കുർബാനയ്ക്കിടെ ഐഎസ് ആക്രമണം

ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങളില്‍ ഞായറാഴ്ച കുർബാനയ്ക്കിടെ ചാവേറാക്രമണം. ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇന്തൊനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലാണു രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. മൂന്ന് ആക്രമണങ്ങളിലുമായി 11 പേർ കൊല്ലപ്പെട്ടതായാണ് ഐഎസ് സന്ദേശത്തിൽ പറഞ്ഞത്. 41 പേർക്കു പരുക്കേറ്റതായും അവരുടെ ‘അമാഖ്’ വാർത്താ ഏജൻസിയിൽ നിന്നുള്ള സന്ദേശത്തിൽ പറയുന്നു. എന്നാൽ 13 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നാൽപതോളം പേർക്കു പരുക്കേറ്റതായും പറയുന്നു.

പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. 10 മിനിറ്റിനുള്ളിലായിരുന്നു മൂന്നു സ്ഥലങ്ങളിലെയും സ്ഫോടനം. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഇന്തൊനീഷ്യ ഭരണകൂടം വ്യക്തമാക്കി. ഒരു കുടുംബത്തിലെ ആറു പേരാണ് സ്ഫോടനങ്ങൾക്കു പിന്നിൽ. അടുത്തിടെ സിറിയയിൽ നിന്നു മടങ്ങിയെത്തിയ അഞ്ഞൂറോളം ഇന്തൊനീഷ്യൻ കുടുംബങ്ങളിൽ ഒന്നായിരുന്നു ഇതെന്നും പൊലീസ് പറഞ്ഞു. ഇവർ ഐഎസ് അനുഭാവികളായിരുന്നു.

സ്ഫോടക വസ്തുക്കൾ നിറച്ച കാർ പള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റിയത് ഗൃഹനാഥനാണെന്ന് ഈസ്റ്റ് ജാവ പൊലീസ് പറഞ്ഞു. രണ്ടാമത്തെ പള്ളിയിൽ അമ്മയും രണ്ടു പെൺമക്കളുമാണ് ചാവേറായെത്തിയത്. പെൺകുട്ടികൾക്ക് പന്ത്രണ്ടും ഒൻപതുമായിരുന്നു പ്രായം. മൂന്നാമത്തെ പള്ളിയിലേക്ക് ഇവരുടെ തന്നെ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആൺ കുട്ടികളും ആക്രമണത്തിനെത്തി. തുടയിൽ സ്ഫോടകവസ്തുക്കൾ കെട്ടിവച്ച് ബൈക്കിലായിരുന്നു മൂന്നാമത്തെ പള്ളിയിലേക്കു രണ്ടു പേരും എത്തിയത്.

അതേസമയം ഐഎസ് അനുഭാവമുള്ള ഇന്തൊനീഷ്യയിലെ ജെഎഡി ഗ്രൂപ്പിനെയാണു സംഭവത്തില്‍ പൊലീസ് സംശയിക്കുന്നത്. യുഎസ് ഭീകരസംഘടനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജെഎഡി ഇന്തൊനീഷ്യയിൽ നിന്ന് ഒട്ടേറെ പേരെ ഐഎസിലേക്കു റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണു പൊലീസ് കണ്ടെത്തൽ. പള്ളികൾക്കു ചുറ്റുമുള്ള പ്രദേശത്തു നിലവില്‍ കനത്ത സുരക്ഷയാണു സർക്കാർ ഒരുക്കിയിരിക്കുന്നത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യം ഇനിയും കൂടുമെന്നാണു സൂചന.

ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലെ ജയിലിനു സമീപം നടന്ന ഏറ്റുമുട്ടലിൽ ഭീകരർ കഴിഞ്ഞ ദിവസം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയിരുന്നു. ഇന്തൊനീഷ്യയിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. 2000ത്തിലെ ക്രിസ്മസ് ദിനത്തിൽ വിവിധ ദേവാലയങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഇരുപതു പേർ കൊല്ലപ്പെട്ടിരുന്നു.

കടപ്പാട്: മലയാള മനോരമ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here