ലത്തീൻ ഏപ്രിൽ 27 യോഹ 14:1-6 “വഴി-സത്യം-ജീവൻ” 

“ഞാൻ വഴിയും സത്യവും ജീവനുമാകുന്നു.” (വാക്യം 6)

യേശു തൻ്റെ വ്യക്തിത്വത്തെയും ദൗത്യത്തെയും  വെളിപ്പെടുത്തുന്ന ആധികാരിക പ്രഖ്യാപനങ്ങളിലൊന്നാണിത്. “വഴി”, “സത്യം”, “ജീവൻ” എന്നീ മൂന്നു പദങ്ങളിലൂടെയാണ് യേശു ഈ വെളിപ്പെടുത്തൽ നടത്തുന്നത്.

വഴി: ലക്ഷ്യത്തിലേക്കു നയിക്കുന്നതെന്തോ അതാണ് വഴി. നാം ഇച്ഛിക്കുന്ന ലക്ഷ്യം ദൈവവും വിധി രക്ഷയുമാണ്. യേശുവിൻ്റെ ഓരോ വാക്കുകളും പ്രവൃത്തികളും ദൈവത്തിലേക്ക് നയിക്കുന്നവയായിരുന്നു. അതുകൊണ്ടാണ്, “എന്നിലൂടെയല്ലാതെ ആർക്കും പിതാവിൻ്റെ അടുക്കലെത്താൻ സാധിക്കുകയില്ല” (യോഹ 14:6) എന്ന് യേശു പ്രഖ്യാപിച്ചത്.

സത്യം: “എന്നെ കാണുന്നവർ എൻ്റെ പിതാവിനെ കാണുന്നു” (യോഹ 14:9) എന്ന വചനം വെളിപ്പെടുത്തുന്നതുപോലെ നിത്യസത്യമായ ദൈവത്തിൻ്റെ മുഖമാണ് പുത്രനായ യേശു. അവൻ സംസാരിക്കുന്നത് പിതാവിൻ്റെ വചനങ്ങളും ചെയ്യുന്നത് പിതാവിൻ്റെ പ്രവൃത്തികളുമാണ്. അങ്ങനെ പുത്രൻ സത്യമാകുന്നു.

ജീവൻ: ശാരീരിക മരണമെന്നത് ആത്മാവ് ശരീരത്തിൽ നിന്നും വേർപെടുന്ന അനുഭവമെന്നതുപോലെ, വിശുദ്ധ ഗ്രന്ഥത്തിൻ്റെ ഭാഷ്യത്തിൽ മരണമെന്നത്  മനുഷ്യാത്മാവ് പാപം മൂലം ജീവൻ്റെ ഉറവിടമായ ദൈവത്തിൽ നിന്നും അകന്നുപോകുന്നതാണ്. മനുഷ്യപാപങ്ങൾ മോചിക്കാൻ ഭൂമിയിൽ അധികാരം നല്കപ്പെട്ടവനെന്നനിലയിൽ യേശു നമ്മുടെ പാപങ്ങൾ ക്ഷമിച്ചു ജീവൻ്റെ ഉറവിടമായ ദൈവവുമായി ബന്ധം പുനഃസ്ഥാപിക്കുക വഴി ജീവൻ്റെ കാരണമാകുന്നു.

നാം ക്രിസ്തുവിനെ അറിയുമ്പോൾ വഴി അറിയുന്നു, അവനെ ശ്രവിക്കുമ്പോൾ സത്യമറിയുന്നു, അവനിൽ ജീവിക്കുമ്പോൾ ജീവൻ്റെ നിറവ് ഉണ്ടാകുന്നു.

നാം വിചാരത്തിലും, വാക്കിലും, പ്രവൃത്തിയിലും യേശുവിനെ അനുകരിക്കുന്നവരാകുമ്പോൾ മറ്റുള്ളവരെ ദൈവത്തിലേക്ക് നയിക്കുന്ന വഴികളും, സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരും,  ക്ഷമയിലൂടെ ജീവൻ നല്കുന്നവരുമാകുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here