പരിശുദ്ധ കന്യകാ മറിയം എന്റെ ജീവിതത്തിൽ

സാജന്‍ ജോസഫ്‌

മാതാവിനെപ്പറ്റിയുള്ള ഓർമകൾക്ക് എന്റെ ജനനത്തോളം പഴക്കമുണ്ട്. വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ  ഇടവകപ്പള്ളിയിലെ ഉണ്ണീശോയെയും കരങ്ങളിൽ വഹിച്ചുകൊണ്ട് നില്ക്കുന്ന മാതാവിന്റെ രൂപം ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞുപോയതാണ്. അമ്മയും അപ്പനും മുട്ടിന്മേൽ നിന്ന് ജപമാല ചെല്ലുന്നത് കുഞ്ഞിലേ കണ്ടുവളർന്നതുകൊണ്ടാകാം ജപമണികളോട് വല്ലാത്തൊരു ആകർഷണം ഉണ്ടായിരുന്നത്. സംസാരിച്ചു തുടങ്ങുമ്പോൾ ഏത് കുഞ്ഞും ആദ്യം ഉച്ചരിക്കുന്ന വാക്ക് അമ്മ എന്നാണ്. കുരിശുവരെയുടെ സമയം എന്റെ കുഞ്ഞു കൈകളിൽ കൊന്ത വച്ചുതന്നുകൊണ്ട് അമ്മ നന്മ നിറഞ്ഞ മറിയമേ… എന്ന പ്രാർത്ഥന എന്നെ പഠിപ്പിച്ചു. ഇന്നും ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം ഉരുവിടുന്നതും ആ പ്രാർത്ഥനതന്നെയാണ് എന്ന് പറയുന്നതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ല.

ജപമാല ചൊല്ലുമായിരുന്നുവെങ്കിലും അതൊരു അനുഭവമായി ജീവിതത്തിൽ മാറിയത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് ഞങ്ങളുടെ വീടിന്റെ മേൽക്കൂര മുഴുവൻ പൊളിച്ചുമാറ്റി അറ്റകുറ്റ പണികൾ ചെയ്യുമ്പോൾ അപ്രതീക്ഷിതമായി മഴ വന്ന്. എന്റെ അപ്പൻ നിലത്തിൽ മുട്ടുകൾ കുത്തി ജപമാല കരങ്ങളിൽ എടുത്ത് മാതാവേ എന്ന് വലിയ വായിൽ നിലവിളിച്ചുകൊണ്ട് കരഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി എന്റെ അപ്പന്റെ കണ്ണുനീർ പരിശുദ്ധ മാതാവ് ഈശോയുടെ സന്നിധിയിൽ എത്തിച്ചത് കാരണം ആ മഴ മാറിപ്പോയി. അന്ന് മഴ പെയ്തിരുന്നുവെങ്കിൽ ഞങ്ങൾ വഴിയാധാരമായേനെ. അന്നുമുതൽ മാതാവിന്റെ വലിയ ഭക്തനായി ഞാൻ മാറി. അതിനുശേഷം വിശോസത്തോടെ ജപമാല ചൊല്ലാൻ ഞാൻ ആരംഭിച്ചു. സെമിനാരിയിൽ ചേരാനുള്ള ആഗ്രഹം വീട്ടിൽ അറിയിക്കുമ്പോഴും പരിശുദ്ധ മാതാവ് എന്റെ വഴികളിൽ തുണയായ് കൂടെയുണ്ടാകും എന്ന ബോദ്ധ്യം എന്നെ ശക്തിപ്പെടുത്തി. പരീക്ഷകളും ബുദ്ധിമുട്ടുകളും എന്നെ അലട്ടിയ നാളുകളിൽ എന്റെ കരങ്ങളെ ശക്തിപ്പെടുത്തുന്ന ആയുധമായി ജപമാല മാറി.

ഇന്നും എത്ര വലിയ പ്രതിസന്ധികൾ എന്റെ ജീവിതത്തിൽ ഉണ്ടായാലും ജപമാല കരങ്ങളിൽ എടുക്കുമ്പോൾ പരിശുദ്ധ മാതാവിന്റെ ശക്തമായ സാന്നിദ്ധ്യവും പരിപാലനയും ഞാൻ അനുഭവിക്കാറുണ്ട്. സെമിനാരി ജീവിതത്തിലെ ആദ്യ നാളുകളിൽ ഞാൻ അഭിമുഗീകരിച്ചു ഏറ്റവും വലിയ പ്രയാസമാണ് പഠിക്കുവാനുള്ള ബുദ്ധിമുട്ട്. അതിന്റെപേരിൽ പലപ്പോഴും വൈദികരായ അദ്ധ്യാപകരിൽ നിന്നും ഒരുപാട് വഴക്കുകളും കേൾക്കേണ്ടതായി വന്നിട്ടുണ്ട്. ആരും കാണാതെ ആ സമയങ്ങളിൽ ദൈവാലയത്തിൽ പോയി മുട്ടിന്മേൽ നിന്ന് ജപമാലകൾ ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു. മേജർ സെമിനാരിയിലേക്ക് പോകാനുള്ള പ്രവേശന പരീക്ഷ ഞാൻ എങ്ങനെയൊക്കെയോ ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ജയിച്ചു.

ഞങ്ങൾ 8 പേരാണ് മേജർ സെമിനാരിയിലേക്ക് പോകേണ്ടവർ. ഞങ്ങളെ എല്ലാവരെയും കണ്ടപ്പോൾ അഭിവന്ദ്യ പിതാവ് എന്നോട് മാത്രമായി പറഞ്ഞു, “നിന്നെ കുറിച്ചുമാത്രമേ എനിക്ക് ആകുലതയുള്ളൂ; നീ എല്ലാ വിഷയത്തിനും ജയിക്കുവോ ? എന്നെ നാണം കെടുത്തരുത്” ഇതെന്റെ ഉള്ളിൽ ഒരു ചാട്ടുളിപോലെ വന്ന് പതിച്ചു. മേജർ സെമിനാരിയിൽ ചെന്ന ഞാൻ കഠിനമായി അധോനിക്കാൻ തുടങ്ങി കൂടെ മാതാവിന്റെ ജപമാലയെന്ന ആയുധവും ചേർന്നപ്പോൾ പഠനത്തിൽ മികവ് പുലർത്താൻ എനിക്ക് കഴിഞ്ഞു. എല്ലാം നന്നായി മുൻപോട്ട് പോകുമ്പോൾ അപ്രതീക്ഷിതമായി വീട്ടിൽ നിന്നും ഒരു ഫോൺ വന്ന് അപ്പന് അസുഖമാണ്. ഞാൻ ഉടനെ തന്നെ പുറപെട്ടുപോയി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്. മഞ്ഞപ്പിത്തം കൂടുതലായതിനാൽ താലൂക്ക് ആശുപത്രിയിൽ നിന്നും അവര് കൈയൊഴിഞ്ഞതാണ് അപ്പനെ. അവിടെ വെന്റിലേറ്ററിനോട് ചേർന്നുള്ള  പതിനാറാം വാർഡിൽ നിലത്തായി എന്റെ അപ്പനെ ഞാൻ കണ്ടു. തിരക്കുകാരണം ബെഡ് കിട്ടിയില്ല എന്നാൽ അന്ന് രാത്രിതന്നെ അവിടെ ഉണ്ടായിരുന്ന ഒരാൾ മരിച്ചതിനാൽ എന്റെ അപ്പന് ബെഡ് കിട്ടി.

ഡോക്ടർ വന്ന് നോക്കിയിട്ട് വളരെ നിസ്സംഗതയോടെ പറഞ്ഞു തൊണ്ണൂറ്റി എട്ട് ശതമാനം ഈ വ്യക്തി മരിക്കും ഞങ്ങളെകൊണ്ട് ആകുന്നത് ഞങ്ങൾ ചെയ്യാം രക്ഷപെടും എന്നതിന് യാതൊരു ഉറപ്പും ഇല്ല. ഇത് കേൾക്കുമ്പോൾ എന്റേയും അമ്മയുടെയും അപ്പന്റെയും പെങ്ങളുടെയും കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. ഒരു നിമിഷം ഞാൻ ചിന്തിച്ചു ദൈവമേ എന്റെ പൗരോഹിത്യ സ്വപ്നം ഇവിടെ അവസാനിക്കുവാണോ !!! അവിടെ ആ വരാന്തയുടെ ഒരു കോണിൽ മുട്ടുകൾ കുത്തി കണ്ണുനീരോടെ ഞാൻ കൊന്ത ചൊല്ലി അതിലെ കടന്നുപോയവരൊക്കെ ഒരു വിചിത്ര ജീവിയെ കാണുന്ന കൗതുകത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു എന്നാൽ അതൊന്നും എന്റെ പ്രാർത്ഥനക്ക് തടസ്സമായില്ല. ദിവസങ്ങൾ കടന്നുപോയി ഞാൻ എന്റെ ജപമാല പ്രാർത്ഥന തുടർന്നുപോന്നു. സെമിനാരിയിലും വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചു അച്ചന്മാരും ബ്രദർമാരും  പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ എന്റെ അപ്പൻ മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ നിന്നും ജീവിതത്തിലേക്ക് തിരികെവരാൻ തുടങ്ങി. മൂന്ന് മാസത്തെ പരിപൂർണ വിശ്രമത്തിനുശേഷം എന്റെ അപ്പൻ പൂർണ്ണ ആരോഗ്യവാനായി മാറി.

ഞാൻ ഇന്നും ഉറച്ചു വിശ്വസിക്കുന്നു എന്റെ അപ്പന്റെ ജീവൻ തിരികെ തന്നത് എന്റെ പരിശുദ്ധ അമ്മയാണ്. അന്ന് ഒരു കാര്യം കുടി എനിക്ക് ബോദ്ധ്യമായി എന്നെ എന്റെ ഈശോ തന്റെ നിത്യ പൗരോഹിത്യത്തിലേക്കു വിളിച്ചിട്ടുണ്ട് എന്ന്. ഒരുപക്ഷെ അന്ന് എന്റെ അപ്പൻ മരിച്ചിരുന്നുവെങ്കിൽ എന്റെ പൗരോഹിത്യ സ്വപ്നം അവിടവസാനിക്കുമായിരുന്നു. ഒറ്റ പുത്രനായ ഞാൻ കുടുംബഭാരം ഏറ്റെടുക്കണ്ട് നിവർത്തിയില്ല. പിന്നീടുള്ള എന്റെ ജീവിതത്തിൽ ജപമാലയും മാതാവും എന്റെ സന്തത സഹചാരിയായി മാറി. സെമിനാരി ജീവിതകാലത്തെ ചില കയ്പ്പേറിയ അനുഭവങ്ങൾ പരിശീലനം ഉപേക്ഷിച്ചു തിരികെപോകാൻ ശക്തമായ പ്രേരണ തന്നപ്പോഴും എനിക്ക് കരുത്തു പകർന്ന് എന്നെ എന്റെ ദൈവവിളിയിൽ പിടിച്ചു നിർത്തിയത് പരിശുദ്ധ അമ്മയാണ്. തിരുപ്പട്ട സ്വീകരണം അടുത്ത് വന്നപ്പോൾ എന്തെന്നില്ലാത്ത ഭയവും, നിരാശയും, അകാരണമായ സംശയങ്ങളും, എടുത്ത തീരുമാനം തെറ്റായി പോയോ എന്ന ചിന്തയും എന്നെ നിരന്തരം അലട്ടിയപ്പോഴും ജപമാല തന്നെയാണ് എനിക്ക് നേരായ ബോദ്ധ്യങ്ങൾ തന്ന് എന്റെ വിളിയെ അരക്കിട്ടു ഉറപ്പിച്ചത്. പൗരോഹിത്യ സ്വീകരണത്തിന്റെ തലേദിവസം പനി പിടിച്ചു ഞാൻ കിടന്നുപോയി. അപ്പോഴും മാതാവ് തന്ന ഉൾക്കരുത്തു അവർണനീയമാണ്.

കണ്ണുനീരോടെ പൗരോഹിത്യം സ്വീകരിക്കുമ്പോഴും പ്രഥമ ദിവ്യബലി അർപ്പിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ശക്തിപെടുത്താലും പരിലാളനയും എത്ര മാത്രം ഞാൻ അനുഭവിച്ചറിഞ്ഞു എന്ന് വാക്കുകളാൽ പറഞ്ഞറിയിക്കാനാവില്ല . തിരുപ്പട്ടം നല്കാനായി അഭിവന്ദ്യ പിതാവ് തലയിൽ കരങ്ങൾവച്ച് ആശീർവദിച്ചപ്പോൾ എന്റെ ഉടയ തമ്പുരാനോട് കണ്ണൂനീരോടെ ആവശ്യപ്പെട്ടതും മറ്റൊന്നുമായിരുന്നില്ല ജീവിതാവസാനംവരെ വൈദികജീവിതത്തിൽ വിശുദ്ധിയോടെ നിലനില്ക്കാനും, ഞാൻ അർപ്പിക്കുന്ന ഓരോ വിശുദ്ധ ബലിയും എന്റെ ജീവിതത്തിൽ അനുഭവമായി മാറുവാനും, പാപമോചകമായ കുമ്പസാരം എന്ന കുദാശയിലൂടെ ഞാൻ ബന്ധിക്കുന്ന ഓരോ പാപവും ദൈവസന്നിധിയിൽ എന്നും ബന്ധിക്കപ്പെട്ടവയായിരിക്കാനും, കണ്ടുമുട്ടുന്ന ഓരോ വ്യക്തികളിലും ഈശോയെ കാണാനും, ഞാൻ പരികർമ്മം ചെയ്യുന്ന ഓരോ കൂദാശയും വേണ്ടത്ര ഒരുക്കത്തോടും വിശുദ്ധിയോടും കൂടെ മാത്രം ചെയ്യാനും, എല്ലാവർക്കും എന്റെ ജീവിതം വഴി മാതൃകയാകാനും അമ്മയുടെ അരുമ സുതനോട് പ്രാർത്ഥിക്കണമേ എന്നാണ്.

തിരുപ്പട്ടം സ്വീകരിച്ച നാൾ മുതൽ ഇന്നുവരെ ഒരിക്കൽപോലും ജപമാല ഞാൻ മുടക്കിയിട്ടില്ല; കാരണം അതെന്നെ നാശത്തിന്റെയും, പാപത്തിന്റെയും വഴികളിൽ കൊണ്ട് ചെന്നെത്തിക്കുമെന്ന ഉത്തമ ബോദ്ധ്യം. പൗരോഹിത്യജീവിതം ഉപേക്ഷിച്ചുപോയ ഒരുപാട് പേരോട് സംസാരിച്ചതിൽ നിന്നും എനിക്ക് ഒരു കാര്യം വ്യക്തമായി അവരുടെ ആരുടെയും ജീവിതത്തിൽ ജപമാല പ്രാർത്ഥന ചൊല്ലുന്ന ശീലമില്ലായിരുന്നുവെന്ന് .  പരിശുദ്ധ മാതാവ് വഴിയായി എന്റെ ജീവിതത്തിൽ ഉണ്ടായ നിരവധിയായ അനുഭവങ്ങളിൽ ചിലത് ഞാൻ പങ്കുവച്ചത് ഞാൻ ഒരു വലിയ സംഭവം ആണെന്ന് പറയാനോ, എന്റെ മേന്മ കാണിക്കാനോ അല്ല. മറിച്ചു് തന്നെ നിരന്തരം വിളിച്ചു തന്റെ സഹായവും മാദ്ധ്യസ്ഥവും അപേക്ഷിക്കുന്നവരെ പരിശുദ്ധ മറിയം ഒരിക്കലും കൈവിടില്ല എന്നോർമിപ്പിക്കാൻ മാത്രമാണ്. എന്റെ അനുദിന ജീവിതത്തിൽ പരിശുദ്ധ മാതാവ് എന്റെ കരങ്ങളിൽ മുറുകെ പിടിച്ചിരിക്കുന്നതുകൊണ്ടാണ് വലിയ വീഴ്ചകൾ ഇല്ലാതെ ഞാൻ മുൻപോട്ട് പോകുന്നത്.

ഒരു കാര്യം മാത്രം എന്റെ പൗരോഹിത്യജീവിതം സാക്ഷിയാക്കി ഞാൻ ഉറപ്പ് തരാം പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി കണ്ട് അനുദിനം ജപമാല പ്രാർത്ഥന ചൊല്ലുന്ന ഒരു വ്യക്തിയും നശിച്ചു പോകാനോ, പാപത്തിൽ വീഴാനോ, തിന്മയിൽ പതിക്കാനോ, നിരാശക്ക് അടിമപ്പെടാനോ, ആകുലപെടാനോ, വഴിതെറ്റി പോകാനോ പരിശുദ്ധ അമ്മ അനുവദിക്കില്ല. ജീവിത വിശുദ്ധിയിൽ നിലനില്ക്കാനും, പ്രതിസന്ധികളെ സധൈര്യം അഭിമുഖികരിക്കാനും അമ്മയുണ്ട് ചാരെ. പിശാചിന്റെ തല തകർത്തവളാണ് പരിശുദ്ധ അമ്മ. സഭ പാഷണ്ഡതകളിൽ നിന്നും നിരവധിയായ ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടത് പരിശുദ്ധ മാതാവിനോടുള്ള നിരന്തരമായ മാധ്യസ്ഥത്തിലൂടെയാണ്. ആ അമ്മയുടെ കൈകളിൽ നമ്മെ പൂർണമായും ഭരമേല്പിക്കാം. അവളുടെ നിലയങ്കിക്കുള്ളിൽ നമുക്ക് സുരക്ഷിതരാകാം.

എത്രയും ദയയുള്ള മാതാവേ , നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓർക്കണമേ. കന്യകകളുടെ രാഞ്ജിയായ കന്യകെ, ദയയുള്ള മാതാവേ ഈ വിശ്വസത്താൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളേണമേ, ആമ്മേൻ.

ഫാ. സാജന്‍ ജോസഫ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ