ഈജിപ്തിലേയ്ക്കുള്ള യാത്ര 

ജറുസലേം ദൈവാലയത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കവേ, ദൈവം, മാതാവിന് നൊവേന പൂര്‍ത്തിയാക്കുവാന്‍ കഴിയില്ല എന്നും  ഈജിപ്തിലേയ്ക്ക് പലായനം ചെയ്യേണ്ടി വരുമെന്നും വെളിപ്പെടുത്തല്‍ നല്‍കി. മേരി ജോസഫിനെ ഈ കാര്യം അറിയിച്ചു. അന്ന് വൈകിട്ട് ദൂതന്‍ മുഖാന്തിരം ജോസഫിനും ഇതേകാര്യത്തില്‍ വെളിപ്പെടുത്തല്‍ ലഭിച്ചു.

ഉടന്‍ തന്നെ അവര്‍ യാത്ര ആരംഭിച്ചു. എലിസബത്ത്, യാത്രയില്‍ ആവശ്യമായ സാധനങ്ങള്‍ അവര്‍ക്ക് നല്‍കി. വളരെ സങ്കീര്‍ണ്ണമായ മരുഭൂമി യാത്രയിലൂടെ തിരുക്കുടുംബം കടന്നുപോയി. ഫെബ്രുവരിയിലെ തണുപ്പുള്ള രാത്രിയിലായിരുന്നു അവരുടെ യാത്ര. അവര്‍ക്ക് താമസിക്കാന്‍ സ്ഥലമോ കൂടാരം നിര്‍മ്മിക്കുവാനുള്ള സാമഗ്രികളോ ഇല്ലായിരുന്നു. കുറച്ചു വിറകു കഷണങ്ങളും മേലങ്കിയും മാത്രമായിരുന്നു അവരുടെ കൈവശം ഉണ്ടായിരുന്നത്. കാറ്റും മഴയും അവരുടെ യാത്രയില്‍ തടസങ്ങളായി നിന്നു. വെറും അമ്പതു ദിവസം മാത്രം പ്രായമായ ഉണ്ണീശോ തണുത്തു വിറയ്ക്കുകയായിരുന്നു.

പ്രതികൂല കാലാവസ്ഥയില്‍ നിന്ന് രക്ഷിക്കുവാന്‍ മറിയം ദൈവത്തോട് പ്രാര്‍ഥിച്ചു. ഉടന്‍ കാറ്റ് ശമിക്കുകയും കൊടുങ്കാറ്റ് ഇല്ലാതാവുകയും ചെയ്തു. അങ്ങനെ അവര്‍ ഈജിപ്തില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ദൈവാലയങ്ങള്‍ തകര്‍ന്നു കിടക്കുന്നതാണ് അവര്‍ കണ്ടത്. സമീപവാസികള്‍ അവിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. മേരിയും ജോസഫും ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ പദ്ധതികളെക്കുറിച്ചും അവരോട് പങ്കുവച്ചു. അപ്പോള്‍ അവരുടെ മനസുകളില്‍ മാറ്റമുണ്ടായി. അവരെ ആക്രമിച്ചിരുന്ന ദുഷ്ടാത്മാക്കള്‍ ദൈവാലയങ്ങളില്‍ നിന്ന് മാത്രമല്ല ആ പ്രദേശത്തു നിന്നുതന്നെ വിട്ടുപോയി.

അവര്‍ ഈജിപ്തിലെ ഒരു കൊച്ചു ഭവനത്തില്‍ ഏഴു വര്‍ഷം താമസിച്ചു. മറിയം തുന്നല്‍ ജോലികളിലൂടെ വരുമാനം കണ്ടെത്തുവാന്‍ ഭര്‍ത്താവിനെ സഹായിച്ചു. ജോസഫ് മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അവരുടെ പ്രവര്‍ത്തികള്‍ അനേകരില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈജിപ്തിലും നസ്രത്തിലും അവര്‍ ദൈവഹിതം അനുസരിച്ചാണ് ജീവിച്ചിരുന്നത്. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ഓരോ നിമിഷവും നന്ദി പറഞ്ഞുകൊണ്ട് അവര്‍ സംതൃപ്ത ജീവിതം നയിച്ചു. ഈശോയ്ക്കു ഏഴ് വയസ് പൂര്‍ത്തിയായപ്പോള്‍ അവര്‍ നസ്രത്തിലേയ്ക്ക് മടങ്ങി.

Leave a Reply