നവവല്‍സരോപഹാരമായി ഔവ്വര്‍ ലേഡീസിന്റെ ‘സ്‌നേഹവീട്’

തോപ്പുംപടി ഔവ്വര്‍ ലേഡീസ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി നവവല്‍സരോപഹാരമായി കൈമാറിയ രണ്ട് വീടുകളുടെ താക്കോല്‍ ദാന കര്‍മം മേയര്‍ സൗമിനി ജെയിന്‍, ബിഷപ് മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍, ഹൈബി ഈഡന്‍ എംഎല്‍എ, ജോസഫ് കുര്യന്‍, ആനി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ സമീപം.

കൊച്ചി: പശ്ചിമകൊച്ചി മഹാകാര്‍ണിവലിന്റെ പൂരചമയങ്ങളോടെ നവവല്‍സരത്തെ വരവേറ്റപ്പോള്‍ തോപ്പുംപടി ഔവ്വര്‍ ലേഡീസ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഭവനരഹിതരായ രണ്ടു കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ സ്‌നേഹവീട് സമ്മാനിച്ചുകൊണ്ടാണ് നവവല്‍സരത്തെ എതിരേറ്റത്. കലുഷിതമായ അന്തരീക്ഷത്തില്‍ ഭീതിപടര്‍ത്തി പടിയിറങ്ങിയ 2017-ന്റെ ദുഃഖസ്മൃതികള്‍ക്ക് വിടചൊല്ലിക്കൊണ്ട് ശുഭപ്രതീക്ഷകള്‍ പകര്‍ന്ന് ജൂലി വില്‍സനും, പി. എം. പത്മിനിക്കും ഓരോ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ ഇവര്‍ക്ക് ഇതൊരു സ്‌നേഹവീടും നവവല്‍സരോപഹാരവുമായിത്തീര്‍ന്നു.

തോപ്പുംപടി ഔവ്വര്‍ ലേഡീസ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ ഭവനങ്ങളുടെ എണ്ണം ഇതോടെ 68 ആയി. ലോകം മുഴുവന്‍ ഉറക്കമിളച്ചിരുന്ന് പുതുവര്‍ഷപിറവിയുടെ ആനന്ദലഹരിയില്‍ സന്തോഷിക്കാന്‍ കാത്തിരിക്കുമ്പോള്‍ സ്വന്തമായി ഒരു കൂര എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായി കാത്തിരിക്കുകയായിരുന്നു നാളുകളായി ജൂലിയും പത്മിനിയും. ആ സ്വപ്നസാക്ഷാത്ക്കാരമാണ് 2018-ന്റെ പിറവിയില്‍ ഇവര്‍ക്ക് സ്‌നേഹവീടുകളായി ലഭിച്ചത്.

സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ നവവല്‍സരാഘോഷങ്ങള്‍ കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വീടുകളുടെ താക്കോല്‍ ദാന കര്‍മം എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍, ഹൈബി ഈഡന്‍ എംഎല്‍എ, ജോസഫ് കുര്യന്‍, ആനി കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

നോവല്‍റ്റി ടെക്സ്റ്റയില്‍സ് ഉടമ ഇ. പി. ജോര്‍ജിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് നവവല്‍സരോപഹാരമായി അണിയിച്ചൊരുക്കിയ സ്‌നേഹവീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ഇ. പി. ജോര്‍ജ്, ആനി ജോര്‍ജ്, ലില്ലിപോള്‍, ടെറീന ജെയ്‌സണ്‍, വിജി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply