വേഴാമ്പൽ കേരളത്തിന്റെ സംസ്ഥാന പക്ഷി

എന്തുകൊണ്ടാണ് വേഴാമ്പലിനെ കേരളത്തിന്റെ സംസ്ഥാന പക്ഷിയായി തെരഞ്ഞെടുത്തിരിക്കുന്നത് ?

പല ഉത്തരങ്ങളും പറയാം, മഴ കാത്തിരിക്കുന്നതുകൊണ്ടു്, വംശനാശം സംഭവിക്കുന്നതുകൊണ്ട്‌ ….അങ്ങനെ പലതും പറയാം. നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക്‌ പ്രാധാന്യം കല്പിക്കുന്നവരാണ്. അതുപോലെ കുടുംബത്തിന് പ്രാധാന്യം നല്കുന്നതുകൊണ്ടാണ് വേഴാമ്പലിനു് ആ പദവി കിട്ടിയതെന്ന് എത്ര പേർക്കറിയാം ? ഈ അറിവ് ഒരു നൊമ്പരത്തോടു കൂടി മാത്രമേ നമുക്കു ഉൾക്കൊള്ളാൻ കഴിയൂ.

സാധാരണ പക്ഷികളും മൃഗങ്ങളും പോളിഗാമിയാണ്, എന്ന് വച്ചാൽ ഒരു പക്ഷിക്ക് /മൃഗത്തിന് ഒന്നിലധികം ഇണകൾ. എന്നാൽ വേഴാമ്പലിൻറെ ജീവിതായുസ്സിൽ അതിനു ഒരൊറ്റ ഇണ മാത്രമേയുള്ളൂ.

വേഴാമ്പൽ ഇണചേർന്ന ശേഷം മരത്തിൽ പൊത്തുണ്ടാക്കി പെണ്പക്ഷി അതിൽ മുട്ടയിടുന്നു. പെൺപക്ഷിയെ പൊത്തിലിരുത്തി ആണ്പക്ഷി ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും.

കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്കെ തേടിനടന്നു ഭക്ഷണം കൊണ്ടുവന്നു പെൺപക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും.

മുട്ട വിരിഞ്ഞു കഴിയുമ്പോൾ പെണ്പക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഉടൻ തന്നെ ആൺപക്ഷി വന്നു കൂടു കുത്തിപ്പൊട്ടിക്കുകയും അമ്മയെയും മക്കളെയും സ്വാതന്ത്രരാക്കുകയും ചെയ്യും. ഒരു പക്ഷെ ഇരതേടിപ്പോകുന്ന വഴിക്കു അച്ഛൻ പക്ഷി മരിച്ചു വീണാൽ അമ്മക്കിളിയും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും..

മനസ്സിൽ ഒരു നെരിപ്പോട് എരിയുന്ന പ്രതീതി.
വഴിക്കണ്ണുമായി ഒരച്ഛനെ കാത്തിരിക്കുന്ന ഒരമ്മയും വിശന്നു കരഞ്ഞു തളർന്ന ആ കുഞ്ഞുങ്ങളും നമ്മുടെ മനസ്സിൽ ഒരു നീറ്റൽ ഉണ്ടാക്കിയില്ലേ ?

സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത്‌ വേഴാമ്പൽ എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കല്പം നമുക്കു കാട്ടിത്തരുന്നത്.

ജീവഹാനിയെ പോലും തൃണവൽഗണിച്ചു കൊണ്ട് കുടുംബ ഭദ്രതയും പ്രിയപ്പെട്ടവരുടെ ക്ഷേമവും ഉറപ്പു വരുത്തുന്ന അച്ഛൻമാർക്കുo അതുപോലെ തന്നെ സ്വന്തം ജീവൻ പോലും അപകടപ്പെടുത്തിയിട്ടു വംശം നിലനിർത്തുവാൻ വേണ്ടി പ്രത്യുൽപ്പാദനത്തിന്റെ മുഖ്യ പങ്കു വഹിക്കുന്ന നമ്മുടെ അമ്മമാർക്കും മാതൃകയല്ലേ വേഴാമ്പൽ എന്ന ഈ ചെറു പക്ഷി (ആൺ പക്ഷിയും പെൺ പക്ഷിയും)?

വേഴാമ്പൽ എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കൽപ്പം നമുക്ക് കാട്ടി തരുന്നത്. ഇവരുടെ സ്നേഹം നമ്മെ പഠിപ്പിക്കുന്നത് എത്രയോ വലിയ പാഠമാണ്. നാം നിസ്സാരമെന്നും ചെറുതെന്നും കരുതി ഒഴിവാക്കുന്ന പലതിലും പാഠങ്ങളുണ്ട്.

ആരും ചെറുതല്ല, ഒന്നും ചെറുതല്ല. അവയിലെ നന്മയെയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞു മാതൃകയാക്കുന്നതല്ലേ മാനവികത … നെഞ്ചിലേറ്റി നടക്കാൻ ഇഷ്ടപ്പെടുന്ന ചില അസ്വസ്ഥതകൾ എല്ലാരിലുമുണ്ട്; അതിലൊന്നാകട്ടെ ഈ വേഴാമ്പലും.

ജോ ജോസഫ്‌ ആന്റണി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here