നേപ്പാളില്‍ ക്രൈസ്തവ ദൈവാലയം തീയിട്ടു നശിപ്പിച്ചു 

നേപ്പാളിലെ പടിഞ്ഞാറന്‍ ബാങ്കെ നഗരത്തിലെ ദൈവാലയത്തിന് ആക്രമികള്‍ തീയിട്ടു. വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോലാല്‍പൂറിലെ ദൈവാലയത്തിനു നേരെയാണ് മേയ് അഞ്ചാം തിയതി പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. സംഭവത്തിനു പുറകില്‍ പത്തോളം പേര്‍ അടങ്ങുന്ന സംഘമാണെന്ന് സമീപവാസികള്‍ അറിയിച്ചു.

സംഭവം നടക്കുന്നതിനു മുന്‍പായി ഒരു സംഘം ആളുകള്‍ വന്ന്, വീടിനു പുറത്തിറങ്ങരുതെന്ന് സമീപവാസികളെ ഭീക്ഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പെട്രോളൊഴിച്ചു തീയിടുകയായിരുന്നു. ദൈവാലയത്തിന്റെ ഉള്‍ഭാഗം മുഴുവന്‍ തീയില്‍ നശിച്ചു. പുറത്തെ ഘടന മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നേപ്പാളിലെ ദേശീയ ക്രിസ്ത്യന്‍ കൂട്ടായ്മ സര്‍ക്കാരിനോട് അടിയന്തിര അന്വേഷണം ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ ഇവിടെ സമാധാനം സ്ഥാപിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്വേഷവും ഭീതിയും വളര്‍ത്തുകയാണെന്നും അത് സമാധാനത്തെ തകര്‍ക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പ്രകാശ് കതിക പറഞ്ഞു.

നേപ്പാളില്‍ മതപരിവര്‍ത്തനവും മതങ്ങളെ ദ്രോഹിക്കുന്ന പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ ഉണ്ട്. എന്നിരുന്നാലും ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും അതിന്റെ പരിരക്ഷണം ലഭിക്കാറില്ല. അതേസമയം ഹൈന്ദവ മത വിശ്വാസികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുമുണ്ട്.

Leave a Reply