മരുന്നില്ലാത്ത രോഗം

ഏതാനും നാളുകള്‍ക്ക് മുമ്പ് കടബാധ്യത മൂലം മരണത്തെ പുല്‍കിയ ഒരു കുടുംബത്തെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു സഹകരണ ബാങ്കിലെ ജീവനക്കാരനായ സുരേന്ദ്രനും കുടുംബാംഗങ്ങളുമാണ് ഇങ്ങനെ സ്വയം മരണം  വരിച്ചത്. ‘കടബാധ്യത മൂലം ഞങ്ങള്‍ക്ക് ജീവിക്കാനാകുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ പോകുന്നു’- എന്നെഴുതിയ ഒരു കത്തും മുറിക്കുള്ളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഒടുവില്‍ യാഥാര്‍ഥ്യം പുറത്ത് വന്നു. സുരേന്ദ്രന്റെ ഭാര്യ മാലിനി, ആഡംബര ഭ്രമമക്കാരിയായിരുന്നു. അയല്‍പക്കത്ത് എന്നും തങ്ങള്‍ ശ്രദ്ധിക്കപ്പെടണമെന്ന് അവള്‍ ആഗ്രഹിച്ചു. വനിതാപ്രസിദ്ധീകരണങ്ങളും  ടിവിയിലെ പരസ്യങ്ങളും കണ്ട് അതില്‍കാണുന്ന ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയായിരുന്നു അവളുടെ  ഹോബി. ഭാര്യയുടെ ഇഷ്ടങ്ങള്‍ക്കൊന്നും സുരേന്ദ്രന്‍ എതിര് നിന്നില്ല. എന്നാല്‍ അവരുടെ വീടിനടുത്തുള്ള ഒരു അധ്യാപകന്‍,  വിലകൂടിയ ടൈല്‍ പതിച്ച് വീടിന്‍രെ പൂമുഖം മനോഹരമാക്കുകയും ഒരു പുത്തന്‍ കാര്‍ വാങ്ങുകയും ചെയ്തതോടെ മാലിനി അസ്വസ്ഥയായി.

അധ്യാപകന്റെ ഭാര്യ അയല്‍പക്കത്തെ സ്ത്രീകളെക്കൂട്ടി പട്ടണത്തില്‍ സിനിമയ്ക്കും ഷോപ്പിംഗിനുമൊക്കെ പോകാന്‍ തുടങ്ങിയത് മാലിനിയെ കടുത്ത അസൂയാലുവാക്കി. ഇതിനോടകം സുരേന്ദ്രന്‍, ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാങ്കില്‍ നിന്ന് പലതവണ ലോണെടുക്കുകയും വരുമാനത്തിലേറെ തുക, ഓരോ മാസവും വായ്പ തിരിച്ചടക്കാനായി ചെലവഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാലിനിയുടെ പിന്നീടുള്ള ഏക നിര്‍ബന്ധം  കാര്‍ വാങ്ങണമെന്നും ഡ്രൈംവിംഗ് പഠിക്കണമെന്നുമായിരുന്നു. ഇനി മറ്റൊരു  ലോണ്‍ കൂടി തരപ്പെടുത്താനുള്ള വഴി കാണാതെ സുരേന്ദ്രന്‍ പാടുപെട്ടു. ഭാര്യയുടെ കുബുദ്ധി അവിടെയും തല പൊക്കി.  മുക്കുപണ്ടം പണയംവെച്ച് പണംതട്ടാനായിരുന്നു ഭാര്യയുടെ ഉപദേശം.  ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മുക്കു പണ്ടം പണയംവെച്ചാല്‍, ആരും സംശയിക്കില്ലല്ലോ. ഭാര്യയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ അയാള്‍ കുറെ മുക്കുപണ്ടങ്ങള്‍ വാങ്ങി, സ്വന്തം ബാങ്കില്‍ പണയപ്പെടുത്തി. എന്നാല്‍ അയാളുടെ പരിഭ്രമവും, വാക്കിലെ പൊരുത്തക്കേടും ക്ലര്‍ക്ക് ശശിയില്‍ സംശയം ജനിപ്പിച്ചു. അയാള്‍ വിവരം മാനേജരോട് പറഞ്ഞു. സംഗതി യാഥാര്‍ഥ്യമാണെന്ന് അറിഞ്ഞ മാനേജര്‍,  രഹസ്യമായി വിവരം പോലീസിനെയുമറിയിച്ചു. മൂന്നുലക്ഷം രൂപയ്ക്ക് സുരേന്ദ്രന്‍ വൗച്ചറുകളില്‍ ഒപ്പിട്ടുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് അവിടെ എത്തുന്നത്. മുക്കുപണ്ടം പോലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്തു. പത്രങ്ങള്‍ വാര്‍ത്താപ്രാധാന്യം നല്‍കി. ബാങ്കില്‍ നിന്നുണ്ടായ സസ്‌പെന്‍ഷനും, നാട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ പ്രതികരണവും അയാളെ അത്യധികം  നിരാശനാക്കി. അധികം ദിവസം കഴിയും മുമ്പേയായിരുന്നു ആ കൂട്ടദുരന്തം…

അസൂയ പരത്തുന്ന ദുരന്തങ്ങള്‍

ഒരു സ്ത്രീയുടെ ‘അസൂയ’ഒരു കുടുംബത്തെ മുഴുവന്‍ തല്ലിക്കൊഴിച്ചു. ഇതുപോലെ എത്രയോ കുടുംബങ്ങളെയാണ് അസൂയ ഇല്ലാതാക്കുന്നത്. അന്യന്റെ സമ്പത്ത് കണ്ട്, അന്യന്റെ ഉയര്‍ച്ച കണ്ട്, മറ്റുള്ളവരുടെ പ്രമോഷനുകള്‍ കണ്ട്, എത്രയോ വ്യക്തികള്‍ ഇങ്ങനെ അസൂയയില്‍ നീറി ഇല്ലാതാകുന്നു. ഇതുകൊണ്ടൊക്കെ ആയിരിക്കാം അസൂയ ഏറ്റവും വെറുക്കപ്പെടുന്ന തിന്മയായി വിശുദ്ധഗ്രന്ഥം വിശേഷിപ്പിക്കുന്നത്. ‘പ്രേമം മരണത്തപ്പോലെ ശക്തമാണ്. അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്. അതിന്റെ ജ്വാലകള്‍ തീ ജ്വാലകളാണ്. അതിശക്തമായ തീജ്വാല.”(ഉത്ത. 8.6), ”അസൂയ അസ്ഥികളെ ജീര്‍ണ്ണിപ്പിക്കുന്നു.”(സുഭാ. 14.30),

കായേന്‍, എന്തിനാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ആബേലിന്റെ ബലി ദൈവം സ്വീകരിച്ചതില്‍ അസൂയ പൂണ്ട്   അയാള്‍ അനുജനെ വയലില്‍കൊണ്ടുപോയി കൊന്നുകളഞ്ഞു.

കുട്ടിയുടെ അവകാശവാദവുമായി സോളമനെ സമീപിക്കുന്ന രണ്ട് സ്ത്രീകളെക്കുറിച്ച് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലുണ്ട്. രണ്ടു സ്ത്രീകളും പ്രസവിച്ചെങ്കിലും ഒരാളുടെ കുട്ടി മരിച്ചു. എന്നാല്‍ ജീവനുള്ള കുട്ടിക്ക് വേണ്ടിയായി രണ്ട് സ്ത്രീകളും തമ്മിലുള്ള തര്‍ക്കം. സോളമന്‍ അവരിരുവരുടെയും വാദം കേട്ടു. പരിഹാരവും നിര്‍ദ്ദേശിച്ചു. ‘കുട്ടിയെ മുറിച്ച് വീതിക്കാം…” അസൂയക്കാരിക്ക് അതില്‍പ്പരം സന്തോഷമില്ല. അത് മാത്രമാണ് നല്ലതെന്നായിരുന്നു അവളുടെ അഭിപ്രായം. എന്നാല്‍ കുഞ്ഞിന്റെ യഥാര്‍ഥമാതാവിന് ആ ഉടമ്പടി ഒട്ടും സ്വീകാര്യമായില്ല. കുഞ്ഞിനെ മുറിക്കരുതെന്ന് അവള്‍ വിലപിച്ചു. അതോടെ അസൂയാലു ആരെന്ന് ബുദ്ധിമാനായ സോളമന് പകല്‍ പോലെ തെളിയുകയും ചെയ്തു.

അസൂയാലുവിന് അന്യന്റെ പുരോഗതിയും ഉയര്‍ച്ചയും അസഹനീയമാണ്. അതുകൊണ്ട് തന്നെ അവര്‍ സമൂഹത്തില്‍ എന്നും ഒറ്റപ്പെടുന്നു. മറ്റുള്ളവരില്‍ നന്മകാണാനോ, മറ്റുള്ളവരെക്കുറിച്ച് നന്മപറയാനോ, അവര്‍ തയ്യാറാകില്ല. ഒരാളെക്കുറിച്ച് ആരെങ്കിലും നന്മ പറഞ്ഞാല്‍ അസൂയാലു അയാളെക്കുറിച്ച് ഉന്നയിക്കുന്നത് ആരോപണമായിരിക്കും. നന്മകള്‍ അയാള്‍ക്ക് കാണാന്‍ കഴിയാത്തതാണ് കാരണം.

മറ്റുള്ളവരുടെ വളര്‍ച്ചയെ അസൂയയോടെ വീക്ഷിച്ചാല്‍ അതുകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം? അത്  സൗഹൃദങ്ങളെ ഇല്ലാതാക്കുകയും, സമാധാനവും സന്തോഷവും തല്ലിക്കെടുത്തുകയുമല്ലേ ചെയ്യുന്നത്? സമൂഹത്തിന്റെയും, സ്ഥാപനത്തിന്റെയും പുരോഗതിയെക്കൂടി അസൂയ തകര്‍ത്ത് തരിപ്പണമാക്കുന്നു.

താന്‍ ഒരു നല്ല അസൂയക്കാരനാണ് എന്നാരും സമ്മതിക്കില്ലല്ലോ. എന്നാല്‍ അയാളുടെ വാക്കും പ്രവൃത്തിയുമത് വെളിവാക്കും.  ഇല്ലാക്കഥകളും, ദുഷ്പ്രചരണങ്ങളും പരത്തുന്നതിന്റെ മുഖ്യ പ്രായോജകര്‍ അസൂയാലുക്കളാണല്ലോ. രാഷ്ട്രീയക്കാരുടെ പഴിചാരലും, ഉല്‍പന്ന നിര്‍മ്മാതാക്കളുടെ വെല്ലുവിളിയും അസൂയയുടെ മറ്റ് ചില പ്രതിഫലനങ്ങളാണ്. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ആരെയും അസൂയക്കാരില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനാവില്ല. തെരുവ് കച്ചവടക്കാരന്‍ മുതല്‍ വലിയ കമ്പനി ഉടമസ്ഥര്‍ വരെ അസൂയയുടെ പിടിയിലമരുന്നവരില്‍പ്പെടുന്നു.

വി. ജറോം പറയുന്നു.”അസൂയ ആരില്‍ ജന്മമെടുക്കുന്നുവോ, അവനെത്തന്നെ അത് കരണ്ടുതിന്നുന്നു. ശത്രുവിനെ നശിപ്പിക്കുന്നതിന് അസൂയാലു പരിശ്രമിക്കുന്നതിനൊപ്പം സ്വയമേവ നശിക്കുകയും ചെയ്യുന്നു.”

അസൂയാലുക്കളായ സഹോദരങ്ങളില്‍നിന്ന് പൂര്‍വ്വപിതാവായ ജോസഫിന് നേരിടേണ്ടിവന്നത് കടുത്ത പീഡനങ്ങളാണെന്ന് ഉല്‍പത്തി 37-ാം അധ്യായത്തില്‍  നാം വായിക്കുന്നു. പിതാവായ യാക്കോബിന്റെ സ്‌നേഹവും കാരുണ്യവും പന്ത്രണ്ടാമനായ ജോസഫിന് ലഭിച്ചത് ചേട്ടന്മാരെ കടുത്ത അസൂയാലുക്കളാക്കി.  അസൂയ മൂത്ത് മൂത്ത് ഒടുവില്‍ അവര്‍ തങ്ങളുടെ കുഞ്ഞനുജനെ പൊട്ടക്കിണറ്റില്‍ തള്ളിയിടുന്നതു വരെയെത്തി കാര്യങ്ങള്‍.

ഈ അസൂയ തന്നെ പുതിയ രൂപത്തിലും ഭാവത്തിലും നമ്മുടെ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും സമൂഹത്തിലുമൊക്കെ കയറിക്കൂടിയിട്ടുണ്ട്. ഇളയ കുഞ്ഞിനോട് വാത്സല്യം കാട്ടുമ്പോള്‍ മൂത്തകുട്ടി പിണങ്ങുന്നതും സ്ഥാപനത്തിലെ ചില ജീവനക്കാരോട് മേധാവി താല്പര്യം കാട്ടുമ്പോള്‍ മറ്റുള്ളവര്‍ അപവാദക്കെണി അവര്‍ക്കെതിരെ സൃഷ്ടിക്കുന്നതും, സമൂഹപുരോഗതിയെ തന്നെ ഹനിക്കുന്ന ചില രാഷ്ട്രീയ പാപ്പരത്തങ്ങളുമെല്ലാം അസൂയയില്‍ നിന്നുള്ള പിറവിയാണ്.

റോമിലെ സിസ്റ്റൈന്‍ ചാപ്പലില്‍ അന്ത്യത്താഴത്തിന്റെ ചിത്രം വരച്ചത് മൈക്കല്‍ ആഞ്ചലോയായിരുന്നു. ചാപ്പലിന്റെ 3500ഓളം ചതുരശ്ര അടി വിസ്ത്രീര്‍ണ്ണത്തിലാണ് പെയിന്റിംഗ്. ആഞ്ചലോ ഈ ചിത്രം മുഴുമിപ്പിക്കാന്‍ ഏഴു വര്‍ഷത്തോളമെടുത്തു. ചിത്രം കണ്ടവരെല്ലാം അദ്ദേഹത്തെ അഭിനന്ദിച്ചു. എന്നാല്‍ റോമിലെ പള്ളിക്കര്‍മ്മങ്ങളുടെ മേധാവിയായ ബിയോജിയോ മാത്രം ആഞ്ചലോയെ അഭിനന്ദിച്ചില്ല. മാര്‍പാപ്പ  അദ്ദേഹത്തിന് നല്‍കുന്ന അധിക പരിഗണനയിലും സ്‌നേഹത്തിലും അസൂയാലുവയിരുന്നതുകൊണ്ടാണത്. ”ഈ ചിത്രം ചാപ്പലില്ല, നരകത്തിലാണ് പ്രതിഷ്ഠിക്കേണ്ടതെന്ന്” അദ്ദേഹം കാണുന്നവരോടെക്കെ പറഞ്ഞു നടക്കുകയും ചെയ്തു.

ഈ അസൂയക്കാരനെ ഒരു നല്ല പാഠം പഠിപ്പിക്കണമെന്ന് മൈക്കിള്‍ ആഞ്ചലോയും തീരുമാനിച്ചു. തുടര്‍ന്ന് മൈക്കിള്‍ വരച്ച നരകത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം പിശാചുക്കളുടെയിടയില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു  മനുഷ്യനെക്കൂടി വരച്ചുചേര്‍ത്തു. അയാള്‍ക്ക് ബിയോജിയോയുടെ മുഖഛായയാണുണ്ടായിരുന്നത്.

തന്റെ ചിത്രം നരകത്തില്‍ കണ്ടപാടെ ബിയോജിയോ രോഷാകുലനായി, അപ്പോള്‍ തന്നെ മാര്‍പാപ്പായുടെ അടുത്തേക്ക് പരാതിയുമായി അദ്ദേഹം ഓടി. ”പരി. പിതാവേ, അങ്ങ് നിയമിച്ച ചിത്രകാരന്‍ ഇത്ര ഉന്നതനായ എന്നെ നരകാഗ്നിനയില്‍ വെന്തുരുകുന്നവനായി ചിത്രീകരിച്ചിരിക്കുന്നു. ആ ചിത്രം എത്രയും വേഗം അവിടെ നിന്നും നീക്കണം.” പോള്‍ മൂന്നാമന്‍ പാപ്പാ ചിരിച്ചുകൊണ്ടു പറഞ്ഞു. ”താങ്കള്‍ നരകത്തില്‍ കിടക്കുന്നവനെ എന്ന പോലെയാണോ ചിത്രീകരിച്ചിരിക്കുന്നത്. ഞാനിനി എന്ത് ചെയ്യും? ഒരു പക്ഷേ, ശുദ്ധീകരണസ്ഥലത്തായിരുന്നെങ്കില്‍ എന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിക്കാമായിരുന്നു. ഇനി നരകത്തില്‍ നിന്നും താങ്കളെ രക്ഷിക്കാന്‍ ദൈവം തന്നെ ഇടപെടട്ടെ…”

അസൂയ കുറയാന്‍ പ്രാര്‍ത്ഥനയാണ് വേണ്ടതെന്ന് ഒരു സന്ദേശം കൂടി മാര്‍പാപ്പാ നല്‍കുന്നുണ്ട്. സെര്‍വാന്റസ് ഓര്‍മ്മിപ്പിക്കുന്നു: ”അസൂയ എപ്പോഴും വസ്തുതകളെ ഭൂതക്കണ്ണാടിയിലെന്ന പോലെ അതിസൂക്ഷ്മം നോക്കാന്‍ പ്രേരിപ്പിക്കുന്നു…ചെറിയ കാര്യങ്ങളെ അത് പെരുപ്പിച്ച് കാണിക്കുന്നു. എന്നാല്‍ നന്മകള്‍ കാണാതെ പോകുന്നു…., സംശയങ്ങളെയും, ആരോപണങ്ങളെയും അത് വലുതാക്കി കാണിക്കുന്നു.”

മറ്റുള്ളവരില്‍ നന്മയും ഉയര്‍ച്ചയും കാംക്ഷിക്കുക എന്നതാണ് അസൂയ ഒഴിവാക്കാനുള്ള ഏകമാര്‍ഗം. ഹൃദയത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് മറ്റുള്ളവരുടെ നന്മയും വളര്‍ച്ചയും ആഗ്രഹിക്കുക എന്നുള്ളതാണ്. അപ്പോള്‍ നമുക്ക് വളരാനാകും. അസൂയയുടെ പത്തി തകര്‍ക്കപ്പെടുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ