ലത്തീൻ മെയ് 18  യോഹ 21: 15-19 “സമർപ്പിത സ്നേഹം ” 

“നീ എന്നെ സ്നേഹിക്കുന്നുവോ”? (വാക്യം 17)

മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ മൂന്നുപ്രാവശ്യം സ്നേഹപ്രഘോഷണത്തിലൂടെ തെറ്റുതിരുത്താൻ യേശു ക്ഷണിക്കുകയാണ്.

മൂന്നു പ്രാവശ്യം സ്നേഹപ്രഖ്യാപനം നടത്തേണ്ടിവന്നതിനാലല്ല പത്രോസ് ദുഖിതനായത്, മറിച്ചു തനിക്ക് ഗുരുവിനോടുള്ള സ്നേഹം ഗുരുവിന് തന്നോടുള്ള സ്നേഹത്തോളമില്ലല്ലോ എന്ന തിരിച്ചറിവാണ്. തനിക്ക് ഗുരുവിനോടുള്ള സ്നേഹം പരിമിതമായ സുഹൃത്‌സ്‌നേഹം (ഫീലിയെ) മാത്രമാണെന്നും എന്നാൽ ഗുരുവിന് തന്നോടുള്ള സ്നേഹം അപരിമിതമായ ദൈവസ്നേഹമാണെന്നും (അഗാപ്പെ) ഉള്ള തിരിച്ചറിവ്.

വെറും ശിഷ്യനായ പത്രോസ് (മീൻപിടുത്തക്കാരൻ) അപ്പസ്തോലനാകുബോൾ (മനുഷ്യരെ പിടുത്തക്കാരൻ) സൗഹൃദസ്‌നേഹത്തിൻ്റെ തലത്തിൽ നിന്നും ജീവൻ സമർപ്പിക്കാൻ പോലും പോരുന്ന സ്ഥൈര്യമുള്ള സമർപ്പിതസ്നേഹത്തിൻ്റെ തലത്തിലേക്ക് വളർന്നു. സ്നേഹത്തിൽ വളരാത്ത പത്രോസ് അപ്പസ്തോലിക ദൗത്യം നൽകുന്ന പ്രതിസന്ധികളിൽ വീണ്ടും ഗുരുവിനെ തള്ളിപ്പറയാനുള്ള സാധ്യത കാണുന്ന യേശു സ്നേഹത്തിൻ്റെ ആഴമായ വളർച്ചയെ കുറിച്ച് ഓർമ്മിപ്പിക്കുകയാണിവിടെ. ഈ സ്നേഹത്തിലുള്ള പടിപടിയായ വളർച്ചയുടെ പ്രതീകാത്മകമായ ഒരു പ്രകാശനമായി മൂന്നുപ്രാവശ്യത്തെ സ്നേഹപ്രഖ്യാപനത്തെ കാണാവുന്നതാണ്.    “ശിഷ്യനായ പത്രോസ്” ജീവഭയത്താൽ തള്ളിപ്പറയുന്നവനാണെങ്കിൽ “അപ്പസ്തോലനായ പത്രോസ്” മരണഭയമില്ലാത്തവനാണ്. ഗുരുവിനോടുള്ള സ്നേഹത്തിൻ്റെ ആഴം റോമയിൽ വച്ച് തലകീഴായുള്ള കുരിശുമരണം വരിച്ചു പത്രോസ് പ്രകടമാക്കി!

ശിഷ്യത്തിൻ്റെ ആഴമെന്നത് ഗുരുവിനോടുള്ള സ്നേഹത്തിൻ്റെ ആഴമാണ്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here