
വിശുദ്ധ നാട്ടില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ തദ്ദേശീയരായ യഹൂദ സംഘം ഭീഷണി ഉയര്‍ത്തുന്നതായി പുതിയ റിപ്പോര്‍ട്ട്. ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയും അപവാദങ്ങള്‍ പറഞ്ഞു പരത്തുകയും വസ്തുവകകള്‍ തട്ടിയെടുക്കുകയും ചെയ്തുകൊണ്ടാണ് തദ്ദേശീയരായ യഹൂദ സംഘങ്ങള്‍ ക്രിസ്ത്യാനികളുടെ സമാധാനപൂര്‍ണ്ണമായ ജീവിതം ഇല്ലാതാക്കുന്നത്.
‘ജറുസലേമിലെ കടുത്ത യാഥാസ്ഥിതികരായ ചില സംഘടനകളില്‍ നിന്നും കടുത്ത ഭീഷണിയാണ് സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. ജറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കാനാണ് അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മൗലീകവാദി സംഘങ്ങള്‍ വളരെയേറെ സംഘടിതരാണെന്നാണ് അടുത്തിടെ ദൈവാലയങ്ങള്‍ക്കും വിശുദ്ധ സ്ഥലങ്ങള്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന്, ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന് വെളിപ്പെടുത്തി.
ജറുസലേമിലെ വിവിധ ഭാഗങ്ങളിലായി പള്ളികളും ആശ്രമങ്ങളും സ്ഥാപനങ്ങളും നാളുകളായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്കുനേരെ മാത്രമല്ല മുസ്ലിം ദൈവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയും ആക്രമണങ്ങള്‍ നടക്കുന്നു. വിവിധ ക്രൈസ്തവ സഭാനേതാക്കള്‍ തങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചു വിവരിച്ചു കൊണ്ട് രംഗത്തെത്തി. തങ്ങള്‍ക്കെതിരെയുള്ള ആക്രണങ്ങള്‍ അവസാനിപ്പിക്കണം എന്നും നീതി ലഭിക്കണം എന്നും നേതാക്കള്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.