പാപ്പയുടെ നോമ്പ് സന്ദേശം 25 – യേശുവിനോട് സംസാരിക്കാനുള്ള സമയം

കര്‍ത്താവേ ഞാന്‍ അങ്ങയോടുപ്രാര്‍ത്ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ ( സങ്കീര്‍ത്തനങ്ങള്‍: 69:13).

ജീവിതത്തില്‍ വിഷമഘട്ടങ്ങളെയും പ്രതിസന്ധിഘട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നമ്മെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്ന ആരോടെങ്കിലും അതേക്കുറിച്ച് തുറന്ന് സംസാരിക്കാനും അവരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാനും നാം താത്പര്യപ്പെടാറുണ്ട്. അത് നല്ല കാര്യമാണെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ ഈശോയെ നമുക്ക് മറക്കാതിരിക്കാം. നമ്മളെ സ്വയം അവിടുത്തേയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വിഷമങ്ങളും ആശങ്കകളും അവിടുത്തെ അറിയിക്കാനും മടിക്കാതിരിക്കാം. കാരണം അവിടുന്ന് നമ്മെ എപ്പാഴും കാത്തിരിക്കുകയാണ്.

അത്ഭുതകരമായി നമ്മുടെ വിഷമതകളെ ഇല്ലാതാക്കാനല്ല, മറിച്ച് നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളെ കരുത്തോടെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുകയാണ് അവിടുന്ന് ചെയ്യുക. നമ്മുടെ ജീവിത്തതില്‍ നിന്ന് പ്രശ്‌നങ്ങളെ എടുത്തുകളയുകയല്ല അവിടുന്ന് ചെയ്യുന്നത്, മറിച്ച് നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് ആകുലതകളെ എടുത്ത് കളയുകയാണ്. അവിടുന്ന് നമ്മുടെ കുരിശുകളെ എടുത്തുമാറ്റുന്നില്ല, മറിച്ച് അത് ചുമക്കാന്‍ നമ്മെ സഹായിക്കുകയാണ് ചെയ്യുന്നത്. അവനോടൊപ്പമായിരിക്കുമ്പോള്‍ എല്ലാ ഭാരവും ലഘുവായി അനുഭവപ്പെടും. കാരണം നാം തേടുന്ന ആശ്വാസം അവിടുന്നാണ്. യേശു കടന്നുവരുമ്പോള്‍ സമാധാനവും ലഭ്യമാവുന്നു. എല്ലാ പരീക്ഷണങ്ങളിലും സഹനങ്ങളിലും കടന്നുവരുന്ന സമാധാനം. അതുകൊണ്ട് യേശുവിലേയ്ക്ക് നമുക്ക് പോകാം. നമ്മുടെ സമയം അവിടുത്തേയ്ക്ക് കൊടുക്കാം. സ്വകാര്യ സംഭാഷണങ്ങള്‍ വഴിയും പ്രാര്‍ത്ഥനകള്‍ വഴിയും അവിടുത്തോട് നമുക്ക് സദാ സംസാരിക്കാം. അവിടുത്തെ വചനങ്ങളെ കൂടുതല്‍ അറിയാം. ഭയംകൂടാതെ ദൈവത്തിന്റെ ക്ഷമയെ നമുക്ക് സമീപിക്കാം. അപ്പോള്‍ അവിടുത്തെ സ്‌നേഹവും സ്വാന്തനവും നമുക്ക് അനുഭവവേദ്യമാകും. ഒപ്പം ഇതുകൂടി ചിന്തിക്കാം…എന്റെ വികാരവിചാരങ്ങളെ ദൈവവുമായി പങ്കുവയ്ക്കാന്‍ ഞാന്‍ കൂടുതല്‍ ആഗ്രഹിച്ചതെപ്പോഴെക്കെയാണ് എന്ന്.

Leave a Reply