എല്ലാം നവീകരിക്കുന്ന ദൈവം

അന്ന് അവളുടെ വിവാഹമായിരുന്നു. വീടുമുഴുവൻ ആഘോഷമയം. ഒരുക്കങ്ങളെല്ലാം പൂർത്തിയാകാറായി.

ഭംഗിയായി അലങ്കരിച്ച കേക്കും എത്തിക്കഴിഞ്ഞു. കുറച്ചുപേർ വധുവിനെ ഒരുക്കുന്ന തിരക്കിലാണ്. മനോഹരമായ വിവാഹ വസ്ത്രത്തിൽ അവൾ ഒരു രാജകുമാരിയെപ്പോലെ സുന്ദരിയായി കാണപ്പെട്ടു.

ഈ തിരക്കുകൾക്കിടയിലാണ് ആരോ ആ കത്ത് അവളെ ഏൽപിക്കുന്നത്. അത് തന്നെ വിവാഹം ചെയ്യാൻ പോകുന്നയാളുടെ കത്താണ്. തിടുക്കത്തിൽ ആ കത്തു പൊട്ടിച്ചു വായിച്ചു. അയാൾ ആ വിവാഹത്തിൽനിന്നും പിൻമാറിയിരിക്കുന്നു.

സന്തോഷം തിരതല്ലിയ വീട് പെട്ടെന്നു മ്ലാനമായി. അന്ന് അവൾ ആ വിവാഹവസ്ത്രം മാറാൻ തയ്യാറായില്ല. പിറ്റേന്നും അവൾ അതു മാറിയില്ല. പിന്നീട് അവളുടെ ജീവിതത്തിൽ ഒരിക്കൽ പോലും ആരും അവളെ മറ്റൊരു വസ്ത്രത്തിൽ കണ്ടിട്ടില്ല.

വിവാഹത്തിനൊരുക്കിയ ഭക്ഷണവും കേക്കുമെല്ലാം അവളുടെ ഊട്ടുമുറിയിൽ മേശയിൽ ദിവസങ്ങളോളം അങ്ങനെതന്നെയിരുന്നു. ക്ലോക്കുകൾ അവൾക്ക് ആ കത്തു കിട്ടിയ സമയംമാത്രം കാണിക്കുന്ന വിധത്തിൽ ക്രമീകരിക്കപ്പെട്ടു!

പ്രശസ്ത ഇംഗ്ലിഷ് നോവലിസ്റ്റായ ചാൾസ് ഡിക്കൻസിന്റെ ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷൻസ് എന്ന നോവലിലാണ് മിസ്സ് ഹവിഷാം എന്ന പ്രസ്തുത കഥാപാത്രത്തെ നാം കാണുന്നത്.

ഈ കഥയിലേതുപോലെ നമ്മളും പലപ്പോഴും ചില വേദനിപ്പിക്കുന്ന അനുഭവങ്ങളിൽ കുടുങ്ങിപ്പോകാറുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാട്, ചില പരാജയങ്ങൾ, തിരസ്‌കരണങ്ങൾ, അപമാനങ്ങൾ… പാപത്തിൽ വീണതിന്റെ ഓർമ്മകൾ… ചില ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയ അനുഭവങ്ങൾ…

പരാജയങ്ങളെ അതിജീവിച്ച് ചരിത്രത്തിൽ സ്ഥാനം നേടിയ എത്രയോ മഹത്‌വ്യക്തികളുണ്ട്. ആ പരാജയമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനം. കാലമെത്ര കഴിഞ്ഞാലും മായാതെ അതങ്ങനെ മനസ്സിൽ തങ്ങി നില്ക്കാം. പക്ഷേ, എല്ലാം നവീകരിക്കാനും നന്മയ്ക്കായി മാറ്റാനും കഴിവുള്ള കർത്താവ് നമുക്ക് ഉറപ്പു തരുന്നുണ്ട്,

(ഏശ. 43:18-19)”കഴിഞ്ഞകാര്യങ്ങൾ നിങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ? ഞാൻ വിജനദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും”

ജോ ജോസഫ്‌ ആന്‍റണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here