സ്നേഹത്തിന്റെ കൂടൊരുക്കിയ ഒരു കൂട്ടം സന്യസ്തര്‍

സന്ന്യാസത്തിന്റെ നേരെഴുത്ത് 8

സന്യാസം അത് മറ്റുള്ളവർക്കു മാതൃകയാകുവാൻ ഉള്ളതാണെന്നും സേവനത്തിൽ അടിസ്ഥാനമിട്ടതാണെന്നും ഉറച്ചു വിശ്വസിച്ച ഒരു കൂട്ടം സന്യസ്തർ. അടച്ചുറപ്പുള്ള ഒരു വീടില്ലാതെ കഷ്ടപ്പെടുന്ന കുറച്ചാളുകളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുവാൻ അവർ തീരുമാനിച്ചു. അതിനായി തങ്ങളുടെ അത്യാവശ്യങ്ങൾ മാത്രം പരിഗണിച്ചു. എട്ടു വീടുകൾ പണിതു പൂർത്തിയാക്കി സമൂഹത്തിനു മുന്നിൽ സമർപ്പിച്ചു. ആ സമർപ്പണത്തിനു പിന്നിലെ ത്യാഗം ചെറുതായിരുന്നില്ല.

വി. ഫ്രാൻസിസ് അസീസിയുടെ നാമത്തിൽ സ്ഥാപിതമായ ഒരു സന്യാസ സമൂഹമാണ് ഫ്രാൻസിസ്ക്കൻ സിസ്റ്റർസ് ഓഫ് ഓൾ സെയ്ന്റ്സ്. വിശുദ്ധന്റെ ജീവിത പാത പിന്തുടർന്ന ഇതിലെ അംഗങ്ങൾ സ്നേഹത്തിന്റെ കരുതലിന്റെ അഭാവം ഉള്ളിടത്തെല്ലാം താങ്ങായി തണലായി ഓടിയെത്തി. തങ്ങളുടെ സഭാ സ്ഥാപകനിൽ നിന്ന് ലഭിച്ച ചൈതന്യം തീക്ഷ്ണതയോടെ ഉൾക്കൊണ്ട് പാവപ്പെട്ടവരുടെയും നിരാലംബരുടെയും കണ്ണിരൊപ്പുന്നതിനായി ഉള്ള ഓട്ടത്തിനിടയിലാണ് തങ്ങൾക്കു ചുറ്റും അടച്ചുറപ്പുള്ള ഒരു ഭവനം ഇല്ലാത്തതിന്റെ വേദനയിൽ കഴിയുന്ന ചില മുഖങ്ങൾ അവരുടെ കണ്ണിൽ പെട്ടത്. അവരെ എങ്ങനെ സഹായിക്കണം? മദർ സി. എലിസബത്തിന്റെ കാരുണ്യം നിറഞ്ഞ ചോദ്യങ്ങൾക്കു മുൻപിൽ തങ്ങളുടെ ആവശ്യങ്ങളെ ഒക്കെ ത്യജിച്ച അവർ വേദനിക്കുന്ന കുറച്ചു മനുഷ്യരുടെ സ്വപ്നങ്ങൾക്ക് നിറം പകരുവാൻ തുടങ്ങി.

വീടില്ലാത്തവർക്ക് വീട് വയ്ക്കണം, പക്ഷെ അത് എങ്ങനെ ? അതിനുള്ള പണം എങ്ങനെ കണ്ടെത്തും? നിരവധി  ചോദ്യങ്ങൾ അവരുടെ മുൻപിൽ തെളിഞ്ഞു. അവർ തങ്ങളുടെ ആഗ്രഹങ്ങളെ ദൈവത്തിനു മുൻപിൽ സമർപ്പിച്ചു. അപ്പോൾ മദർ ഒന്നുകൂടെ പറഞ്ഞു “കുഞ്ഞുങ്ങളെ, കേറിക്കടക്കാൻ ഒരു ഇടം തട്ടിക്കൂട്ടുക എന്നതിൽ ഉപരി അത് ഏറ്റവും ഭംഗിയായി നൽകുവാൻ നമുക്ക് കഴിയണം.” ശരിയാണ് മറ്റൊരാൾക്ക് ഒരു സഹായം ചെയ്യുമ്പോൾ അത് അതിന്റെ പൂർണ്ണതയിൽ നൽകണം. മദർ പറഞ്ഞതിന്റെ ആശയം ഗ്രഹിച്ച അവർ വീടുകൾ പണിയുന്നതിനായുള്ള ശ്രമം ആരംഭിച്ചു.

അതിനായി തങ്ങളുടെ ചിലവുകൾ എല്ലാം അവർ മാറ്റി വെച്ചു. അത്യാവശ്യം ഉള്ള കാര്യങ്ങൾക്കു മാത്രം അവർ പരിഗണന നൽകി. ചിലവ് കുറയും മിച്ചം പിടിച്ചും കണ്ടെത്തിയ പണത്തിൽ നിന്ന് അവർ പതിയെ പണികൾ ആരംഭിച്ചു. പണത്തിന്റെ ക്ഷാമം വന്നപ്പോൾ ഇടക്ക് പണം കണ്ടെത്താൻ മറ്റുള്ളവരുടെ മുന്നിൽ കൈകൾ നീട്ടി. അങ്ങനെ അവർ പത്തു വർഷങ്ങൾ കൊണ്ട് എട്ടു വീടുകളുടെ പണി പൂർത്തിയാക്കി. ഇത്രയും കാലതാമസം എടുത്തത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അവർക്കു പറയാൻ ഒരുപാട് ത്യാഗങ്ങളുടെ കണക്കുണ്ട്. പക്ഷെ ഒന്നും പറയാതെ ചിരിച്ച മുഖത്തോടെ സമൂഹത്തിനു മുന്നിൽ ആ വീടുകൾ സമർപ്പിച്ചപ്പോൾ നന്ദിയല്ലാതെ മറ്റൊന്നും അവർക്കും പറയാനുണ്ടായിരുന്നില്ല. കാരണം തങ്ങൾക്കു സ്വപ്നം കാണാൻ കഴിയാത്ത അത്രയും മനോഹരമായ വീടുകളായിരുന്നു അവ.

ആശിച്ചു മോഹിച്ചു സമ്പാദിച്ച കാശുകൊണ്ട് ഒരു വ്യക്തി തനിക്കായി തന്നെ ഒരു വീട് പണിതാൽ എങ്ങനെ ഇരിക്കുമോ അത്രയും മനോഹരമായിരുന്നു ആ എട്ടു വീടുകൾ. എട്ട് ഭവനങ്ങിലേയ്ക്ക് ആവശ്യമായ വസ്തുക്കളും ഈ നല്ല അമ്മമാർ സംഭാവന ചെയ്തു. വി. ഫ്രാൻസിസ് അസീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ 4 ന് അവർ വീടുകൾ സമർപ്പിച്ചു. പക്ഷെ ഇവർ ചെയ്ത ഈ നന്മ സമൂഹത്തിൽ അധികമാരും അറിഞ്ഞില്ല താനും. നീതിയും ന്യായവും സമ്മോഹത്തിനു നൽകുവാനായി വെമ്പൽ കൊണ്ട് നിന്ന മാധ്യമങ്ങളോ മനുഷ്യാവകാശ സംഘടനകളോ ഈ അമ്മമാരുടെ നന്മകളെ കണ്ടെത്തുവാനോ പ്രോത്സാഹിപ്പിക്കുവാനോ തുനിഞ്ഞില്ല.

ഈ സന്യാസിനിമാർ ഒരു ഓർമപ്പെടുത്തലാണ്. “നിങ്ങൾ അവഹേളിച്ചോളൂ. അതിനൊന്നും ഞങ്ങളെ തകർക്കാൻ കഴിയില്ല. തളർത്താൻ കഴിയില്ല. കാരണം സ്വർഗ്ഗീയമായ സ്നേഹമാണ് തങ്ങളെ നയിക്കുന്നത്” എന്ന ഓർമപ്പെടുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ