പാപ്പായ്ക്ക് നന്ദി പറഞ്ഞ് ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ്

ഫ്രാന്‍സിസ് പാപ്പായുടെ ലംബോര്‍ഗിനി കാര്‍ വിറ്റ തുകയില്‍ ഒരു ഭാഗം ഇറാഖിലെ ക്രിസ്ത്യാനികള്‍ക്കായി മാറ്റി വച്ചതില്‍ നന്ദി രേഖപ്പെടുത്തി, ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ്, റഫായേല്‍ ളൂയിസ് സാക്കോ ഒന്നാമന്‍ രംഗത്ത്. തങ്ങള്‍ക്ക് പാപ്പാ നല്‍കിയ സേവനങ്ങള്‍ ഒരിക്കലും മറക്കില്ല എന്നും അക്കാര്യത്തില്‍ തങ്ങള്‍ കൃതജ്ഞത ഉള്ളവരായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘ഫ്രാന്‍സിസ് പാപ്പായുടെ ഈ പൈതൃകസ്‌നേഹത്തിന് ഞങ്ങള്‍ അതീവ കൃതജ്ഞതയുള്ളവരാണ്. പാപ്പാ സഭയുടെ മുഴുവന്റെയും പിതാവാണ്.  അദ്ദേഹം എല്ലാവരെയും കുറിച്ച് ചിന്തയുള്ളവനാണ്. പ്രത്യേകിച്ചു നമ്മുടെയിടയില്‍ വേദന അനുഭവിക്കുന്നവരെക്കുറിച്ച്. പാപ്പാ ഒരിക്കലും, ഇറാഖി ക്രൈസ്തവരോടുള്ള അടുപ്പം പ്രകടിപ്പിക്കുന്ന കാര്യം മറന്നിട്ടില്ല’ എന്നും പാത്രിയര്‍ക്കീസ് പറഞ്ഞു.

പാപ്പായ്ക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചു നല്‍കിയ ഹ്യുറാകാന്‍ സ്‌പെഷ്യല്‍ കാര്‍ ലേലത്തില്‍ വിറ്റു കിട്ടിയ തുക ഇറാഖില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നല്‍കിയിരുന്നു. ഏതാണ്ട് 5.30 കോടി രൂപ (715,000 യൂറോ) യാണ് ലേലത്തില്‍ കിട്ടിയത്. ഈ തുക ഇറാഖിലെ വിശ്വാസപൈതൃകം കാത്തു സൂക്ഷിക്കുന്ന നിനിവെയിലെ ക്രൈസ്തവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്ന് പാത്രിയാര്‍ക്കീസ് വ്യക്തമാക്കി.

Leave a Reply