സ്വപ്നവും സന്ദേശവും ഇഴചേര്‍ന്ന ഒരു വൈദികന്റെ സാഹസിക യാത്ര

  മരിയ ജോസ്

  യുവാക്കള്‍ ഒറ്റയ്ക്കും സംഘങ്ങളായും ഭാരത പര്യടനം നടത്തുന്നത് നമുക്ക് പരിചിതമാണ്. യാത്രയെ സ്‌നേഹിക്കുന്ന ഒട്ടുമിക്ക യുവജനങ്ങളുടെയും സ്വപ്നമാണ് അത്. എന്നാല്‍  ഒരു  വൈദികന്‍ ഭാരത പര്യടനം നടത്തിയതായി കേട്ടുകേള്‍വി പോലുമില്ല. അതിനാല്‍ തന്നെ അച്ചന്റെ യാത്രയെ കുറിച്ച് അറിയണം എന്ന് തോന്നി. ആ അന്വേഷണമാണ് എന്നെ ജോബിയച്ചന്റെ പക്കല്‍ എത്തിച്ചത്. ഒരു വൈദികനോ? ഭാരത പര്യടനമോ? ഏയ് എന്ന് പറഞ്ഞു മാറിനില്‍ക്കണ്ട, ഇതു സംഗതി വേറെ ലെവല്‍ ആണ്.

  തിരുവനന്തപുരത്തു നിന്നും ലഡാക്ക് വരെയും തിരിച്ചും ഒറ്റയ്ക്ക് പര്യടനം നടത്തിയ ആ സാഹസികന്റെ പേരാണ് ഫാ. ജോബി പയ്യംപള്ളി. ലാസലറ്റ് സന്യാസ സമൂഹത്തിലെ അംഗമായ  ജോബിയച്ചന്‍ തന്റെ യാത്രയെ കുറിച്ചും അതിനായി നടത്തിയ മുന്നൊരുക്കങ്ങളെയും കുറിച്ചു അങ്കമാലിയിലെ ആശ്രമത്തില്‍ ഇരുന്നു ലൈഫ് ഡേയോട് സംസാരിച്ചു തുടങ്ങി…

  സ്വപ്നവും സന്ദേശവും

  ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കുക എന്നത് ജോബി അച്ചന്റെ ഒരു സ്വപ്നമായിരുന്നു. ഇന്ത്യയുടെ സംസ്‌കാരത്തെ അടുത്തറിഞ്ഞ് ഒരു യാത്ര. ഇന്ത്യയുടെ പാരമ്പരാഗതമായ കലാ രൂപങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയും ഒരു യാത്ര. വളരെ നാളായി മനസ്സില്‍ കൊണ്ട് നടന്ന ആ ഒരു സ്വപ്നം പൂവണിയിക്കാന്‍ സമയമായി എന്ന് അദ്ദേഹത്തിനു തോന്നിയത് തിരുവനന്തപുരത്ത് ഇടവക വികാരിയായി സേവനം ചെയ്യുന്ന സമയത്താണ്. സ്ഥലം മാറ്റത്തിന് സമയമായി എന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ അദ്ദേഹം തന്റെ സഭാധികാരികള്‍ക്ക് അടുത്ത ആറുമാസത്തേയ്ക്ക് താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അറിയിച്ചു കത്തെഴുതി.

  അധികാരികളില്‍ നിന്നും അനുമതി ലഭിച്ചതിനു ശേഷം ആണ് അദ്ദേഹം അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്. ചുമ്മാ ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങുവാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്നതിനു കൂടിയാകണം ആ യാത്ര. അതിനായുള്ള ആലോചനയിലാണ് കുട്ടികള്‍ക്ക് എതിരായി പത്രങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്. ഇതു കേരളത്തിലെ മാത്രം പ്രശ്‌നമല്ല എന്ന് മനസിലാക്കിയ അച്ചന്‍ തന്റെ യാത്രയുടെ ലക്ഷ്യമായി അത് തിരഞ്ഞെടുത്തു. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ നടത്തുന്ന സാമൂഹ്യ അവബോധ യാത്ര. തന്റെ ആ യാത്രയില്‍, അല്ലെങ്കില്‍ താന്‍ നടത്തുവാന്‍ പോകുന്ന യാത്രയില്‍ ചൂഷിതരായ കുട്ടികളുടെ ശബ്ദമായി മാറുക തന്റെ ഉത്തരവാദിത്വമാണെന്ന് മനസിലാക്കിയ ആ വൈദികന്‍ അത് തന്റെ മിഷന്‍ ആയി സ്വീകരിച്ചു.

  മുന്നൊരുക്കങ്ങള്‍

  ഒരു യാത്ര. അതിനായി ഉള്ള ഒരുക്കങ്ങള്‍ നിസാരമല്ല എന്ന് മനസിലാകുന്നത് അച്ചന്റെ വാക്കുകളില്‍ നിന്നാണ്. ഒരു ഭാരത പര്യടനം ഒക്കെയാവുമ്പോ ഒരുക്കങ്ങള്‍ നിസാരമല്ലല്ലോ, അതിന് ആദ്യം അനുമതി ലഭിക്കണ്ടേ ? വേണം. ശരിയാണ്, ഒരു സന്യാസ സമൂഹത്തില്‍ അംഗമായിരിക്കുമ്പോള്‍ അധികാരികളുടെ അനുവാദം അത്യാവശ്യം തന്നെ. അടുത്ത ആറുമാസം അച്ചന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് എഴുതിയ കത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. മെക്കാനിക്ക് പഠനം, ആയുര്‍വേദ ചികിത്സ, യോഗാ, അവസാനം ഭാരത പര്യടനവും. ഭാരത പര്യടനത്തിനു മുന്‍പ് പറഞ്ഞതൊക്കെ എന്തിനു എന്ന് ചോദിച്ചു കളിയാക്കിയ ധാരാളം ആളുകള്‍ ഉണ്ട്. അവരൊക്കെ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ എന്തിനാണെന്ന് മനസിലാക്കിയത് അച്ചന്‍ ബാഗ് പാക് ചെയ്തു ലഡാക്ക് ട്രിപ്പിനു തന്റെ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ്.

  മുന്നൊരുക്കങ്ങളില്‍ ആദ്യത്തേത് വണ്ടിയുടെ അറ്റകുറ്റപണികള്‍ തീര്‍ക്കാന്‍ പഠിക്കുക എന്നതായിരുന്നു. അതിനു ശേഷം യാത്രയില്‍ ഉണ്ടാകാവുന്ന സമ്മര്‍ദ്ധങ്ങളെ അതിജീവിക്കുവാന്‍ യോഗയും മെഡിറ്റെഷനും തുടര്‍ന്ന് ആയുര്‍വേദ ചികിത്സയും. അതിനിടയില്‍ യാത്രക്കിടയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ മുറ്റത്ത് പുതപ്പു വിരിച്ചു കിടന്നുറങ്ങുമായിരുന്നു. ഇവയ്‌ക്കൊക്കെ ശേഷമാണു അച്ചന്‍ തന്റെ യാത്ര ആരംഭിക്കുന്നത്. ഒപ്പം സുരക്ഷാ സാമഗ്രികളായ ഹെല്‍മെറ്റ്, പാടുകള്‍, ജാക്കറ്റ് തുടങ്ങിയവയും കൃത്യമായി ഉപയോഗിച്ചിരുന്നു.

  സ്വപ്ന സാക്ഷാത്കാരം 

  അച്ചന്‍ തന്റെ സ്വപ്ന സക്ഷാത്കാരത്തിനായി, മിഷന്‍ പ്രവര്‍ത്തനത്തിനായി അങ്കമാലിയിലെ തന്റെ സന്യാസ ഭവനത്തില്‍ നിന്ന് സെപ്റ്റംബര്‍ ഒന്‍പതാം തിയതിയാണ് ഇറങ്ങുന്നത്. സെപ്റ്റംബര്‍ 11 നു തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്നാണ് അച്ചന്‍ തന്റെ യാത്ര ആരംഭിക്കുന്നത്.

  ഏറെ പ്രതിസന്ധികള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അച്ചന്‍ യാത്ര ആരംഭിച്ചത്. രാത്രി കൊള്ളക്കാരുടെ ശല്യം, മോശം കാലാവസ്ഥ, അപകടങ്ങള്‍..എന്നാല്‍ വിചാരിച്ചപോലെ ഒന്നും സംഭവിച്ചില്ല എന്ന് അച്ചന്‍ പറയുന്നു. രാത്രി യാത്ര കഴിവതും ഒഴിവാക്കിയുള്ള യാത്രയായിരുന്നു അത്. രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് എട്ടുമണിയോടെ അവസാനിപ്പിക്കും. വഴിവക്കിലെ പെട്രോള്‍ പമ്പുകളിലോ വീടുകളിലോ ഒക്കെയായിരിക്കും രാത്രി തങ്ങുക. രാവിലെ യാത്രതുടരും. ആ യാത്രയില്‍ കാലാവസ്ഥ അനുകൂലമായതു വലിയ ഒരു അനുഗ്രഹമായതായി അച്ചന്‍ പറയുന്നു. ഗുജറാത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് മഴ പെയ്തത്. മറ്റു സമയങ്ങളില്‍ ഒന്നും കഠിനമായ വെയിലോ തണുപ്പോ ഇല്ലായിരുന്നു.

  ആ യാത്രക്കിടയില്‍ പോലീസിന്റെ ഭാഗത്ത് നിന്നും മികച്ച സഹകരണമായിരുന്നു ലഭിച്ചത്. കൂടാതെ പലപ്പോഴും സഹായിക്കുവാനായി പല സ്ഥലങ്ങളിലെ യുവജനങ്ങളും മറ്റും ഓടിയെത്തി. ലഡാക്കിലെ ഏക കത്തോലിക്കാ ദേവാലയമായ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതും ഒറീസയില്‍ യുവക്കള്‍ക്കൊപ്പം ഗണേശോത്സവത്തില്‍ പങ്കെടുത്തതും പ്രത്യേകമായ ഒരു അനുഭവമായിരുന്നു എന്ന് അച്ചന്‍ പറയുന്നു.

  നിശബ്ദ പ്രതികരണം

  ഭാരത പര്യടനം എന്നത് അച്ചന്റെ സ്വപ്നമാണെങ്കിലും അതിനുള്ളില്‍ ഒരു മിഷന്‍ ഉണ്ടായിരുന്നല്ലോ. കുട്ടികളെ സംരക്ഷിക്കുവാനും അവര്‍ക്കെതിരെയുള്ള ലൈഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുവാനും ഉള്ള സന്ദേശം. ആ സന്ദേശം ചെല്ലുന്ന ഇടങ്ങളില്‍ എല്ലാം പകരുവാനായി ഉപകരണമാക്കിയത് ഒരു ഫ്‌ളക്‌സും നോട്ടീസുകളും ആയിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന് എഴുതിയ ഫ്‌ളക്‌സ് നഗര മധ്യത്തില്‍ ആളുകള്‍ കാണ്‍കെ അച്ചന്‍ ഉയര്‍ത്തിപ്പിടിക്കും. ഒപ്പം നോട്ടീസുകളും വിതരണം ചെയ്യും. ഇതായിരുന്നു ചെയ്തത്. സമൂഹത്തില്‍ അരങ്ങേറുന്ന അനീതിക്കെതിരെ ഒരു നിശബ്ദ പ്രതികരണം.

  യാത്രക്കിടയില്‍ കോഴിക്കോടും ആന്ധ്രായിലും ഉള്ള രണ്ടു സ്‌കൂളുകളില്‍ കുട്ടികളോട് സംസാരിക്കുവാന്‍ അവസരം ലഭിച്ചു. യാത്രക്കിടെ ഒറീസയില്‍ വെച്ച് അദ്ദേഹത്തിനു ഒരു ആക്‌സിഡന്റ് സംഭവിച്ചു എങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരുന്നതിനാല്‍ കാര്യമായ പരിക്കുകള്‍ സംഭവിച്ചില്ല. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം യാത്ര തുടര്‍ന്നു.

  യാത്രയില്‍ തണലായ ദൈവം

  യാത്രയെ കുറിച്ച് പറഞ്ഞു, പക്ഷേ ഇദ്ദേഹം ഒരു വൈദികനല്ലേ അപ്പൊ കുര്‍ബാന ചൊല്ലുന്നത് എങ്ങനെയാണെന്ന സംശയമാണ് ഉയരുന്നതെങ്കില്‍ യാത്രക്കിടയില്‍ ഒരിക്കല്‍ പോലും വിശുദ്ധ കുര്‍ബാന മുടക്കേണ്ടി വന്നിട്ടില്ല എന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള അപ്പവും വീഞ്ഞും പുസ്തകങ്ങളും കയ്യില്‍ കരുതിയായിരുന്നു യാത്ര. തന്റെ ഈ പര്യടനം ശരിക്കും ദൈവത്തിന്റെ കരം തന്റെ കൂടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് എന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ‘നല്ല കാലാവസ്ഥയുടെ രൂപത്തില്‍, യാത്രയില്‍ ഉടനീളം പിന്തുണയുമായി നിന്ന ഇന്നുവരെ കണ്ടിട്ടില്ലാത്ത ധാരാളം ആളുകളുടെ രൂപത്തില്‍, വിശക്കുമ്പോള്‍ ഭക്ഷണമായി എത്തിയവരുടെ രൂപത്തില്‍ ഒക്കെ ഞാന്‍ തനിക്കു കാവലായി നിന്ന ദൈവത്തെ അറിയുകയായിരുന്നു.’

  ഈ യാത്രയില്‍ ഒരിക്കല്‍ പോലും തനിക്കു വഴി തെറ്റിയിട്ടില്ല എന്നത് ദൈവം തന്റെ കൂടെ ഉള്ളതിന് ഏറ്റവും വലിയ തെളിവായി അച്ചന്‍ ചൂണ്ടികാണിക്കുന്നു .’ ജിപിഎസില്‍ നോക്കിയുള്ള യാത്രയിരുന്നില്ല എന്റേത്. സൈന്‍ ബോര്‍ഡുകളുടെയും ആളുകളോട് ചോദിച്ചു ലഭിക്കുന്ന അറിവിന്റെയും അടിസ്ഥാനത്തിലായിരുന്നു യാത്ര. അതില്‍ ഒരിക്കല്‍ പോലും വഴി തെറ്റിക്കാതെ ശരിയായ ദിശാ സൂചകമായി ദൈവം എന്റെ ഒപ്പം നിന്നിരുന്നു’ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം എല്ലാ ദിവസവും കയ്യില്‍ കരുതിയ ബൈബിളും ഗീതയും വായിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

  മരണം മുന്നില്‍ കണ്ട രാത്രിയില്‍ സഹായമായി എത്തിയ ബുദ്ധിസ്റ്റ് കുടുംബം 

  അച്ചന്‍ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് വിവരിക്കാമോ എന്ന ചോദ്യത്തിന് മുന്നില്‍ അതുവരെ തുടര്‍ന്ന സംസാരത്തില്‍ ഇല്ലാതിരുന്ന ഒരു അത്ഭുതം അച്ചന്റെ വാക്കുകളില്‍ നിറഞ്ഞു. ‘ആ രാത്രി എനിക്ക് മറക്കാന്‍ കഴിയില്ല. ആ വീട്ടുകാരെയും’. അച്ചന്‍ തുടര്‍ന്നു. സാഹസികത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ തന്നെ രാത്രിയില്‍ യാത്ര തുടരാന്‍ തീരുമാനിച്ചു. ലഡാക്കില്‍ നിന്ന് രാത്രി ഏഴുമണിക്ക് യാത്ര ആരംഭിച്ചാല്‍ പത്തുമണിയോടെ കാര്‍ഗിലില്‍ എത്താം. യാത്ര തുടര്‍ന്നു. എന്നാല്‍ അപ്രതീക്ഷിതമായി തണുപ്പ് വര്‍ധിച്ചു. മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ. കയ്യൊക്കെ തണുത്ത് നീരുവെച്ചു തുടങ്ങി.

  ആ സമയത്താണ് ഒരു വീട്ടില്‍ വെളിച്ചം കാണുന്നത്. അവിടേയ്ക്കു കയറിച്ചെന്നു. പെട്ടന്ന് അവര്‍ ഇറങ്ങി വന്നു. ആ ഗൃഹനാഥന്‍ കൈതിരുമ്മി തന്നു. പിന്നെ ഭക്ഷണവും കിടക്കാന്‍ സ്ഥലവും. രാവിലെ കുളിക്കാന്‍ ചൂടുവെള്ളവും പ്രഭാത ഭക്ഷണവും തന്നു. തുടര്‍ന്നു ഞാന്‍ നന്ദി പറഞ്ഞു യാത്ര തുടരാന്‍ ബൈക്കിലേയ്ക്ക് കയറി. അപ്പോള്‍ ആ മനുഷ്യന്‍ ഒരു പൊതിയുമായി ഓടിവന്നു എന്റെ കയ്യില്‍ തന്നു. ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണമായിരുന്നു അത്. അവരോടു എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം അതിഥി ദേവോ ഭവാ എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അര്‍ത്ഥവും ആഴവും ശരിക്കും അറിഞ്ഞ നിമിഷമായിരുന്നു അത്. അച്ചന്‍ പറഞ്ഞു.

  തിരികെ കേരളത്തിലേയ്ക്ക്

  തന്റെ ആഗ്രഹം, സ്വപ്നം പൂര്‍ത്തിയാക്കി അച്ചന്‍ നവംബര്‍ ആറാം തിയതി വൈകിട്ട് 4 . 30 തൊടെ അങ്കമാലിയിലെ ആശ്രമത്തില്‍ എത്തി. ഇപ്പോഴും താന്‍ ഒറ്റയ്ക്ക് ഇത്രയും യാത്ര നടത്തിയത് എങ്ങനെ എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല അച്ചന്. ഭാരത പര്യടനത്തിന് ശേഷം എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് എന്ത് ഉത്തരം നല്‍കണം എന്ന് അറിയാതെ അച്ചന്‍ അല്പം നേരം നിന്നു. എന്നിട്ട് തുടര്‍ന്നു ‘ആ യാത്രയെ എത്രയൊക്കെ വിവരിച്ചാലും മതിയാകില്ല. വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറം ഉള്ള ഒരു പൂര്‍ണ്ണത എനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ഭാരതത്തിലെ വിവിധ സംസ്‌കാരങ്ങളിലൂടെയുള്ള ആ നല്ല യാത്ര നല്‍കിയ അനുഭവങ്ങള്‍ ഒരു പുസ്തകത്തില്‍ വായിക്കുന്നതിനേക്കാള്‍ വലിയ അനുഭവവും അറിവുമാണ് പ്രദാനം ചെയ്തത്.’

  അനുമതി ലഭിച്ചതില്‍ അഞ്ചു മാസം കഴിഞ്ഞു. ഇനി ഒരു മാസം കൂടെ ഉണ്ട്. അത് എങ്ങനെ ചിലവിടാന്‍ ആണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് മുന്നില്‍ ആരാലും അറിയപ്പെടാതെ ഏതേലും ഒരു സ്ഥാപനത്തിലെ ഏറ്റവും താഴ്ന്ന ജോലി ചെയ്യണം എന്ന ആഗ്രഹം അച്ചന്‍ പ്രകടിപ്പിച്ചു.

  ലാസലേറ്റ് സന്യാസ സമൂഹം

  ലാസലേറ്റില്‍ പ്രത്യക്ഷപ്പെട്ട മാതാവിന്റെ നാമത്തില്‍ ആരംഭിച്ച സന്യാസ സമൂഹം ആണ് ലാസലേറ്റ് സന്യാസ സമൂഹം. അനുരഞ്ജനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്യാസ സമൂഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക, കൗണ്‍സിലിംഗ് ധ്യാന കേന്ദ്രങ്ങള്‍, വിശുദ്ധ കുമ്പസാരം, കുടുംബ ജീവിതം, ദമ്പതികള്‍ക്കിടയില്‍ കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളിലാണ്. കൂടാതെ ഈ സന്യാസ സമൂഹത്തിന്റെ കീഴില്‍ നിരവധി സ്‌കൂളുകളും യോഗ, ധ്യാനകേന്ദ്രങ്ങളും നടത്തപ്പെടുന്നു.

  തന്റെ ഉള്ളിലെ സാഹസികതയെ വളര്‍ത്തുവാന്‍ ലാസലേറ്റ് സഭ വഹിച്ച പങ്ക് വലുതാണെന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. കാരണം ലാസലേറ്റിലെ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം വലിയ മലകള്‍ക്കു മുകളില്‍ ആണ്. ആ മലകള്‍ പോളണ്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നു തവണ കയറിയത് വലിയൊരു പ്രചോദനം ആയിരുന്നു. കൂടാതെ അച്ചന് കളരിയും നീന്തലും മരംകയറ്റവും ഒക്കെ അറിയാം. ഇവയൊക്കെ ഭാരത പര്യടനത്തിലും ഏറെ സഹായകമായി.

  58 ദിവസത്തെ യാത്ര കഴിഞ്ഞു നല്ല ക്ഷീണത്തിലാവും അച്ചന്‍ എന്ന മുന്‍ധാരണയിലാണ് ഞാന്‍ അച്ചനെ വിളിക്കുന്നത്. പക്ഷേ എവിടെ ? യാത്ര കഴിഞ്ഞെത്തിയ ഒരാളുടെ ക്ഷീണത്തെക്കാള്‍ ഒരു യാത്രക്ക് പുറപ്പെടുന്ന ഒരാളുടെ വാക്കുകളില്‍ കാണുന്ന ഊര്‍ജ്ജവും, ആവേശവും ആയിരുന്നു അച്ചന്റെ വാക്കുകളില്‍. ആ ആവേശത്തിന് മുന്നില്‍ എന്റെ ഉര്‍ജ്ജം അല്‍പ്പം കുറഞ്ഞു പോയോ എന്ന് തോന്നിപ്പോയി. എങ്കിലും അരമണിക്കൂര്‍ നീണ്ട സംഭാഷണം അവസാനിക്കുന്നതിനു മുമ്പ് ഞാന്‍ ചോദിച്ചു ഇത്രയും ദൂരം സഞ്ചരിച്ചതല്ലേ, ആരോഗ്യം എങ്ങനെ? ചോദ്യം അവസാനിക്കുനതിനു മുന്‍പേ ഒരു പൊട്ടിച്ചിരി സമ്മാനിച്ചു അച്ചന്‍ പറഞ്ഞു. ‘ദൈവാനുഗ്രഹം കൊണ്ട് ഒരു കുഴപ്പവും ഇല്ല. ഇനി ഇപ്പോള്‍ ഒരു ആയിരം കിലോമീറ്റര്‍ വണ്ടി ഓടിക്കണോ, ദേ ഞാന്‍ റെഡി ആണ്…’

  മരിയ ജോസ്

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ