മാമ്മോദീസായിലൂടെ ലഭിച്ച കൃപാവരങ്ങൾ ജീവിതത്തിൽ ഫലമണിയണം: മാർപ്പാപ്പ

മാമ്മോദീസാ വഴി ലഭിക്കുന്ന ക്രിസ്തുവിന്റെ പ്രകാശത്തിൽ വേണം ഓരോ ക്രൈസ്തവനും ശിഷ്ട ജീവിതം നയിക്കാനെന്ന് മാർപ്പാപ്പ. ബുധനാഴ്ചത്തെ പൊതുസന്ദർശകരോട് സംസാരിക്കവെയാണ് മാമ്മോദീസാ എന്ന കൂദാശയെക്കുറിച്ച് മാർപ്പാപ്പ പറഞ്ഞത്.

മാമ്മോദീസാ വസ്ത്രം

മാമ്മോദീസാ ജലം തലയിൽ സ്വീകരിക്കുന്ന വ്യക്തിയ്ക്ക് പുതു വസ്ത്രം നൽകുക എന്നത് പരമ്പരാഗതമായി തുടർന്നുപോരുന്ന ഒരാചാരമാണ്. ക്രിസ്തുവിലുള്ള നവ ജീവിതത്തെയാണ് പുതു, വെള്ള വസ്ത്രം സൂചിപ്പിക്കുന്നത്.

കൊളോസോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ വിശുദ്ധ പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിനെ ധരിച്ചാൽ, അനുകമ്പ, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവയെല്ലാം ആർജിക്കാൻ സാധിക്കുമെന്ന്. ഒപ്പം, കർത്താവ് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുവിനെന്നും സർവ്വോപരി എല്ലാത്തിനെയും യോജിപ്പിക്കുന്ന സ്നേഹമെന്ന സദ്ഫലത്തെ സ്വന്തമാക്കുകയെന്നും പൗലോസ് ശ്ലീഹാ പറയുന്നു.

മാമ്മോദീസാ തിരി

ക്രിസ്തുവിന്റെ പ്രകാശം സ്വീകരിക്കുക എന്നു പറഞ്ഞുകൊണ്ട് വൈദികൻ കത്തിച്ച തിരി മാമ്മോദീസാർത്ഥിക്കു നൽകുന്നുണ്ട്. തിന്മയുടെ അന്ധകാരത്തെ ജയിച്ച്, ഉത്ഥാനത്തിന്റെ പ്രകാശം സ്വീകരിച്ച ക്രിസ്തുവിന്റെ പ്രകാശമാണ് മാമ്മോദീസായിൽ നൽകപ്പെടുന്നത്.

അതോടെ ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ സ്നേഹം മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ നിറയും. അതുകൊണ്ടാണ് പണ്ടുകാലത്ത് വെളിച്ചത്തിന്റെ കൂദാശ എന്ന പേരിൽ മാമ്മോദീസാ അറിയപ്പെട്ടിരുന്നത്. മാർപ്പാപ്പ വ്യക്തമാക്കി.

മാമ്മോദീസായിൽ ലഭിച്ച വിശ്വാസത്തിന്റെ അഗ്നിയും അതുവഴി ലഭിച്ച പ്രകാശവും അണഞ്ഞുപോവാതെ നോക്കാനുള്ള കടമ മാതാപിതാക്കൾക്കും ജ്ഞാനസ്നാന മാതാപിതാക്ക൪ൾക്കുമാണ്. ക്രിസ്തീയ വിദ്യാഭ്യാസത്തിലൂടെയാണ് ഇത് സാധ്യമാക്കേണ്ടത്.

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിളി

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയോടെയാണ് മാമ്മോദീസായുടെ തിരുകർമ്മങ്ങൾ അവസാനിക്കുന്നത്. പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാമ്മോദീസാ സ്വീകരിച്ച വ്യക്തി, ദൈവത്തെ പിതാവേ എന്നു വിളിക്കാൻ യോഗ്യനായി എന്ന സൂചനയാണ് അത് നൽകുന്നത്.

ആനന്ദിച്ചാഹ്ലാദിക്കുവിൻ എന്ന തന്റെ അപ്പസ്തോലിക ലേഖനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് അവസാനിപ്പിച്ചത്. മാമ്മോദീസായിലൂടെ ലഭിച്ച കൃപാവരങ്ങൾ നമ്മിൽ ഫലമണിയട്ടേയെന്നും മാർപ്പാപ്പ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply