍ അര്‍പ്പിക്കേണ്ടി വന്നു.

പല ഇടങ്ങളിലും വെള്ളം കയറിയതോടെ 10000 – ത്തോളം ആളുകള്‍ അവര്‍ക്കായി ക്രമീകരിച്ചിരിക്കുന്ന 69 – ഓളം ക്യാമ്പുകളിലേക്ക് മാറി. പറവൂര്‍ താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളും ക്രമീകരിച്ചിരിക്കുന്നത്.

ജല നിരപ്പ് കൂടാന്‍ സാധ്യത ഉള്ളതിനാല്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനതാവളത്തിലെ സ്ഥിതി മെച്ചപ്പെടും വരെ വിമാനങ്ങള്‍ പറന്നിറങ്ങണ്ട എന്ന സൂചനയും നല്‍കിയിട്ടുണ്ട്.

 കബനിയുടെ ക്രോധത്തില്‍ മുങ്ങി വയനാട്

ശക്തമായ മഴ വയനാടിന്റെ മലയോര മേഖലയില്‍ കനത്ത നാശമാണ് വിതച്ചത്. വൈത്തിരി, ലക്കിടി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടലും ഉണ്ടായി. ഉരുള്‍ പൊട്ടലില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതും മറ്റൊരു വെല്ലുവിളിയായി. കുറ്റിയാടി ചുരത്തിലും ഇത്തരത്തില്‍ മണ്ണിടിച്ചിലും തുടര്‍ന്ന് ഗതാഗത കുരുക്കും ഉണ്ടായി. വയനാട്ടില്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയായിരുന്നു.

ഇത് കൂടാതെ കബനി നദി കരകവിഞ്ഞതോടെ മൈസൂരു- വയനാട്‌ ദേശിയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ ഡാം തുറന്നത് കബനിയിലെ വെള്ളക്കെട്ട് കൂടാന്‍ കാരണമായി.

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ മറ്റു 25 – ഓളം ഡാമുകളും തുറന്നു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട് തുടങ്ങിയ എട്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ ഈ മാസം 14 വരെയും, ഇടുക്കിയില്‍ 13 വരെയും, മറ്റു ജില്ലകളില്‍ ഞായരാഴ്ച്ച രാവിലെ വരെയുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദുരിതം വിതച്ച പ്രളയത്തില്‍, സര്‍ക്കാരിന്റെയും, സൈനിക സേനയുടെയും സഹായം ലഭിക്കുന്നതിനാല്‍ സ്ഥിതി കുറച്ചു ആശ്വാസകരമാണ്. കത്തോലിക്കാസഭയും സഹായവുമായി ജനങ്ങളുടെ കൂടെയുണ്ട്.

ഇതെല്ലാം കാണുമ്പോള്‍ ഒരു കാര്യം മാത്രം ഉറപ്പാകുന്നു- നമ്മള്‍ മനുഷ്യര്‍ എത്ര നിസ്സാരരാണ്!

ശില്പ രാജന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ