ഡൗണ്‍സിന്‍ഡ്രം ബാധിച്ചവരെ സഹായിക്കാനായി ഹരിതഭവനങ്ങളുമായി ചിലിയിലെ സഭ 

ഡൗണ്‍സിന്‍ഡ്രം ബാധിതരായ യുവജനങ്ങളെ  സഹായിക്കുവാനും, അവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുവാനുമായി  ഹരിതഭവനങ്ങങ്ങള്‍ സ്ഥാപിച്ചു കൊണ്ട് ചിലിയിലെ കണ്‍സെപ്ഷന്‍ രൂപത. പച്ചക്കറികളും മറ്റും വളര്‍ത്തി യുവാക്കള്‍ക്ക് വരുമാന മാര്‍ഗ്ഗം പ്രദാനം ചെയ്യുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ ചാക്രിക ലേഖനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് കണ്‍സെപ്ഷന്‍ രൂപത ഇത്തരം ഒരു പദ്ധതി മുന്നോട്ട് വച്ചത്.

ജൈവവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി രീതിയാണ് അവലംബിക്കുക. മണ്ണ് കമ്പോസ്‌റ് ഉപയോഗിച്ച് സമ്പുഷ്ടമാക്കിയിരിക്കുന്നു. 2014  ല്‍ ആണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വയ്ക്കപ്പെട്ടത്. ഡൗണ്‍ സിന്‍ഡ്രം ബാധിതരായ ആളുകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതോടൊപ്പം അവരെ സമൂഹത്തിന്റെ മുന്‍പന്തിയിലേയ്ക്ക് കൊണ്ട് വരുക എന്നതും ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അതിനാല്‍ തന്നെ അവര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്നതും ഉപഭോക്താക്കള്‍ക്കു എത്തിച്ചു കൊടുക്കുന്നതും അവര്‍ തന്നെയായിരിക്കും.

ഡൗണ്‍ സിന്‍ഡ്രം ബാധിതരായ ഒരു ചെറിയ സംഘം യുവജനങ്ങളുമായി സഹകരിച്ചാണ് ഈ പദ്ധതി ആരംഭിക്കുക. പിന്നീട് സംഘത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ഈ പദ്ധതി സ്‌കൂളുകളിലേയ്ക്കും മറ്റ് ഇടവകകളിലേയ്ക്കും വ്യാപിപ്പിക്കാനും രൂപത പദ്ധതിയിടുന്നുണ്ട്. ഹരിത ഭവനത്തിനു 1400 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉണ്ടാകും. പോളികാര്‍ബണേറ്റ് കൊണ്ടുള്ള മേല്‍ക്കൂരയാവും നിര്‍മ്മിക്കുക. ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് രൂപതാധികാരികള്‍.

പരിസ്ഥിതി മേഖലയില്‍ പ്രഗത്ഭനായ ഡീക്കനും കൃഷിയിലും വനവത്ക്കരണത്തിലും പഠനം നടത്തിയിരുന്ന ഫാ. ഗോമെസും ചേര്‍ന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭാവിയില്‍ വിത്തുകളുടെ ശേഖരണവും പുനരുത്പാദന ശൃഖലയും ആരംഭിക്കും എന്നു രൂപതയിലെ വികാരി ജനറാള്‍ കൂടിയായ ഫാ. ഗോമെസ് അറിയിച്ചു.

Leave a Reply