അന്യരില്‍നിന്ന് അറിവുകള്‍

ചിത്രകലാവിദഗ്ധനെന്നു സ്വയം കരുതിയിരുന്ന ഒരാള്‍ പ്രശസ്ത കലാകാരനായിരുന്ന പാബ്ളോ പിക്കാസോയെ കാണാനെത്തി. പിക്കാസോയുടെ സ്റുഡിയോയിലെ ചിത്രങ്ങളെല്ലാം കണ്ടതിനുശേഷം അയാള്‍ പിക്കാസോയോടു പറഞ്ഞു:

മാസ്റര്‍, അങ്ങയുടെ ചിത്രങ്ങളെല്ലാംതന്നെ അതുല്യങ്ങളാണ്. എന്നാല്‍, മാടപ്രാവിനെക്കുറിച്ച് അങ്ങു വരച്ചിരിക്കുന്ന ചിത്രം വളരെ സാധാരണമാണെന്നു പറയാതിരിക്കുകവയ്യ. അതില്‍ ഒരു പ്രത്യേകതയും എനിക്കു കാണാന്‍ സാധിക്കുന്നില്ല.

സുഹൃത്തേ, താങ്കള്‍ക്കു ചൈനീസ് ഭാഷ അറിയാമോ? പിക്കാസോ അയാളോടു ചോദിച്ചു.

അറിയില്ല, അയാള്‍ പ്രതിവചിച്ചു.

അപ്പോള്‍ പിക്കാസോ പറഞ്ഞു: എന്നാല്‍, എഴുപതുകോടിയിലേറെ ആളുകള്‍ക്ക് ചൈനീസ് ഭാഷ നന്നായി അറിയാം. താങ്കള്‍ക്കു പോകാം.

പിക്കാസോ ചിത്രകലാവിദഗ്ധനു നല്‍കിയ മറുപടി അര്‍ഥവത്താണെന്നു സമ്മതിക്കണം. മാടപ്രാവിനെക്കുറിച്ചുള്ള ചിത്രത്തില്‍ അയാള്‍ക്കു പ്രത്യേകതയൊന്നും കാണാന്‍ സാധിച്ചില്ലെങ്കിലും അതില്‍ പ്രത്യേകത ദര്‍ശിക്കുന്നവര്‍ ഒട്ടേറെയുണ്െടന്നും അയാളുടെ അജ്ഞതമൂലമാണ് അയാള്‍ അങ്ങനെ പറഞ്ഞതെന്നും ആയിരുന്നില്ലേ പിക്കാസോയുടെ മറുപടിയുടെ ധ്വനി?

ഒരു കാര്യത്തെക്കുറിച്ച് നമുക്കറിയില്ലെന്നു കരുതി അത് അര്‍ഥശൂന്യമാണെന്നു പറയുന്നത് മഹാഭോഷത്തമല്ലേ?

മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ നാം അംഗീകരിച്ചില്ലെങ്കില്‍ക്കൂടി അവ എന്താണെന്നു മനസിലാക്കാന്‍ ശ്രമിക്കേണ്ടതാണ്. മറ്റുള്ളവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് അവ വികസിപ്പിച്ച് നമ്മുടെ ജീവിതത്തെ ധന്യമാക്കാനുള്ള വിവേകം നമുക്കില്ലായിരിക്കാം. എങ്കില്‍ത്തന്നെ മറ്റുള്ളവരുടെ ആശയാഭിപ്രായങ്ങളെ പുച്ഛിച്ചുതള്ളാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്.

ഒട്ടേറെ അറിവും അനുഭവജ്ഞാനവും പാണ്ഡിത്യവുമൊക്കെ നമുക്കുണ്ടായിരിക്കാം. എങ്കില്‍പ്പോലും നാം ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമുണ്െടന്ന കാര്യം മറക്കേണ്ട.

ജോ ജോസഫ്‌ ആന്റണി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply