ഫാ. ജോസഫ് കുഞ്ചരത്ത് നിര്യാതനായി

എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് കുഞ്ചരത്ത് (72) നിര്യാതനായി. ഫാ. ജോബ് കോട്ടൂരിന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കവേ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ഫാ. ജോബ് കോട്ടൂരിന്റെ മൃതദേഹം ദേവാലയത്തിൽ കൊണ്ടുവന്ന് വിശുദ്ധ കുർബാനക്കുള്ള നിർദേശം നൽകി മടങ്ങവേ ആണ് കുഴഞ്ഞു വീണത്. ഉടൻ കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരശുശ്രൂഷകള്‍ വ്യാഴം (24.05.18) ഉച്ചകഴിഞ്ഞു 2.30നു തൃപ്പൂണിത്തുറ കീച്ചേരി തിരുക്കുടുംബ ദേവാലയത്തില്‍ നടക്കും. എറണാകുളം ലിസി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ മൂന്നു വരെ മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലും മുന്നു മുതല്‍ നാലുവരെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലും 4.30 മുതല്‍ അഞ്ചു വരെ പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. ഏഴിനു കീച്ചേരിയിലുള്ള വീട്ടിലേക്കെത്തിക്കുന്ന മൃതദേഹം വ്യഴാഴ്ച്ച രാവിലെ 11 മുതല്‍ തിരുക്കുടുംബ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

കീച്ചേരി കുഞ്ചരത്ത് പരേതനായ ചാക്കോയുടെയും കത്രീനയുടെയും മകനായി 1946 മേയ് 26നു ജനിച്ച അദ്ദേഹം 1973 ഡിസംബര്‍ 18-നു കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കൊരട്ടി, അങ്കമാലി പള്ളികളില്‍ സഹവികാരിയായും നാലുകെട്ട്, ഇരുമ്പനം, അമ്പലമുകള്‍, കുമ്പളം, വളമംഗലം, കുഴുപ്പിള്ളി, പാലാരിവട്ടം, മാതാനഗര്‍ പള്ളികളില്‍ വികാരിയായും തുറവൂര്‍ സെന്റ് ജോസഫ് ഐടിസി പ്രിന്‍സിപ്പല്‍, സിആര്‍എസ്, കെസിബിസി ലേബര്‍ കമ്മീഷന്‍ എന്നിവയുടെ സെക്രട്ടറി, കാത്തലിക് വര്‍ക്കേഴ്‌സ് മൂവ്‌മെന്റ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം ബസിലിക്കയുടെ നിത്യാരാധനാ ചാപ്പലിന്റെ ചാപ്ലയിനായി സേവനം ചെയ്തുവരുന്നതിനിടെയാണു നിര്യാണം.

സംസ്‌കാര ശുശ്രൂഷകള്‍ക്കു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസഫ് കരിയില്‍, ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ സഹകാര്‍മികരാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ