ഇടുക്കി രൂപതയുടെ പുതിയ മെത്രാൻ- മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിയമിതനായി. ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ജനുവരി 12ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് വത്തിക്കാനിലും, കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. സീറോ മലബാർ സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാരും വൈദികരും ചടങ്ങിൽ പങ്കെടുത്തു. മാർ ജോർജ് ആലഞ്ചേരി നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

അഭിവന്ദ്യ ജോൺ നെല്ലിക്കുന്നെൽ പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഏപ്രിൽ 05 വ്യാഴാഴ്ച,  ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച് ആയിരിക്കും.

ഇടുക്കി രൂപതാംഗമായ ഫാ. ജോണ്‍ നെല്ലിക്കുന്നേൽ 1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമിൽ നിന്നും ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി.

ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന വിഭാഗത്തിന്‍റെയും ബൈബിൾ അപ്പസ്തോലേറ്റിന്‍റെയും ഡയറക്ടർ, മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ റെസിഡന്‍റ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടുക്കി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.

ഇടുക്കി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 75 വയസ് പൂര്‍ത്തിയായതോടുകൂടിയാണ് പദവിയില്‍ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നിയമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ