കുടുംബങ്ങളുടെ ആരോഗ്യം സഭയ്ക്കും ലോകത്തിനും അനിവാര്യം: മാർപ്പാപ്പ

സ്നേഹം, വിശ്വാസം, സദ്പ്രവർത്തികൾ തുടങ്ങിയവ പരിശീലിപ്പിക്കപ്പെടുന്ന കുടുംബങ്ങൾ സഭയ്ക്കും ലോകത്തിനും അനിവാര്യവും നിർണ്ണായകവുമാണെന്ന് മാർപ്പാപ്പ. സകുടുംബം, തന്നെ കാണാനെത്തിയ റോം പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, സെൻട്രൽ ഹെൽത്ത് ഡയറക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘത്തോട് സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

ജീവിതത്തിലുണ്ടാവുന്ന പലവിധ ദുഖങ്ങൾ, പാപം എന്നിവയെയെല്ലാം നേരിടാനും എതിർക്കാനും കുടുംബത്തിലെ സ്നേഹവും ഐക്യവും കൂടിയേതീരൂ. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

യേശു കുടുംബങ്ങളെ അനുഗമിക്കുന്നു

തന്റെ സഹായം തേടി എത്തിയ ഒരു കുടുംബത്തെയും യേശു ഒഴിവാക്കിയതായി സുവിശേഷത്തിൽ കാണാൻ സാധിക്കില്ല. തന്നെ സമീപിച്ചിട്ടുള്ള എല്ലാ കുടുംബങ്ങളിലും അവർക്കാവശ്യമായത് അവിടുന്ന് ചെയ്തുകൊടുക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്തിരുന്നു. ആർദ്രത വസിക്കുന്നിടമാണ് കുടുംബം. ആധുനിക ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പുണ്യം കുടുംബങ്ങളിൽ നിന്ന് അപ്രത്യക്ഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

കുടുംബത്തോട് ചേർന്ന് സഭയും

ക്രിസ്തുവിനെപ്പോലെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സഭയ്ക്കും ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ,  സാമ്പത്തിക ബുദ്ധിമുട്ട്, തൊഴിലില്ലായ്മ, ഗാർഹിക പീഡനം, തലമുറകൾ തമ്മിലുള്ള അകൽച്ച തുടങ്ങിയ  പ്രശ്നങ്ങളിൽ ആശ്വാസവുമായി സഭ കുടുംബങ്ങളോട് ചേർന്നിരിക്കുന്നു.

കരുതലുള്ള അമ്മയെപ്പോലെ, നമ്മെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന, ദൈവത്തിലേക്ക് സഭ നമ്മെ അടുപ്പിക്കുന്നു. സഭയുടെ ഈ സംരക്ഷണവും സഹായവും ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ട് സ്വർഗം ലക്ഷ്യമാക്കി ജീവിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

സ്വന്തം പരിമിതികളും കുറവുകളും മനസിലാക്കികൊണ്ട് പരസ്പരം താങ്ങും തണലുമാകാൻ പഠിപ്പിക്കുന്നത് കുടുംബങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ദൈവ വിശ്വാസമാണ്. അതുകൊണ്ട് ജീവിത യാത്രയിൽ ആ വിശ്വാസം കൈമോശം വരാതെയും സൂക്ഷിക്കാം. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ