പരി. ജപമാല രാജ്ഞിയുടെ തിരുനാളിനു പിന്നിലെ ചരിത്രം

ക്ലിന്റൺ എൻ സി ഡാമിയൻ

ഒക്ടോബർ 7 പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ. ഈ തിരുനാളിനു പിന്നിലെ ചരിത്രമാണ് ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.

1571 ഒക്ടോബർ 7 ന് നടന്ന ലെപ്പാന്റോ യുദ്ധം കത്തോലിക്കാ സഭയെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഓട്ടോമൻ നാവിക സേനയും യൂറോപ്പ്യൻ രാജ്യങ്ങളുടെ വിശുദ്ധസഖ്യ നാവികസേനയും (സ്പെയിൻ, വെനീസ് ഗണരാജ്യം, ജെനോവ ഗണരാജ്യം, സവോയ് പ്രവിശ്യ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പയുടെ അധീനത്തിലായിരുന്ന ഇറ്റാലിയൻ പ്രദേശങ്ങൾ, ഇറ്റലിയിലെ സ്പെയിൻ-അധീനദേശങ്ങളായിരുന്ന നേപ്പിൾസ്, സിസിലി, സാർഡീനിയ എന്നിവ ചേർന്ന വിശുദ്ധ സഖ്യ സേന) തമ്മിൽ 1571 ഒക്ടോബർ 7-ആം തിയതി ഞായറാഴ്ച നടന്ന യുദ്ധമാണ് ലെപ്പാന്റോ യുദ്ധം.

ഈ യുദ്ധത്തിൽ വിശുദ്ധ സഖ്യത്തിന്റെ പങ്കായക്കപ്പൽപ്പട (Galley fleet), ഓട്ടോമൻ സാമ്രാജ്യത്തിന്റെ മുഖ്യകപ്പൽപ്പടയെ നിർണ്ണായകമായി പരാജയപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ഒരു നാവികയുദ്ധമാണ് ഇത്.

ഗ്രീസിൽ കോറിന്ത് ഉൾക്കടലിലുള്ള ലെപ്പാന്റോയിലെ അവരുടെ നാവികത്താവളത്തിൽ നിന്ന് പടിഞ്ഞാറോട്ട് മുന്നേറിയ ഓട്ടോമൻ കപ്പൽപ്പടയും ഇറ്റലിയിൽ സിസിലിയിലെ മെസ്സീനായിൽ നിന്നു വന്ന വിശുദ്ധ സഖ്യപ്പടയുമായി പടിഞ്ഞാറൻ ഗ്രീസിലെ പത്രാസ് ഉൾക്കടലിന്റെ വടക്കേയറ്റത്തുവച്ചുണ്ടായ ഈ ഏറ്റുമുട്ടൽ അഞ്ചുമണിക്കൂർ നീണ്ടുനിന്നു.

യുദ്ധം ആരംഭിക്കുന്നതിനു  മുൻപു തന്നെ അന്നുവരെ ശക്തരും അജയ്യരുമായിരുന്ന ഓട്ടോമാൻ തുർക്കി നാവികസേനയുടെ കരുത്ത് തിരിച്ചറിഞ്ഞ് യുദ്ധത്തിൽ പങ്കെടുക്കുന്ന സൈന്യത്തോടും യൂറോപ്പിലെ ജനങ്ങളോട് മാതാവിന്റെ മാദ്ധ്യസ്ഥം തേടി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ അന്നത്തെ മാർപ്പാപ്പയായിരുന്ന വി. പീയൂസ് അഞ്ചാമൻ ആഹ്വാനം ചെയ്തു. അതുകൊണ്ട് തന്നെ കത്തോലിക്കാ രാഷ്ട്രങ്ങൾ മാത്രമടങ്ങിയ വിശുദ്ധ സൈന്യവും ജനങ്ങളും യുദ്ധത്തിൽ വിജയത്തിനായി മാതാവിനോട് ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. കാരണം ഒരു പക്ഷേ ഓട്ടോമാൻ തുർക്കികൾ യുദ്ധം ജയിച്ചാൽ റോം ഉൾപ്പെടുന്ന കത്തോലിക്കാ സഭ അവരുടെ കീഴിലാകുമായിരുന്നു. ചരിത്രം തന്നെ മാറി മാറിക്കപ്പെട്ട് കത്തോലിക്കാ സഭ നാമാവശേഷമാകുമായിരുന്നു.

എന്നാൽ ശക്തി കുറഞ്ഞ വിശുദ്ധ സഖ്യ സൈന്യത്തിന് മാതാവ് കരുത്തു നൽകി. യൂറോപ്പിനെ പ്രത്യേകിച്ച് റോമിനെ ഓട്ടോമൻ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും ഓട്ടോമൻ ശക്തിയുടെ യൂറോപ്പിലേക്കുള്ള മുന്നേറ്റം തടയുകയും ചെയ്തു.

യുദ്ധം അവസാനിച്ചപ്പോൾ ഓട്ടമൻ സൈന്യത്തിന് വിശുദ്ധ സൈന്യം പിടിച്ചെടുത്ത 117 എണ്ണം അടക്കം 210 കപ്പലുകൾ നഷ്ടപ്പെട്ടിരുന്നു. വിശുദ്ധ സൈന്യത്തിന് 20 കപ്പലുകൾ നഷ്ടമാവുകയും 30 കപ്പലുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുകയും ചെയ്തു. അവരുടെ ഒരു കപ്പൽ മാത്രമാണ് ഓട്ടോമൻ സൈന്യത്തിന് പിടിച്ചെടുക്കാനായത്.

പതിനഞ്ചാം നൂറ്റാണ്ടുമുതൽ ഒരു പ്രധാന നാവികയുദ്ധത്തിൽ പോലും പരാജയപ്പെട്ടിട്ടില്ലായിരുന്ന ഓട്ടോമൻ സൈന്യത്തിന് ലെപ്പാന്റോയിൽ ഒരു വലിയ തിരിച്ചടി തന്നെയാണ് ലഭിച്ചത്.

യുദ്ധത്തിൽ പങ്കെടുത്ത ജെനോവയുടെ കപ്പലുകളെ നയിച്ചിരുന്ന ജിയോവാനി ആൻഡ്രിയ ഡോറിയ അദ്ദേഹത്തിന്റെ കപ്പലിൽ, സ്പെയിനിലെ ഫിലിപ്പ് രാജാവ് സമ്മാനിച്ച മെക്സിക്കോയിലെ ഗ്വാഡലൂപേ മാതാവിന്റെ ചിത്രം സൂക്ഷിച്ചിരുന്നു.

യുദ്ധവിജയത്തിൽ ജപമാലയുടെ പങ്ക് കത്തോലിക്കാ സഭ എന്നും അനുസ്മരിച്ചീടാൻ പീയൂസ് അഞ്ചാമൻ മാർപ്പാപ്പ ഒക്ടോബർ 7 ജപമാല രാജ്ഞിയായ മറിയത്തിന്റെ തിരുനാളായി പ്രഖ്യാപിച്ചു. ഇന്ന് സഭ നേരിടുന്ന പ്രതിസന്ധികളിൽ നമ്മുക്ക് കരങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ