“അത് എനിക്കുള്ള ദൈവത്തിന്റെ സമ്മാനമായിരുന്നു” ആറു വര്‍ഷത്തെ തടവറ ജീവിതത്തെക്കുറിച്ച് വിയറ്റ്നാമിലെ സുവിശേഷ പ്രഘോഷകന്‍  

ആറു വര്‍ഷത്തെ ക്രൂരമായ പീഡനത്തിനും തടവിനും ശേഷം ആ വിയറ്റ്നാമി പാസ്റ്റര്‍ പറഞ്ഞു “അത് എനിക്കുള്ള ദൈവത്തിന്റെ സമ്മാനമായിരുന്നു.” പതിനൊന്നു വര്‍ഷം വരെ നീളാവുന്ന തടവുശിക്ഷ പകുതിക്ക് വെച്ച് അവസാനിപ്പിച്ച്‌ നാടുകടത്തപ്പെടുമ്പോള്‍ നിഗുയെൻ കോങ് ചിൻ തന്റെ സഹനങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുകയായിരുന്നു.

2011 – ല്‍ വിയറ്റ്നാമിലെ സെൻട്രൽ ഹൈലാൻഡ്സിൽ ന്യൂനപക്ഷങ്ങള്‍ക്കിടയി സുവിശേഷ വേലചെയ്യുന്നതിനിടയിലാണ് ദേശീയ ഐക്യദാർഢ്യത്തെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചു ചിന്‍ അറ്റസ്റ്റ് ചെയ്യപ്പെടുന്നത്. ചിന്‍ ജനാധിപത്യത്തെ പിന്തുണയ്ക്കുകയും മതപരമായ പഠനങ്ങള്‍ രാജ്യത്ത് നിരോധിച്ചതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പാവങ്ങളെ പുനരുധരിക്കുന്നതിനായി ഉള്ള പ്രവര്‍ത്തനങ്ങളില്‍അദ്ദേഹം പങ്കാളിയായി. ഇതില്‍ അമര്‍ഷം തോന്നിയ ഭരണാധികാരികള്‍ അദ്ദേഹത്തെ തടവിലാക്കി. ആദ്യത്തെ ഒരുമാസം ഏകാന്ത തടവാണ് വിധിച്ചത്. തടവില്‍ വെച്ച് ആരോഗ്യനില മോശമായ അദ്ദേഹത്തിനു ശരിയായ മരുന്നോ ചികിത്സയോ നല്‍കാതെ ജയില്‍ അധികൃതര്‍  പീഡിപ്പിച്ചു.

“ശാരീരികമായ വേദനകളും പീഡകളും അനുഭവിക്കുമ്പോഴും എന്റെ ആത്മാവ് സന്തോഷിക്കുകയായിരുന്നു. ദൈവത്തിന്റെ ദാനമായിട്ടാണ് അവയെ ഞാൻ കണ്ടത്. ക്രിസ്തു കടന്നുപോയ വേദനകളിലൂടെ, അവിടുത്തെ ശിഷ്യന്മാര്‍ കടന്നുപോയ പീഡനങ്ങളിലൂടെയാണ് ഞാനും കടന്നു പോയത്. ക്രിസ്തുവിനോട് പ്രാര്‍ത്ഥനയില്‍ ഉണ്ടായിരുന്ന കൂട്ടായ്മ  സ്വാതന്ത്ര്യം ലഭിക്കുന്ന അന്നുവരെ ജയിലിനുള്ളിൽ ജീവിക്കാൻ എനിക്കു ധൈര്യ൦ നല്‍കി” ചിന്‍ പറഞ്ഞു.

ജയിലിലെ പീഡനങ്ങളില്‍ നിന്ന് ചിന്നെ രക്ഷിക്കുന്നതിനായി യുഎസ് അംബാസിഡറിനെ സമീപിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും മര്‍ദ്ദനങ്ങള്‍ നേരിടേണ്ടി വന്നു. ഒടുവില്‍ ഇനി രാജ്യത്ത് കാലുകുത്താന്‍ പാടില്ല എന്ന വ്യവസ്ഥയില്‍ 2017 ജൂലൈ 28 നു അദ്ദേഹത്തെ മോചിപ്പിച്ചു. വിയറ്റ്നാമില്‍ താമസിക്കുവാന്‍ അനുവാദം ഇല്ലാത്തതിനാല്‍ അവര്‍ അമേരിക്കയിലേയ്ക്ക് പലായനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply