ഷംഷാബാദ് രൂപത ഉദ്ഘാടനത്തിന് ഹൈദരാബാദ് ഒരുങ്ങി

ഹൈദരാബാദ്: ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനത്തിനും പ്രഥമ മെത്രാനായ മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികാരി ജനറാള്‍ ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കലിന്റെ നേതൃത്വത്തില്‍ നൂറോളം അംഗങ്ങളുള്ള വിപുലമായ ഒരു കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.

സെക്കന്തരാബാദ് ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ ഹൈദരാബാദ് റീജിയണിലെ എല്ലാ വൈദികര്‍ക്കും പുറമെ മാര്‍ റാഫേല്‍ തട്ടിലിന്റെ സെക്രട്ടറി ഫാ. ജോസഫ് പുലവേലില്‍ എംഎസ്ടിയും ഷംഷാബാദ് രൂപത പ്രൊക്യൂറേറ്റര്‍ ഫാ. തോമസ് കാരാമേല്‍ എംഎസ്ടിയും പങ്കെടുത്ത അവസാനവട്ട അവലോകനയോഗം നടന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഞായറാഴ്ച നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനമധ്യേ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്കും. വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള പ്രത്യേക സമിതിയുടെ സെക്രട്ടറി ഡോ. സിറില്‍ വാസിലും ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ഡോ. തുമ്മാ ബാലയും പങ്കെടുക്കും.

ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന പൊതുയോഗത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫും തെലുങ്കാന മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ഭാരതത്തിനകത്തും പുറത്തും നിന്നായി 60 മെത്രാന്മാര്‍ക്കും റോമില്‍നിന്നുള്ള പ്രത്യേക പ്രതിനിധികള്‍ക്കും പുറമെ നിരവധി രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് രാജ്യമെമ്പാടുംനിന്നായി ആയിരക്കണക്കിനു വിശ്വാസികളും എത്തുമെന്നാണ് കണക്കാക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here