അഞ്ചു മണിക്കൂറുകള്‍ കൊണ്ട് അത്ഭുതം ചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി

ഇതുവരെ 21  കോടി രൂപയോളം ‘പ്രത്യാശ’ പാവപ്പെട്ട രോഗികൾക്കായി പിരിച്ചു നൽകിയിട്ടുണ്ട്. 92 പഞ്ചായത്തുകളിൽ അച്ചന്റെ നേതൃത്വത്തിൽ ‘വിശുദ്ധ തെണ്ടൽ’ നടത്തി. ഏകദേശം രണ്ടുലക്ഷത്തോളം ആളുകൾ പ്രത്യാശയുടെ പ്രവർത്തനങ്ങളിൽ ഇതുവരെ പങ്കാളികളായിട്ടുണ്ട്.

പ്രത്യാശയുടെ തണലിലേയ്ക്ക് അനേകരെ കൈപിടിച്ചുയർത്തിയ വൈദികൻ. തന്റെ മുന്നിൽ കണ്ണീരോടെ എത്തിയവരെ സഹായിക്കുവാനായി അനേകർക്കു മുന്നിൽ വിനീതമായ യാചനയുടെ ശബ്ദമായി മാറിയ വ്യക്തി- ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിരവധി  അഞ്ച് മണിക്കൂറുകളിലായി  ആയിരക്കണക്കിന് ജനങ്ങള്‍ നല്‍കിയ പിന്‍ബലത്തില്‍ അച്ചനു കരുപിടിപ്പിക്കുവാന്‍ കഴിഞ്ഞത് 118 ലധികം ജീവനുകളെയാണ്. 90.8 റേഡിയോ മീഡിയാ വില്ലേജിന്റെ  ഡയറക്ടറും ചാരിറ്റി വേൾഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആയ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെ വ്യത്യസ്ത സാമൂഹ്യപ്രവർത്തങ്ങളിലൂടെ…

പ്രത്യാശയുടെ തണലിലേയ്ക്ക് 

റേഡിയോ മീഡിയ വില്ലേജിന്റെ സ്റ്റേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ട് ഇരിക്കുന്ന സമയം. 2012  ഡിസംബർ ഒന്‍പതാം തീയതി. രാവിലെ വാതിലില്‍ ആരോ മുട്ടുന്നതായി കേട്ട അച്ചന്‍ വാതില്‍ തുറന്നപ്പോള്‍ ഒരു പ്രായമായ മനുഷ്യന്‍ അദ്ദേഹത്തിന്‍റെ കാലിലേയ്ക്ക് വീണു. അയാള്‍ നിലവിളിച്ചു കരഞ്ഞുകൊണ്ട് അച്ചനോട് പറഞ്ഞു: “അച്ചാ എന്റെ മകനു കരള്‍ സംബന്ധമായ രോഗമാണ്. ചികിത്സയ്ക്ക് 25 ലക്ഷം രൂപയാകും. ഞാനെവിടെ  പോകും. എന്റെ മകനെ രക്ഷിക്കണം.” അച്ചൻ അയാളെ ആശ്വസിപ്പിച്ച് അയച്ചു. എങ്കിലും ആ മനുഷ്യന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അച്ചന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ബിജു എന്നായിരുന്നു ആ വന്ന മനുഷ്യന്റെ മകന്റെ പേര്.

അസ്വസ്ഥമായ മനസോടെ ഇരുന്ന അച്ചൻ ബിജുവിന്റെ മാമ്പുഴക്കരിയിലെ വീട് സന്ദർശിക്കുവാൻ തീരുമാനിച്ചു. അവിടെ എത്തിയ അച്ചന് നേരിടേണ്ടി വന്നത് വിധിക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു കുടുംബത്തെയാണ്. ബിജുവിന്റെ സഹോദരിയും അമ്മയും കുഞ്ഞും എല്ലാവരും കരച്ചിലാണ്. കരഞ്ഞു കൊണ്ട് അയാളുടെ സഹോദരി അച്ചനോട് പറഞ്ഞതു. “അച്ചാ എങ്ങനെ ചികിത്സിക്കും, പണം എങ്ങനെ ഉണ്ടാകും.” ബിജുവിന്റെ മകൻ കരഞ്ഞുകൊണ്ട് അച്ചനോട് എന്റെ അച്ഛനെ തിരിച്ചു കിട്ടുമോ എന്ന് ചോദിച്ചു. ഈ ചോദ്യങ്ങൾക്കു മുന്നിൽ എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന അച്ചൻ മുന്നിൽ വെച്ചിരുന്ന വിളക്കിൽ ചൂണ്ടിക്കൊണ്ട് അവരോടു പറഞ്ഞു; “വിളക്കു തെളിച്ചു നാമം ജപിച്ചുകൊള്ളുക. ബാക്കിയെല്ലാം ദൈവം നോക്കിക്കൊള്ളും.”

അവിടെ നിന്നിറങ്ങുമ്പോഴും എന്തു ചെയ്യണം എന്ന് അച്ചന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.  പിറ്റേ ദിവസം ബിജുവിന്റെ അയൽക്കാരനായ ഒരു വ്യക്തി വിളിച്ചു. അവര്‍ ഒരു യോഗം കൂടുന്നുണ്ട്. അച്ചനേയും അവരുടെ യോഗത്തിലേക്ക് ക്ഷണിച്ചു. എന്നിട്ടു എന്താണ്  ചെയ്യേണ്ടതെന്നു ആലോചിച്ചു. അപ്പോൾ അച്ചൻ പറഞ്ഞു. “നിങ്ങൾ ഒരു ഞായറാഴ്ച ബക്കറ്റും എടുത്തിറങ്ങുക. എന്നിട്ട് ഈ പഞ്ചായത്തില്‍ തെണ്ടുക. അഞ്ചുലക്ഷം രൂപ നമുക്കു കണ്ടെത്തണം.” അപ്പോൾ അത്രെയും കിട്ടിയില്ലെങ്കിലോ എന്ന മറുചോദ്യം ഉയർന്നു. അതിനുത്തരമായി അദ്ദേഹം പറഞ്ഞത് ഇത്രേം ഉള്ളു. “അതിനു കഴിയും. അവിടെ അവർ നാമം ജപിക്കുന്നുണ്ട്.” അച്ചന്റെ വാക്കുകൾ നൽകിയ പ്രചോദനത്തിൽ അടുത്ത ഞായറാഴ്ച ഇറങ്ങിയ അവർക്കു അഞ്ചല്ല പത്തുലക്ഷം രൂപ സമാഹരിക്കുവാൻ കഴിഞ്ഞു. ഉമ്മൻചാണ്ടിയിൽ നിന്നും ചങ്ങനാശേരിയിലെ സമ്പന്നരുടെ വീടുകളിൽ നിന്നും തുകകൾ സ്വീകരിച്ചു കൂട്ടി നോക്കിയപ്പോൾ 25  ലക്ഷത്തിന് 200  രൂപ കുറവ്.

ഈ അനുഭവം അച്ചന്റെ കണ്ണുകൾ തുറപ്പിച്ചു. മലയാളിയുടെ കാരുണ്യം നിറഞ്ഞ മനോഭാവം നിലനിൽക്കുന്നിടത്തോളം കാലം തനിക്കു പാവങ്ങളെ സഹായിക്കാൻ കഴിയും എന്ന വലിയ ബോധ്യമാണ് ഈ കൂട്ടായ പ്രവർത്തനം അച്ചന് നൽകിയത്. ഈ ബോധ്യത്തിൽ നിന്ന് കൊണ്ടാണ് പുന്നശ്ശേരിയച്ചൻ ധാരാളം ചെലവുവരുന്ന അവയവമാറ്റത്തിന് വിധേയരാകുന്ന രോഗികളെ സഹായിക്കുന്നതിനായി ചാരിറ്റി വേള്‍ഡിന്റെ കീഴില്‍  ‘പ്രത്യാശ’ എന്ന ധനസമാഹരണ പരിപാടി ആരംഭിക്കുന്നത്.

പ്രത്യാശ എന്ന ജനകീയ മുന്നേറ്റം 

വേദനിക്കുന്ന, ഒറ്റപ്പെടുന്ന രോഗികളുടെ ആശ്വാസത്തിനായി ഇറങ്ങുന്ന അച്ചന്റെ പ്രവർത്തികൾക്ക് പിന്നിലെ നന്മ മനസിലാക്കി നിരവധി ആളുകൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. പ്രത്യാശയുടെ ധനസമാഹരണത്തിനായി അവർ നടത്തിയ ശ്രമങ്ങളെ ‘വിശുദ്ധ തെണ്ടൽ’ എന്ന് അവർ വിളിച്ചു. ഓരോ ധനസമാഹരണത്തിനായി ഇറങ്ങുമ്പോഴും ആയിരങ്ങളാണ് അച്ചന് പിന്നിൽ അണിനിരക്കുക. പലപ്പോഴും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് ജനങ്ങൾ അച്ചന് പിന്നിൽ നിൽക്കുന്നത്. പ്രത്യാശയുടെ സ്ഥിരം വോളണ്ടിയർമാരായ 200 പേർ വണ്ടിക്കൂലിപോലും സ്വന്തം കയ്യിൽ നിന്നും എടുത്താണ് പ്രത്യാശയുടെ ധനസമാഹരണ പരിപാടികൾ എത്തുക.

രോഗിയെക്കുറിച്ചുള്ള അറിവ് ലഭിച്ചാൽ ചികിത്സ എത്രയും വേഗം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. അതിനായി ആ സ്ഥലത്തെ ആളുകളെ വിളിച്ചു കൂട്ടും. പിരിവിനു നേതൃത്വം നൽകുക ആ നാട്ടിലെ തന്നെ ആളുകളാകും. പണം നൽകുമ്പോൾ രസീതുകൾ വാങ്ങണം എന്നത് നിർബന്ധമാണ്. പിരിച്ചെടുത്തതിൽ ഒരു ചില്ലി കാശുപോലും ഇവരുടെ ആളുകൾ എടുക്കില്ല. മറിച്ചു അത് നാട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ എണ്ണി തിട്ടപ്പെടുത്തും. തുടർന്ന് രോഗിയുടെ കുടുംബത്തിന് ഈ തുക കൈമാറുന്നത് നാട്ടുകാരുടെ സമിതിയാണ്. ഇതുവരെ 21  കോടി രൂപയോളം ‘പ്രത്യാശ’ പാവപ്പെട്ട രോഗികൾക്കായി പിരിച്ചു നൽകിയിട്ടുണ്ട്. 92  പഞ്ചായത്തുകളിൽ അച്ചന്റെ നേതൃത്വത്തിൽ ‘വിശുദ്ധ തെണ്ടൽ’ നടത്തി. ഏകദേശം രണ്ടുലക്ഷത്തോളം ആളുകൾ പ്രത്യാശയുടെ പ്രവർത്തനങ്ങളിൽ ഇതുവരെ പങ്കാളികളായിട്ടുണ്ട്.

കരുണയുടെ അഞ്ചു മണിക്കൂറുകള്‍ 

ജീവിതത്തിനും മരണത്തിനും ഇടയില്‍ എത്രത്തോളം ദൂരമുണ്ടെന്നു ചോദിച്ചാല്‍ അച്ചന്‍ പറയും അഞ്ചു മണിക്കൂറുകള്‍ എന്ന്. കാരണം അനേകരുടെ ജീവന്‍ രക്ഷിക്കുന്നതിനായി അച്ചന്‍ നടത്തിയ ധനസമാഹരണ പരിപാടികള്‍ എല്ലാം തന്നെ അഞ്ചു മണിക്കൂറുകളില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഈ അഞ്ചു മണിക്കൂറുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സംഭവിക്കുന്നത് കാണുവാന്‍ അദ്ദേഹത്തിനും കൂടെ ഉള്ളവര്‍ക്കും കഴിയുന്നു. അതിന് ഉദാഹരണം ആണ് പ്രത്യാശയിലൂടെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടന്ന 118 പേർ. അഞ്ചു മണിക്കൂറിനുള്ളിൽ ദൈവം ആവശ്യമുള്ളതും അതിൽ കൂടുതലും തരും എന്ന് ഇതുവരെയുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും ബിജുവിന്റെ അനുഭവം പറഞ്ഞു കൊണ്ടാണ് അച്ചന്‍ തന്റെ പ്രസംഗം ആരംഭിക്കുക. ആ ഒരു പ്രസംഗത്തിനു അല്ലെങ്കില്‍ അനുഭവത്തിനു ആയിരം ഹൃദയങ്ങളെ തോട്ടുണര്‍ത്തുവാന്‍ കഴിയും എന്ന് അച്ചന്‍ പറയുന്നു. കാരണം ഈ അനുഭവം പങ്കുവെച്ചു കഴിയുമ്പോള്‍ തന്നെ നിരവധി ആളുകളാണ് സമൂഹ്യപ്രവര്‍ത്തനത്തിനു തയ്യാറായി മുന്നോട്ട് വരുന്നത്. പലപ്പോഴും പാവപ്പെട്ട ആളുകളാണ് കൂടുതല്‍ പണം സംഭാവനയായി നല്‍കുന്നത് എന്ന് അച്ചന്‍ തന്റെ അനുഭവത്തില്‍ നിന്ന് വെളിപ്പെടുത്തുന്നു.

കാഞ്ഞിരപ്പള്ളിയിൽ 40 ലക്ഷം രൂപയ്ക്കായി നടത്തിയ ധനസമാഹരണ പരിപാടിയില്‍ 80 ലക്ഷം രൂപ സമാഹരിക്കുവാൻ കഴിഞ്ഞു. രാമപുരത്തു നിന്നും 30 ലക്ഷം രൂപയ്ക്കു പകരം 60 ലക്ഷം രൂപ സമാഹരിക്കുവാൻ കഴിഞ്ഞു. മിക്കപ്പോഴും ആവശ്യമുള്ളതിന്റെ  ഇരട്ടിയോളം രൂപ സമാഹരിക്കുവാൻ കഴിയുന്നു. ബാക്കി വരുന്ന തുകയിൽ നിന്ന് നൂറോളം ക്യാൻസർ രോഗികളെ ഓരോ മാസവും സഹായിക്കുവാൻ കഴിയുന്നു. കൂടാതെ ഡായാലിസിസ് രോഗികൾക്ക് സഹായം എത്തിക്കുവാനും ഗവണ്മെന്റ് ആശുപത്രിയിൽ ഭക്ഷണം നൽകുവാനും പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങൾക്കും പാവപ്പെട്ട രോഗികളെ സംരക്ഷിക്കുവാനും അവർക്കു സൗജന്യമായി  മരുന്ന് വിതരണം  ചെയ്യാനും കഴിയുന്നു.

ആരോഗ്യഗ്രാമം പദ്ധതി 

മനുഷ്യ ജീവിതത്തിൽ ഏറ്റവും വലുതാണ് ആരോഗ്യം എന്ന തിരിച്ചറിവാണ് ആരോഗ്യഗ്രാമം പദ്ധതിക്ക് പിന്നില്‍. ചാരിറ്റി വേൾഡിന്റെ കീഴിൽ രൂപം കൊണ്ട മറ്റൊരു സാമൂഹ്യപ്രവർത്തനമാണ് ആരോഗ്യഗ്രാമം പദ്ധതി.  ഒരു ഗ്രാമത്തിന്റെ മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ട് ഒരു വർഷത്തോളം നീളുന്ന പ്രവർത്തന പദ്ധതിയാണിത്. അതിനായി ഒരു ഗ്രാമത്തെ പ്രവർത്തകര്‍ ദത്തെടുക്കുന്നു. അവിടെ വിവിധ  ക്ലബുകൾ രൂപീകരിച്ചു ആളുകൾക്ക് ശരിയായ ചികിത്സയും മരുന്നുകളും നൽകുന്നു. കൂടാതെ സമയ ബന്ധിതമായ പരിശോധനകൾ സൗജന്യമായി മൊബൈൽ ലാബിലൂടെ ചെയ്യുവാനും പാവങ്ങൾക്ക് സൗജന്യ മരുന്ന് വിതരണം നടത്തുവാനും ആരോഗ്യഗ്രാമം പ്രവർത്തകർ ശ്രമിക്കുന്നു.

ആരോഗ്യം നന്നാവണമെങ്കിൽ നല്ല ചുറ്റുപാടുകളും ശുദ്ധജലവും ലഭിക്കണം എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് ജലസ്രോതസുകൾ ശുദ്ധീകരിക്കുക, മലിനമായ പരിസരങ്ങൾ വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളള്‍ നടത്തുവാൻ പ്രവർത്തകർ ശ്രമിക്കുന്നു.

ജിമ്മി ജോർജ് പടനിലം സെന്റെർ ഫോർ സ്‌പെഷ്യൽ നീഡ്‌സ് 

ചാരിറ്റി വേൾഡിന്റെ പ്രവർത്തങ്ങൾക്കായി തന്റെ 12 കോടിയോളം രൂപ വിലമതിക്കുന്ന വീടും സ്ഥലവും നൽകുമ്പോൾ ഡോ. ജോർജ് പടനിലം ഒരു കാര്യം മാത്രമേ അച്ചനോട് ആവശ്യപ്പെട്ടുള്ളു; തന്റെ മകനെപ്പോലെ ഭിന്നശേഷിയുള്ളവർക്കായുള്ള പ്രവത്തനങ്ങൾക്കായി ആ തുക നീക്കിവെയ്ക്കുക. ഒരു പിതാവെന്ന നിലയിൽ അദ്ദേഹത്തിന്‍റെ വേദനയും ഭിന്നശേഷിക്കാരുടെ പ്രയാസങ്ങളും മനസിലാക്കിയ അച്ചൻ ചാരിറ്റി വേൾഡിന്റെ പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികളിക്ക് വേണ്ടിയുള്ള  പ്രവർത്തനത്തിലേയ്ക്ക് കേന്ദ്രീകരിക്കുവാൻ തുടങ്ങി. അവർക്കായി ഡേ കെയർ ആരംഭിച്ചു. ഇന്ന് മുപ്പതോളം കുട്ടികൾ ഇവിടെ ഉണ്ട്.

ഭിന്നശേഷിയുള്ള കുട്ടികളുമായുള്ള തന്റെ പ്രവർത്തനത്തിൽ അവരെ സമൂഹത്തിന്റെ മുൻപന്തിയിലേയ്ക്ക് കൊണ്ടുവരേണ്ടതും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കേണ്ടതും ആവശ്യമാണെന്നും തോന്നി. അതിനായി അവർക്കായി ഒരേക്കറിൽ ജൈവകൃഷി ആരംഭിച്ചു. അവർക്കു കൃഷി അറിവുകൾ പകർന്നു നൽകി. അവരെക്കൊണ്ട് തന്നെ കൃഷി ചെയ്യിപ്പിച്ചു. ഓരോ ദിവസവും കൃഷിയിടത്തിൽ ചിലവഴിക്കുന്ന അവർ ചെടികളുടെ വളർച്ചകൾ കാണുകയും അതിലൂടെ പഠിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ മാനസികമായ ഉല്ലാസം പകരുന്നതിനോടൊപ്പം അവരെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ജൈവകൃഷിയിൽ നിന്നുണ്ടാകുന്ന പച്ചക്കറികൾ വില്‍ക്കുകയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കുട്ടികളെ തന്നെ ഏൽപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഭിന്നശേഷിയുള്ളവരുടെ ബാൻഡ് അവർ നിർമ്മിക്കുന്ന സാധനങ്ങൾക്കു വരുമാനം ഉണ്ടാകുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് ഇത്തരക്കാരെ എത്തിക്കുവാൻ ജിമ്മി ജോർജ്ജ് പടനിലം സെന്ററിലൂടെ അച്ചന് സാധിക്കുന്നു.

സാമൂഹ്യ പ്രവർത്തനത്തിന്റെ ജിഹ്വാ 

ദീർഘ വീക്ഷിയായ പൗവ്വത്തിൽ പിതാവിന്റെ നിർദ്ദേശപ്രകാരമാണ് 90 .8 റേഡിയോ മീഡിയ വില്ലേജ് എന്ന കമ്മ്യൂണിറ്റി റേഡിയോ തുടങ്ങുന്നത്. ഈ റേഡിയോ പിന്നീട് സാമൂഹ്യപ്രവർത്തനത്തിന്റെ ജിഹ്വായായി മാറുകയായിരുന്നു. വിനോദം, വിദ്യാഭ്യാസം, അറിവ് എന്നിവയ്‌ക്കൊപ്പം നിരവധി പുരസ്കാരങ്ങൾ ഈ കമ്മ്യൂണിറ്റി റേഡിയോയെ തേടി എത്തി. മാധ്യമങ്ങളുടെ സാമൂഹ്യാവബോധവും കൂടി ചേർന്നപ്പോൾ  ചാരിറ്റി വേൾഡിന്റെ പ്രവർത്തനത്തെ കൂടുതൽ സജ്ജമാക്കുവാനും സാമൂഹ്യ പ്രവർത്തനത്തിനായി ഒരു നാടിനെ ഒരുക്കുവാനും റേഡിയോ മീഡിയാ വില്ലേജിന് കഴിഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി അഫീലിയേറ്റഡ് മീഡിയ കോളേജ് ആയ ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ – മീഡിയ വില്ലേജ് – ന്റെ ഡയറക്ടര്‍ ആയും അച്ചന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പ്രതിസന്ധികളിലും പ്രയാസങ്ങളിലും നന്മയും കരുണയും വറ്റാത്ത ഒരുപറ്റം  ആളുകളുടെ സാന്നിധ്യം, ചെല്ലുന്ന ഇടങ്ങളിലെല്ലാം നന്മയ്ക്കായി കൈകോർക്കുന്ന സമൂഹം, അതിലുപരി സർവേശ്വരന്റെ കൃപ ഇത് മൂന്നും ഉള്ളപ്പോൾ കരുണയ്ക്കായി കേഴുന്ന അനേകരുടെ കണ്ണീരൊപ്പാന്‍ കഴിയും എന്ന പ്രത്യാശയിൽ ആണ് പ്രത്യാശയുടെ ഈ പുരോഹിതൻ. സമൂഹത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി മരണത്തിലേയ്ക്ക്  ഉറ്റുനോക്കുന്ന അനേകരുടെ കണ്ണുകളിൽ പ്രത്യാശയുടെ നാളം തെളിയിക്കാനുള്ള യാത്രയിൽ  കരുണാമയനായ ദൈവം അദ്ദേഹത്തിന് മുൻപിൽ നടക്കട്ടെ. നന്മ വറ്റിയിട്ടില്ലാത്ത ആയിരം ഹൃദയങ്ങളിലേക്ക് നടന്നു കയറുവാൻ പുന്നശ്ശേരിയച്ചന് കഴിയട്ടെ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here