മരണനേരത്തു വിശുദ്ധ കുര്‍ബാനയെ നെഞ്ചോട് ചേര്‍ത്ത വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

ഹങ്കേറിയക്കാരുടെ വിശ്വാസത്തിനു പ്രചോദനമേകിയ, കരുത്തേകിയ  ഫാ. ജനോസ് ബ്രെന്നറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തി. ഹംഗറിയിലെ സസോംബതേലിയില്‍ വച്ച് മെയ് ഒന്നാം തിയതിയാണ് സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തിയത്.  60 വര്‍ഷം മുമ്പ് ബ്രെന്നറിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിശ്വാസികളെ തടയാന്‍ ശ്രമിച്ച അതേ സ്ഥലത്തുവച്ച് തന്നെയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

1931 ഡിസംബര്‍ 27 ഹംഗറിയിലെ സസോംബതേലിയിലാണ് ജനോസ് ബ്രെന്നര്‍ ജനിച്ചത്. ചെറുപ്പം മുതല്‍ സിസ്റ്റര്‍സിയന്‍ സഭക്കാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബ്രെന്നറിന് തന്റെ ദൈവവിളി മനസിലാക്കുവാന്‍ അധികം താമസം ഒന്നും വന്നില്ല.  1950 ല്‍ സിറക്കിലെ സിസ്റ്റര്‍സിയന്‍ സഭയില്‍ വൈദിക പഠനത്തിനായി ചേര്‍ന്നു. ഈ സമയത്താണ് ഹങ്കറിയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തില്‍ വരുന്നത്. കത്തോലിക്കരുടെ ആഴമായ വിശ്വാസത്തിനു പിന്നില്‍ വൈദികര്‍ക്കു നിര്‍ണ്ണായക സ്ഥാനം ഉണ്ടെന്നു മനസിലാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചു.

ഈ സമയം വൈദിക വിദ്യാര്‍ഥികളുടെ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി, എല്ലാവരെയും ആയിരിക്കുന്നിടത്തു നിന്ന് മാറ്റുവാന്‍ സഭാധികാരികള്‍ തീരുമാനിച്ചു. ഈ സമയം ബ്രെന്നറും മറ്റു കുറച്ചു വൈദിക വിദ്യര്‍ത്ഥികളും പ്രാദേശിക സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പഠനം തുടര്‍ന്നു. ഒപ്പം തന്നെ കത്തോലിക്കരുടെ വിശ്വാസത്തെ ആഴപ്പെടുത്തുന്ന ചെറു ലേഖനങ്ങളും മറ്റും ബ്രെന്നര്‍ എഴുതിയിരുന്നു. ഇതു പീഡനങ്ങളുടെ നടുവിലും പിടിച്ചു നില്ക്കാന്‍ വിശ്വാസികളെ സഹായിച്ചു. ബ്രെന്നറിനെ കമ്മ്യൂണിസ്റ്റുകാരുടെ ശത്രുവാക്കാന്‍ അതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. തനിക്കെതിരെ ഭീഷണികള്‍ ഉയരുന്നുണ്ടെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും ധൈര്യത്തോടെ അദ്ദേഹം തന്റെ എഴുത്ത് തുടര്‍ന്നു.

1955 ല്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ സഭാധികാരികള്‍ സ്ഥലം മാറ്റാന്‍ തീരുമാനിച്ചുവെങ്കിലും എനിക്ക് ഭയമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. 1957 ഡിസംബര്‍ പതിനാലാം തിയതി, അടുത്ത ഗ്രാമത്തില്‍ ഒരാള്‍ വയ്യാതെ കിടക്കുന്നു എന്നും വിശുദ്ധ കുര്‍ബാന നല്‍കണം എന്നും തെറ്റിദ്ധരിപ്പിച്ച്, അദ്ദേഹത്തെ പുറത്തേയ്ക്ക് കൊണ്ടുവന്നു. തന്റെ ഭവനത്തില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തെ പതിയിരുന്ന ആക്രമികള്‍ കുത്തി കൊലപ്പെടുത്തി. കുത്തേറ്റു വീഴുമ്പോഴും തന്റെ കയ്യിലിരിക്കുന്ന വിശുദ്ധ കുര്‍ബാന താഴെ വീഴാതെ നെഞ്ചോടു ചേര്‍ത്തു പിടിച്ച, ആ വൈദികന്‍. പിറ്റേന്ന് രാവിലെ മരക്കൂട്ടത്തിനിടയില്‍ വിശുദ്ധ കുര്‍ബാന മുറുകെപിടിച്ചു മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ മരണം അവിടെയുള്ള ക്രൈസ്തവരുടെ വിശ്വാസത്തെ കാര്യമായി സ്വാധീനിച്ചു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം അവര്‍ ബ്രെന്നര്‍ മരിച്ചു വീണ ഇടത്തില്‍ തന്നെ ദൈവാലയം കഴിപ്പിച്ചു. അവരുടെ വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന ദീപമായി ഫാ. ബ്രെന്നറും അദ്ദേഹത്തിന്റെ സ്മാരകവും ഇന്നും നിലകൊള്ളുന്നു. 2017 ല്‍ ഫ്രാന്‍സിസ് പാപ്പാ ഫാ. ജനോസ് ബ്രെന്നറിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here