കേള്‍വി

കേള്‍വിയെന്നത് ചെവി
എന്ന അവയവത്തിന്റെ
മാത്രം ധര്‍മ്മമായി കരുതരുത്

തീയില്‍ തൊട്ട് കൈപൊള്ളി നിലവിളിക്കുന്ന കുട്ടിയോട് അമ്മ: ”നിന്നോട് ഞാന്‍ പറഞ്ഞതല്ലേ തീയില്‍ തൊടരുതെന്ന്”.
ജീവപര്യന്തം തടവിനുള്ള വിധി പ്രഖ്യാപനം കേട്ടതിനു ശേഷം കോടതിക്കു പുറത്തേയ്ക്ക് വരവേ, വരാന്തയില്‍ നിന്ന തന്റെ ആത്മാര്‍ത്ഥസുഹൃത്തിനെ കണ്ടപ്പോള്‍ അയാള്‍ മനസില്‍ മന്ത്രിച്ചു: ”പണ്ട് അവന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്ന് ഞാനൊരു കുറ്റവാളിയായി എണ്ണപ്പെടില്ലായിരുന്നു.”

വീട്ടുകാരെ ധിക്കരിച്ച് ഇഷ്ടപുരുഷന്റെ കൂടെ ഇറങ്ങിപ്പോ യി ജീവിതം കുളമായ യുവതിയുടെ കണ്ണീര്‍വാക്കുകള്‍: ”അന്ന് ഡാഡിയും മമ്മിയും പറഞ്ഞത് അനുസരിച്ചിരുന്നെ ങ്കില്‍ ഇന്ന് ഈ ഗതിവരില്ലായിരുന്നു”. പറഞ്ഞാല്‍ കേള്‍ക്കാത്തതിനാല്‍ വന്നുകൂടിയിട്ടുള്ള അബ ദ്ധങ്ങളും ദുരിതങ്ങളും ഇതുപോലെ ഏറെയുണ്ട്.

ക്രിസ്തുവും പറയുന്നു,”ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”. തന്റെ വാക്കുകള്‍ ജനം കേള്‍ക്കണമെന്നും അനുസരിക്കണമെന്നും അതനുസരിച്ച് ജീവിച്ച് അവരുടെ ജീവിതം ധന്യമാക്കണമെന്നുമുള്ള ആഗ്രഹം ക്രിസ്തുവിന് ഉണ്ടായിരുന്നിരിക്കണം. അതുപോലെതന്നെ തന്റെ വാക്കുകള്‍ അവര്‍ കേള്‍ക്കുന്നില്ല എന്ന ചിന്തയും അവനുണ്ടായിക്കാണും. അതുകൊണ്ടാണ് വിതക്കാരന്റെ ഉപമ പറഞ്ഞിട്ട് അതിന്റെ വ്യാഖ്യാനം പറയുന്നതിനു മുന്‍പ് ”കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്ന് ക്രിസ്തു  പറയുന്നത്.

”ദൈവം എല്ലാക്കാലത്തും തന്റെ ജനത്തോട് വിവിധ രീതിയില്‍ സംസാരിച്ചിട്ടുണ്ട്, ഈ അവസാനകാലത്ത് തന്റെ പുത്രന്‍ വഴിയും” എന്ന് ഹെബ്രായ ലേഖനകര്‍ത്താവ് എഴുതിയിരിക്കുന്നു(ഹെബ്രാ 1:1-2). അബ്രാഹത്തോടും മോശയോടും പ്രവാചകന്മാരോടും ദൈവം സംസാരിക്കുന്നത് നാം പഴയനിയമത്തില്‍ വായിക്കുന്നുണ്ട്. ദൈവത്തിന്റെ വാക്കുകള്‍ അനുസരിക്കുന്ന വരുടെ ജീവിതം ധന്യമാകുന്നതായും ദൈവവചനത്തോട് ചെവിയടയ്ക്കുന്നവര്‍ പരിപൂര്‍ണ്ണ നാശത്തില്‍ചെന്നു വീഴുന്നതായും പഴയനിയമം സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്തുവിന്റെ വചനം നമ്മള്‍ കേള്‍ക്കുന്നുണ്ടോ? അതോ സ്വയം ബധിരത നമ്മള്‍ നടിക്കുകയാണോ? ”പോയിരുന്ന് പഠിക്ക്” എന്നുള്ള അപ്പന്റെ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ച് പിന്നെയും ടിവി കാണുന്ന കുട്ടി പരീക്ഷയില്‍ തോല്‍ക്കുന്നതില്‍ അതിശയം ഇല്ല.

കൈക്കൂലി വാങ്ങാന്‍ തുടങ്ങുമ്പോള്‍ ‘വേണ്ട’ എന്നുള്ള മനസിന്റെ സ്വരം, പോകാന്‍ പാടില്ലാത്ത വഴികളിലേയ്ക്കും സ്ഥലങ്ങളിലേയ്ക്കും നീങ്ങുമ്പോള്‍ ‘അതിലെ പോവരുത്’ എന്ന ഉള്ളിന്റെ ഓര്‍മ്മപ്പെടുത്തല്‍, ഒക്കെ ‘കേള്‍ക്കാന്‍ ചെവിയുള്ള വന്‍ കേള്‍ക്കട്ടെ’ എന്ന വചനത്തിന്റെ മുഴക്കങ്ങളാണ്. അതൊന്നും കേള്‍ക്കാതെ ഇരുന്നിട്ട്, കൈക്കൂലിക്കാരനെന്ന് പേരുവീഴുമ്പോള്‍, കോപ്പിയടിച്ചതിന് സ്‌കൂളില്‍ നിന്ന് ചാടിച്ചു വിടുമ്പോള്‍, ദാമ്പത്യ ബന്ധം തകരുമ്പോള്‍ വിലപിച്ചിട്ട് എന്തു കാര്യം?
ജീവിതത്തിന്റെ തിരക്കുകളിലും ബഹളങ്ങളിലുംപെട്ട് ക്രിസ്തുവിന്റെ സ്വരം കേള്‍ക്കാന്‍ സാധിക്കാത്തവരുണ്ട്. ഞായറാഴ്ചകളിലെ വി. ബലിയര്‍പ്പണത്തിനും അനുദിനപ്രാര്‍ത്ഥനയ്ക്കും തിരക്കുകാരണം സമയം കണ്ടെത്താന്‍ കഴിയാത്തവരുണ്ട്.

”ജോലിയുണ്ട്, പോകാതിരിക്കാന്‍ പറ്റുമോ?”
”ഞായറാഴ്ച കുര്‍ബാന, അത് പണിയില്ലാത്തവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ്”
ഇങ്ങനെയുള്ള കമന്റുകള്‍ പാസാക്കുന്നവര്‍ ചിക്കുന്‍ഗുനിയ പോലുള്ള അസുഖങ്ങള്‍ വരുമ്പോള്‍ മുട്ടുകുത്താന്‍ പറ്റാഞ്ഞിട്ടു പോലും മുട്ടുകുത്തിനിന്ന് വി. സെബാസ്റ്റ്യാനോസിന്റെ ലുത്തിനിയാ ചൊല്ലുന്നതും ഞായറാഴ്ച പോരാഞ്ഞിട്ട് ഇടദിവസങ്ങളിലും പള്ളിയില്‍ വന്ന് കുര്‍ബാന കഴിഞ്ഞിട്ട് മെഴുകുതിരികള്‍ കൂടി കത്തിച്ചിട്ട് പോകുന്ന കാഴ്ച ഈ അടുത്ത കാലത്ത് നാം കണ്ടതാണ്.

അതിനാല്‍ ക്രിസ്തുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ശ്രമിക്കാം. അതനുസരിക്കാന്‍ ശ്രമിക്കാം. ക്രിസ്തുവിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നാം ഭാഗ്യം ചെയ്തവരാകുന്നു. നമ്മുടെ ജീവിതങ്ങള്‍ ഭാഗ്യം നിറഞ്ഞതാകുന്നു. ‘നിങ്ങളുടെ കാതുകള്‍ ഭാഗ്യ മുള്ളവ, എന്തെന്നാല്‍ അവ കേള്‍ക്കുന്നു’ (മത്താ. 13:16). ക്രിസ്തുവിന്റെ വാക്കു കേട്ട് ജന്മം ഭാഗ്യമുള്ളതാക്കാനുള്ള അവസരം നമുക്കുണ്ട്. അത് പാഴാക്കരുത്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ