നൈജീരിയയിൽ നിന്ന് സന്ന്യാസിനിമാരെ തട്ടിക്കൊണ്ടുപോകൽ: വീണ്ടെടുപ്പിനുള്ള ശ്രമങ്ങൾ ഊർജ്ജിതം

നൈജീരിയയിലെ ഈദോ സംസ്ഥാനത്തുള്ള ശാന്തസുന്ദര ഗ്രാമമായ ഉഗുവോറിയാക്കിയിലാണ് തിരുവോസ്തിയിലെ ഈശോയുടെ തിരുഹൃദയത്തിന്റെ സന്ന്യാസാർത്ഥികളുടെ പരിശീലന ഭവനം സ്ഥിതി ചെയ്യുന്നത്.  സന്ന്യാസാർത്ഥിനികൾക്ക് പ്രാരംഭ ഘട്ടത്തിലെ സംരക്ഷണവും പുതിയതും വ്യത്യസ്തവുമായ ജീവിതസാഹചര്യങ്ങളെ സ്വീകരിക്കാനുള്ള പരിശീലനവും നൽകുന്ന ഭവനം. നൊവിഷ്യേറ്റിലേയ്ക്കും വ്രതവാഗ്ദാനത്തിലേയ്ക്കുമൊക്കെ കടക്കുന്നതിന് മുമ്പ് ഒരു വർഷത്തേക്കുള്ള പരിശീലന കേന്ദ്രം. രണ്ട് മുതിർന്ന സന്ന്യാസിനികളുടെ മേൽനോട്ടത്തിലാണ് ഇവരുടെ പരിശീലനവും ഇവിടുത്തെ ജീവിതവും.

ഇത്തരത്തിൽ സന്ന്യാസാർത്ഥിനികളുടെ രക്ഷകർത്താക്കളായി നിയോഗിക്കപ്പെട്ടിരുന്നവരാണ് സിസ്റ്റർ റോസിലിൻ ഇസിയോച്ചയും അവരുടെ സഹായി സിസ്റ്റർ അലോഷ്യസ് അജയിയും. 2017 നവംബർ 13 വരെ തങ്ങളെ ഭരമേൽപ്പിച്ച ഉത്തരവാദിത്വം കൃത്യതയോടും ആത്മാർത്ഥതയോടും സന്തോഷത്തോടും കൂടെ ചെയ്തുവന്നിരുന്ന ഇവരുടെ ജീവിതത്തിൽ ആ ദിവസം ഒരു തിരിച്ചടിയുണ്ടായി. അപരിചിതരും ആയുധധാരികളുമായ കുറേയേറെപ്പേർ മഠത്തിലേയ്ക്ക് അതിക്രമിച്ച് കയറുകയും സിസ്റ്റർ അലോഷ്യസിനെയും സിസ്റ്റർ റോസിലിനെയും ഉൾപ്പെടെ ആറുപേരെ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. മഠം സന്ദർശിക്കാനെത്തിയ സിസ്റ്റർ ഫ്രാൻസിസ് ഉദിയും മൂന്ന് സന്ന്യാസാർത്ഥിനികളുമാണ് അക്കൂട്ടത്തിലുണ്ടായിരുന്നത്. സന്ന്യാസ ഭവനത്തിന് പുറകിലുള്ള ഓവിയ നദിയിൽ ഒരുക്കി നിർത്തിയിരുന്ന സ്പീഡ്ബോട്ടിലാണ് ഇവരെ കടത്തിക്കൊണ്ടുപോയത്. സന്ന്യാസ ഭവനം മുഴുവൻ അരിച്ചുപെറുക്കി, കൊള്ളയടിച്ചതിനുശേഷമാണ് സന്ന്യാസിനിമാരെ പിടിച്ചുകൊണ്ടുപോയത്.

ദിവസങ്ങൾക്കുമുമ്പുതന്നെ സന്ന്യാസ ഭവനവും പരിസരങ്ങളും അക്രമികളുടെ നിരീക്ഷണത്തിലായിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതുപോലെ തന്നെ നവംബർ 13ാം തിയതി തന്നെ ഓവിയ നദിയുടെ തീരത്ത് പോലീസും അക്രമികളും തമ്മിൽ വെടിവയ്പ്പ് നടന്നതായും തദവസരത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ഒരു വാഹനം കത്തിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തോട് പ്രതികരിച്ചുകൊണ്ടു ചേർന്ന നൈജീരിയയിലെ മേജർ സുപ്പീരിയർമാരുടെ യോഗത്തിൽ രാജ്യത്തെ മുഴുവൻ മതവിശ്വാസികൾക്കും വേണ്ടി ഒരു കത്ത് അയച്ചു. തിരുഹൃദയ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി അഗതാ ഒസരൊഗോയും ഫാ. ജോർജ്ജ് ഒക്കോറിയും ഒപ്പിട്ട കത്തിലൂടെ, തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനത്തിനായി ഡിസംബർ രണ്ടാം തീയതി ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായി ആചരിക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടു. അക്രമികളുടെ മനസലിയാനും നാളുകളായി അവരുടെ കൈകളിൽ പെട്ടിരിക്കുന്ന കർത്താവിന്റെ ഈ പ്രിയ തോഴിമാരുടെ മോചനം എത്രയും പെട്ടെന്ന് സാധ്യമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാനും ലോകം മുഴുവനുമുള്ള ക്രൈസ്തവരോട് ആഹ്വാനവും ചെയ്തു.

ഇതോടൊപ്പം തന്നെ ലോകത്തിന് മുഴുവൻ ഭീഷണിയാകുന്ന ഇത്തരം തിന്മകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും മറുഭാഗത്ത് നടന്നുവരുന്നുണ്ട്. സർക്കാരും അർദ്ധ സർക്കാർ സംഘടനകളും പ്രസ്ഥാനങ്ങളും മതസംഘടനകളുമൊക്കെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കുപ്രസിദ്ധ തട്ടിക്കൊണ്ടുപോക്കുകാരനായ ഇവാൻസിനെ അറസ്റ്റ് ചെയ്തത് ശുഭസൂചകമെങ്കിലും അവിടംകൊണ്ട്  അവസാനിക്കുന്നതല്ല ഈ ഭീഷണിയെന്ന് വിവിധ തലങ്ങളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്. കാരണം വിവിധ ശാഖകളും സംഘങ്ങളും രാജ്യത്തിന്റെ വിവിധ കോണുകളിലായി ഇവർക്കുണ്ട്.   മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കി രാജ്യത്തെ യുവാക്കളെ സാമ്പത്തിക ഭദ്രതയിലെത്തിക്കുക എന്നതാണ് തട്ടിക്കൊണ്ടുപോകൽ പോലുള്ള കുറ്റകൃത്യങ്ങൾക്ക് പരിഹാരമായി പറയപ്പെടുന്നത്. അതുതന്നെയാണിപ്പോൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

പ്രിയപ്പെട്ടവരുടെ ഇത്തരത്തിലുള്ള വേർപാട് എത്രമാത്രം വേദനാജനകമാണെന്നത് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.  അതുകൊണ്ടുതന്നെ തീവ്രവികാരപരമായ ഒരു നീക്കം കുറ്റവാളികളുടെയും കൂട്ടാളികളുടെയും നേർക്ക് നടത്താനും തീരുമാനമായിട്ടുണ്ട്. മനുഷ്യ ജീവനോട് ബഹുമാനം കാണിക്കണമെന്ന് മാത്രമല്ല ദൈവഭയം വളർത്തിയെടുക്കണമെന്നും അതുവഴി തട്ടിക്കൊണ്ടു വന്നിരിക്കുന്ന സന്ന്യാസിനിമാരെ മോചിപ്പിക്കണമെന്നും ഓർമ്മിപ്പിക്കാനാണത്. ലക്ഷങ്ങളും കോടികളും കൈയ്യിലിട്ട് അമ്മാനമാടുന്നവരോ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിക്കുന്നവരോ ഒന്നുമല്ല, സ്വകാര്യ സമ്പത്ത് എന്നുപറയാൻ ഒന്നുമില്ലാത്ത എളിയവരിൽ എളിയവരും കർത്താവിന്റെ ദാസികളുമായ ഏതാനും സ്ത്രീകളെയാണ് തങ്ങൾ കീഴ്പ്പെടുത്തിയിരിക്കുന്നത് എന്ന് ഓർമ്മപ്പെടുത്താനുള്ള ശ്രമം. അതാണിനി അവശേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here