സമറായവേഷത്തിൽ ജപ്പാനിലെത്തിയ ഇറ്റാലിയൻ മിഷനറി 

ജപ്പാനിൽ മിഷനറി പ്രവർത്തനം തടഞ്ഞിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ആ സമയത്ത് ജപ്പാന്റെ നവോത്ഥാനത്തിനും ക്രൈസ്തവവിശ്വാസത്തില്‍  ആ നാട്ടുകാരെ ഉറപ്പിക്കുന്നതിനുമായി വേഷം മാറി അവിടെ എത്തിയ ഒരു മിഷനറി ഉണ്ട്; ക്രിസ്തു സ്നേഹം അതിന്റെ തീക്ഷ്ണതയില്‍ ജ്വലിച്ച ഇറ്റാലിയൻ മിഷനറി – ജിയോവാനി ബാട്ടിസ്റ്റ സിഡോട്ടി. 1708 ഒക്ടോബർ 12-ന് ജാപ്പനീസ് ദ്വീപായ യക്കുഷിമയിൽ സിഡോട്ടി കാലുകുത്തിയത് സമറായ വേഷത്തിലായിരുന്നു.

മിഷനറി ബന്ധം പൂർണ്ണമായും വിലക്കിയിരുന്ന കാലത്താണ് ഫാ. സിഡോട്ടി ജപ്പാനിൽ എത്തിയത്. ഫാ. സിഡോട്ടി ആറ് വർഷമായി ജപ്പാനിൽ ജീവിക്കുകയും അവിടുത്തെ ആളുകളിലേക്ക്‌ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുകയും ചെയ്തു. ജപ്പാനിലെ ആളുകൾക്ക് വളരെ പ്രിയപ്പെട്ടവനായിരുന്ന അദ്ദേഹം അധികാരികളുടെ കണ്ണിലെ കരടായി മാറിയിരുന്നു. ജപ്പാന്റെ ചരിത്രത്തെ പ്രത്യേകമായ വിധത്തിൽ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചിരുന്നു. അവരുടെ സംസ്കാരങ്ങളും മതങ്ങളും വ്യത്യസ്തമാണെങ്കിലും സിഡോട്ടിയും ജപ്പാനീസ് പൗരന്മാരും അവരുടെ ഹൃദയങ്ങളെ കൈമാറുന്നതിനുള്ള വഴി കണ്ടെത്തി.

ജപ്പാനിലെത്തും മുന്നേ തന്നെ അദ്ദേഹത്തിനറിയാമായിരുന്നു അവിടെ എത്തിയാൽ രക്തസാക്ഷിത്വമാവും തന്നെ കാത്തിരിക്കുക എന്ന്. എങ്കിലും ദൈവത്തിലുള്ള വിശ്വാസത്തെ പ്രതി ജീവൻ ബലികഴിക്കുവാൻ പോലും സിഡോട്ടി തയ്യാറായിരുന്നു. ദൈവത്തിനായുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന് മരണം വരെ തടവ് ശിക്ഷ നേടിക്കൊടുത്തു . അദ്ദേഹത്തിന്‍റെ ജീവിതം വളരെ അത്ഭുതകരമായ ഒന്നായിരുന്നു. ജപ്പാനിൽ തടവിലാക്കപ്പെടുന്ന ആദ്യത്തെ മിഷനറി ആയിരുന്നു സിഡോട്ടി.

തടവിലായിരുന്നപ്പോഴും അദ്ദേഹം യേശുവിനായി സാക്ഷ്യം വഹിച്ചു കൊണ്ട് ഇരുന്നു. അദ്ദേഹത്തെ സുവിശേഷ വേലയിൽ തടയുക സാധ്യമല്ലെന്നു മനസിലാക്കിയ അധികാരികൾ അദ്ദേഹത്തെ കൊന്നുകളഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുമ്പ്, 2014 ലെ വേനൽക്കാലത്ത് ടോക്കിയോയിലെ ഒരു താമസസ്ഥലത്ത് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ ഒന്ന് ജിയോവാനി ബാറ്റിസ്റ്റ സിഡോട്ടിയുടേതായിരുന്നു. മിശിഹായ്ക്കായി തന്റെ ജീവിതത്തിന്റെ അവസാനം വരെ ജോലിചെയ്യുവാൻ തയ്യാറായ ആ മിഷനറിയുടെ ജീവിതം ഇന്ന് ജപ്പാനിലെ ആയിരങ്ങളെ  വിശ്വാസജീവിതത്തിൽ നിലനിർത്തുവാൻ സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply