ഈ ശില്പി ഇപ്പോഴും ശില്പങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് – തെക്കനാല്‍ ജോസ് സാറിന്റെ കലാ ജീവിതം

രൂപങ്ങള്‍ക്ക് ദൈവീകമായ ചൈതന്യം പകര്‍ന്ന അതുല്യ കലാകാരന്‍. മനസില്‍ ആവാഹിച്ച ദൈവസങ്കല്പത്തെ അനേകര്‍ക്ക് മുന്നില്‍ പണിതുയര്‍ത്തിയ അടിമാലിക്കാരന്‍. തെക്കനാല്‍ ജോസ് സാര്‍. ദൈവം തന്ന കഴിവുകളെ ദൈവാനുഭവത്തിന്റെ നിറവുകളായി അനേകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ഈ ദേവശില്പി ഒരു അധ്യാപകന്‍ കൂടിയാണ്. ഡിസൈനര്‍, നാടകരചയിതാവ്, സംവിധായകന്‍, അഭിനേതാവ് എന്നീ മേഖലകളിലും കഴിവ് തെളിയിച്ച ഇദ്ദേഹം ശില്പനിര്‍മ്മാണത്തില്‍ സെഞ്ചുറി തികച്ചിരിക്കുകയാണ്.

ശില്‍പകലയിലേയ്ക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ചും തന്റെ കലാജീവിതത്തെക്കുറിച്ചും ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ് തെക്കനാല്‍ ജോസ് സാര്‍.

ശില്‍പനിര്‍മ്മാണ രംഗത്തേയ്ക്ക് 

സ്‌കൂളില്‍ ശമ്പളം ലഭിക്കാതിരുന്ന കാലം. ജീവിതം കരുപിടിപ്പിക്കുന്നതിനായി ഉള്ള ഓട്ടത്തിനിടയിലാണ് ദൈവഹിതം പോലെ  കുമളി ഗുരുമന്ദിരത്തിന്റെ പ്രസിഡന്റ് ആയ കമലാസനന്റെ ഫോണ്‍ കോള്‍ എത്തുന്നത്. ഒരു ഗുരുമന്ദിരം നിര്‍മ്മിക്കുവാന്‍ ജോസ് സാറിനെ ക്ഷണിച്ചുകൊണ്ടുള്ള വിളിയായിരുന്നു അത്. ആദ്യം മറ്റു പണികളാണ് ഏല്‍പ്പിച്ചതെങ്കിലും ഗുരുദേവന്റെ ശില്‍പ്പം ഉണ്ടാക്കുവാനുള്ള ശക്തമായ ഉള്‍പ്രേരണയാല്‍ ആ ജോലി കൂടി ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ കമലാസനിലൂടെ ശില്‍പ്പകലയുടെ ലോകത്തേക്ക് അദ്ദേഹം പിച്ചവച്ചു.  പിന്നീട് അദ്ദേഹത്തിന്റെ കരവിരുതില്‍ നിര്‍മ്മിച്ചത് നൂറോളം ദൈവാലയങ്ങളിലെ ശില്പങ്ങള്‍ ആയിരുന്നു. കിരത്തോട് നിത്യസഹായ മാതാവിന്റെ ദൈവാലയത്തിന്റെ അവസാന ഭാഗം നിര്‍മ്മിച്ചുകൊണ്ടാണ് ശില്പകലയിലേക്ക് കടന്നു വരുന്നത്. പിന്നീട്  കഞ്ഞിക്കുഴി പള്ളിയുടെ മുഴുവന്‍ അള്‍ത്താരയും അദ്ദേഹം പണിതു. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറു പള്ളികളിലെ അള്‍ത്താരകളും രൂപങ്ങളും ഇതിനോടകം ജോസ് സാര്‍ രൂപകല്പന ചെയ്തു കഴിഞ്ഞു.

കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായി ജോലി ചെയ്യുന്ന  ജോസ് സാര്‍ ശില്പനിര്‍മ്മാണത്തിന് വേണ്ടി തന്റെ അധ്യാപനജീവിതം മാറ്റിവച്ചിട്ടില്ല. ശില്പനിര്‍മ്മാണവും അധ്യാപനവും ഒരുമിച്ചു കൊണ്ടു പോവുകയാണ് ഇദ്ദേഹം. ശില്പനിര്‍മാണത്തിനായി ഇതുവരെ അദ്ദേഹം ലീവ് എടുത്തിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. പകല്‍ സമയങ്ങളില്‍ സ്‌കൂളില്‍ അധ്യാപകനായും രാത്രി സമയങ്ങളില്‍ കലാകാരനായും അദ്ദേഹം സമയം ചിലവഴിക്കുകയാണ്. അദ്ദേഹം നിര്‍മ്മിക്കുന്ന ഓരോ ശില്പവും ജീവനുള്ളവയാണ്. പകല്‍ സമയങ്ങളില്‍ സ്‌കൂളിലെ ജോലിയും രാത്രി കാലങ്ങളില്‍ ശില്പനിര്‍മാണവും ഒരിക്കലും ഒരു മടുപ്പും ബുദ്ധിമുട്ടും അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

ശില്പനിര്‍മ്മാണത്തിലെ മുന്നൊരുക്കങ്ങള്‍ 

ഏതു രൂപമാണോ നിര്‍മ്മിക്കുന്നത്, ആ രൂപത്തെക്കുറിച്ച് നന്നായി പഠിക്കും. ആ രൂപത്തിന്റെ പ്രത്യേകതകള്‍  അതിന്റെ ഭാവങ്ങള്‍ എല്ലാം വ്യക്തമായി മനസിലാക്കി അത് മനസില്‍ ഉറപ്പിക്കും. ഓരോ ശില്പവും മനസില്‍ ഉറപ്പിച്ചതിന് ശേഷം പ്രാര്‍ത്ഥനയോടെയാണ് നിര്‍മ്മാണം തുടങ്ങുന്നത്. ശില്പത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മനസില്‍ ഉണ്ടാവും. ‘മനസ്സില്‍ വ്യക്തമായ ചിത്രങ്ങളോടെ  നിര്‍മ്മിക്കുമ്പോള്‍ ആണ് ജീവനുള്ള ശില്പങ്ങള്‍ ഉണ്ടാവുന്നത്’ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ജോസ് സാര്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉത്ഥിതനായ യേശുവിന്റെ രൂപമാണ്. ഓരോ തവണയും നിര്‍മ്മിക്കുമ്പോള്‍ ശില്‍പ്പത്തിന്റെ ഭംഗി കൂടി കൂടി വരുകയാണ്. ഏകദേശം മൂന്ന് നാലു മാസം കൊണ്ടാണ് ഒരു ശില്‍പം നിര്‍മ്മിക്കുന്നത്. മാര്‍ബിള്‍ പൊടിയും വൈറ്റ് സിമന്റും കമ്പിയുമുപയോഗിച്ചാണ് അദ്ദേഹം ശില്‍പം നിര്‍മ്മിക്കുന്നത്. വെയിലിലും മഴയിലും ശില്പത്തിന് കോട്ടം സംഭവിക്കാതിരിക്കാനാണ് മാര്‍ബിള്‍ പൊടി ഉപയോഗിച്ച് ശില്‍പം നിര്‍മ്മിക്കുന്നത്. അദ്ദേഹം പറയുന്നു.

കോട്ടയത്തുള്ള കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ജോസ് ചിത്രകലയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. അന്നത്തെ പ്രിന്‍സിപ്പലായിരുന്ന സി.സി. അശോകനാണ് ശില്പനിര്‍മാണത്തിലെ സംശയങ്ങള്‍ നീക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും. വൈക്കം ക്ഷേത്രകലാപീഠത്തില്‍ നിന്ന് കളമെഴുത്തില്‍ പ്രാവീണ്യം നേടി. നാകപ്പുഴ സെന്റ് മേരീസ് പളളിയുടെ അള്‍ത്താരയില്‍ മാതാവിന്റെ രൂപം കളമെഴുതി കേരളത്തില്‍ ആദ്യമായി കളമെഴുത്ത് ക്രൈസ്തവ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു. പഞ്ചവര്‍ണങ്ങളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപമായ എഴുകുംവയലിലെ ക്രൂശിതരൂപം (46അടി) അദ്ദേഹത്തിന്റെ കൈവിരുത്തില്‍ വിരിഞ്ഞ ഒന്നാണ്. എത്ര കിലോമീറ്ററുകള്‍ അകലെ നിന്നും ഈ  ക്രൂശിതരൂപം  കാണാന്‍ കഴിയും. കുടുംബത്തിന്റെയും സ്‌കൂളിന്റെയും ഇടവകക്കാരുടെയും പിന്തുണയും പ്രോത്സാഹനവും സഹായവും അദേഹത്തിന് ലഭിക്കുന്നുണ്ട്. അവരുടെ പിന്തുണകൊണ്ടാണ് തനിക്ക് ഇത്രയും ശില്പങ്ങള്‍ മനോഹരമായി നിര്‍മ്മിക്കാന്‍ സാധിച്ചത് എന്ന് അദ്ദേഹം പറയുന്നു. കഞ്ഞിക്കുഴി തേക്കനാല്‍ പരേതനായ ജോസഫിന്റെയും റോസമ്മയുടെയും മകനാണ് അദ്ദേഹം. ഭാര്യ ആന്‍സി ജില്ലാ സഹകരണബാങ്ക് മാങ്കുളം ബ്രാഞ്ച് ജീവനക്കാരി. മക്കള്‍ ആല്‍ബിന്‍, അഞ്ജന. സത്യന്‍, ഗിരീഷ് സാജന്‍, നിഷാത് അമ്പിളി എന്നീ അഞ്ചു പേരാണ് അദ്ദേഹത്തെ ശില്പനിര്‍മ്മാണത്തില്‍ സഹായിക്കുന്നത്തിനായി കൂടെയുള്ളവര്‍.

ഇപ്പോള്‍ കുറുപ്പുംതറ ശ്ലീവാപുരം പള്ളിയിലെ ശില്പനിര്‍മ്മാണത്തിന്റെ തിരക്കിലാണ് ജോസ് സാര്‍. ഇനിയും നിരവധി ദൈവാലയങ്ങളുടെ അള്‍ത്താരകള്‍ അദ്ദേഹത്തിന്റെ കരവിരുതില്‍ നിര്‍മ്മിക്കാന്‍ സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ