കേരള ലത്തീന്‍ സഭ വല്ലാര്‍പാടത്ത് സംഗമിക്കുന്നു

ചരിത്ര പൈതൃകങ്ങളുടെ പുണ്യഭൂമിയായ വല്ലാര്‍പാടത്തിന്റെ തിരുമുറ്റത്ത് കേരള ലത്തീന്‍ സഭ സംഗമിക്കുമ്പോള്‍ ലത്തീന്‍ സഭാചരിത്രത്താളുകളില്‍ ഒരു പുത്തന്‍ അധ്യായം കൂടി എഴുതി ചേര്‍ക്കപ്പെടുന്നു. ‘പങ്കാളിത്തസഭ സുവിശേഷ പ്രഘോഷണത്തിനും സാക്ഷ്യത്തിനും’ എന്ന ആപ്തവാക്യവുമായി ത്രിദിന മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ – 2017 ഒക്‌ടോബര്‍ ആറിന് ആരംഭിക്കുന്നു.

അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളെ ആര്‍ജവമുള്ളതാക്കി ആദിമ സഭയുടെ ചൈതന്യം വീണ്ടെടുക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ ലത്തീന്‍ സഭ ഒരുങ്ങിക്കൊണ്ടിരുന്നതിന്റെ പൂര്‍ത്തീകരണമാണ് മൂന്നുദിവസത്തെ മിഷന്‍ കോണ്‍ഗ്രസ്. കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെയും സംയുക്ത ഒത്തുചേരലാണിത്. തിരുവനന്തപുരം ലത്തീന്‍ പ്രൊവിന്‍സിന്റെ കീഴിലുള്ള ആലപ്പുഴ, കൊല്ലം, പുനലൂര്‍, നെയ്യാറ്റിന്‍കര രൂപതകളും വരാപ്പുഴ പ്രൊവിന്‍സിന്റെ കീഴിലുള്ള കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നീ രൂപതകളിലെ മെത്രാന്മാരും ഭാരതത്തിലെ ഇതരമെത്രാന്മാരും വൈദിക-സന്യസ്തരും തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികളുമാണ് ബിസിസി കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നത്.

കേരള ലത്തീന്‍ സഭയുടെ ദശവല്‍സര പദ്ധതിയുടെ പ്രകാശനം, ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോഗ്രാം ഉദ്ഘാടനം, മിഷന്‍ ക്രോസ് കൈമാറ്റം, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പഠനങ്ങളും സംവാദങ്ങളും മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കും. കേരള ലത്തീന്‍ സഭ ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലെ സഭകളുമായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യരംഗങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ കണ്‍വന്‍ഷനിലുണ്ടാകും.

പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന് കേരള ലത്തീന്‍സഭയെ സമര്‍പ്പിക്കുന്ന മഹനീയ കര്‍മവും മിഷന്‍ കോണ്‍ഗ്രസിനോടനുബന്ധിച്ച് വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്‍വന്‍ഷനെത്തിച്ചേരുന്ന വിശിഷ്ടാതിഥികളെ ആറിന് വെള്ളിയാഴ്ച രാവിലെ 9.30-ന് വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ മംഗളകവാടത്തില്‍ വച്ച് സ്വീകരിച്ച് പ്രധാന വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷ്പ്‌സ് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.ബി.സി) അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. വില്യം രാജന്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെ ത്രിദിന മിഷന്‍ കോണ്‍ഗ്രസിന് തുടക്കമാകും.

കെ.സി.ബി.സി.യുടെയും കെ.ആര്‍.എല്‍.സി.ബി.സി.യുടെയും പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ഡോ. സൂസൈപാക്യത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സി.സി.ബി.ഐ. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മിഷന്‍ കോണ്‍ഗ്രസ് – ബി.സി.സി. കണ്‍വന്‍ഷന്‍ – 2017 ഉദ്ഘാടനം ചെയ്യും. ഭാരതത്തിലെയും നേപ്പാളിലെയും വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച്ബിഷപ് ഡോ. ജിയാംബിറ്റിസ്റ്റ ഡിക്വാനോ അനുഗ്രഹപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭാ പ്രതിനിധി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സീറോ മലങ്കര സഭാ പ്രതിനിധി മാവേലിക്കര ബിഷപ് മാര്‍ ജോഷ്വ ഇഗ്നാത്തിയോസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതവും കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ നന്ദിയും പറയും.

ഉദ്ഘാടന സമ്മേളനാനന്തരം എറണാകുളം സെന്റ് തെരേസാസ് കോളജ് ടീം മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ തീം സോങ് ആലപിക്കും. റവ. ഡോ. ഗ്രിഗറി ആര്‍ബിയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ സംഗീതം നല്‍കിയിരിക്കുന്ന തീം സോങ് പ്രശസ്ത പിന്നണി ഗായകന്‍ കെസ്റ്ററാണ് ആലപിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് സാബു ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിട്ടുള്ള ഗാനം സിഎസി റെക്കോര്‍ഡ് ചെയ്തിരിക്കുന്നു. മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ഐപിഎസ് ആയിരിക്കും ആദ്യ ദിനത്തിലെ മുഖ്യ പ്രഭാഷകന്‍.

കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വൈദിക വിദ്യാര്‍ത്ഥികളുടെ സംഗീത ശുശ്രൂഷയോടെ ഉച്ചയ്ക്കുശേഷം 1.30-ന് ആദ്യ സെഷനാരംഭം കുറിക്കും. ‘പങ്കാളിത്ത സഭ’ എന്ന വിഷയത്തില്‍ ഡോ. എഡ്‌വേര്‍ഡ് എടേഴത്തായിരിക്കും ആദ്യസെഷന് നേതൃത്വം നല്‍കുക. സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ലൈസ നന്ദിയര്‍പ്പിക്കും.

ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ജിയാംബിറ്റിസ്റ്റ ഡിക്വാനോയുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്ന് മണിക്കര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലി മധ്യേ വരാപ്പുഴ മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആര്‍ച്ച്ബിഷപ് ഡിക്വാനോ പാലിയം ധരിപ്പിക്കും. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നന്ദിയര്‍പ്പിക്കും.

വൈകിട്ട് 4.30-ന് കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള വിവിധ ഇടവകകളിലെ നാലായിരം ഭവനങ്ങളിലേക്ക് പ്രതിനിധികള്‍ യാത്രയാകും. കെആര്‍എല്‍സിസി ജനറല്‍ ബോഡി അംഗങ്ങള്‍, 12 രൂപതകളിലെ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാര്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഇടവകയിലെ ആറ് ശുശ്രൂഷാ സമിതികളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യുവജന പ്രതിനിധികള്‍, ബിസിസി സിസ്റ്റര്‍ ആനിമേറ്റര്‍മാര്‍, ഭക്തസംഘടനാ പ്രതിനിധികള്‍, കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സി ഡബ്ല്യുഎ, ഡിസിഎംഎസ്, കെഎല്‍എം, ആംഗ്ലോ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍, മതാധ്യാപക പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്നതാണ് നാലായിരത്തോളം പ്രതിനിധിസംഘം.

വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളിലെ ഓരോ കുടുംബയൂണിറ്റുകളുടെ ആതിഥേയത്വത്തിലായിരിക്കും നാലായിരത്തോളം വരുന്ന പ്രതിനിധികള്‍ രണ്ടുദിവസം താമസിക്കുക. കുടുംബ പ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും കുടുംബയൂണിറ്റുകള്‍ക്കൊപ്പം ഇവര്‍ പങ്കുചേരുന്നതോടെ പങ്കാളിത്ത സഭയുടെ പ്രായോഗികതലവും കൂട്ടായ്മയുടെ പുതിയനുഭവവും പ്രകടമാക്കുകയാണ് ഇവര്‍.

ത്രിദിന മിഷന്‍ കോണ്‍ഗ്രസിന്റെ സഹായ-സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 300 പേരടങ്ങുന്ന വോളണ്ടിയര്‍ ഗ്രൂപ്പിനെയാണ് ക്രമീകരിച്ചിട്ടുള്ളത്. കെ.ആര്‍.എല്‍.സി.ബി.സി. യുവജനകമ്മീഷനാണ് വോളണ്ടിയര്‍ കമ്മിറ്റിയുടെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

സഭ ദൈവജനമാണെന്ന തിരിച്ചറിവോടുകൂടി അല്മായ പങ്കാളിത്തം സഭയില്‍ സജീവമാക്കി സഭയില്‍ ഒരു പങ്കാളിത്ത പ്രക്രിയയും സംവിധാനവും ഉറപ്പാക്കുകയും വിവിധ ശുശ്രൂഷകളിലൂടെ ജനങ്ങളുടെ വിവിധ ആവശ്യങ്ങളോടുള്ള വിശ്വാസപരമായ പ്രതികരണം ഉറപ്പാക്കുകയും ഓരോ അല്മായനും തനിക്കു ലഭിച്ചിരിക്കുന്ന വരദാനങ്ങള്‍ തിരിച്ചറിഞ്ഞ് വിവിധ ശുശ്രൂഷകളിലൂടെ തങ്ങളുടെ ജീവിത ദൗത്യം മനസിലാക്കി ജീവിക്കാനും ഈ ത്രിദിന മഹാസംഗമം നിമിത്തമാകും.

ജെസി ചാത്യാത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ