തലസ്ഥാന നഗരിയിലെ സ്നേഹ ശുശ്രൂഷ- ലൂര്‍ദ് മാതാ കെയര്‍

ജാതി മത വ്യത്യസമെന്യേ വേദനിക്കുന്നവരുടെ ഇടയിലേയ്ക്കു ഇറങ്ങി ചെന്ന് അവരുടെ കണ്ണീരൊപ്പുന്ന ജീവകാരുണ്യ ശുശ്രൂഷ. ലൂർദ് മാതാ കെയർ. കഴിഞ്ഞ പത്തു വര്‍ഷമായി ക്യാന്‍സര്‍ ബാധിതരായ ആളുകള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കി കൊണ്ട് കാരുണ്യത്തിന്റെ തണലേകുകയാണ് ലൂര്‍ദ് മാതാ കെയര്‍ എന്ന പദ്ധതി. തിരുവനന്തപുരം ലൂർദ് ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ശുശ്രൂഷ ഇന്ന് തലസ്ഥാന നഗരിയിൽ കാരുണ്യത്തിന്റെ പാലാഴിയായി മാറുകയാണ്.

മാർ ജോസഫ് പെരുംതോട്ടം രക്ഷാധികാരിയും മാർ ജോസഫ് പൗവ്വത്തിലും മാർ തോമസ് തറയിലും സഹ രക്ഷാധികാരികാലുമായുള്ള ഈ ജീവകാരുണ്യപദ്ധതിയെ മനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്നത് ചെയർമാൻ ഫാ. ജോസഫ് വിരുപ്പേലും ഡയറക്ടർ റോണി മാളിയേക്കലും അസി. ഡയറക്ടർ ഫാ. ജോർജിൻ വെളിയത്തും ചേർന്നാണ്.

കരുണയുടെ ദീപവുമായി ലൂർദ് മാതാ കെയർ 

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ തിരുവനന്തപുരം ലൂർദ് ഇടവകയുടെ നേതൃത്വത്തിൽ ആരംഭിച്ച ജീവകാരുണ്യ ശുശ്രൂഷയാണ് ലൂർദ് മാതാ കെയർ. തിരുവനന്തപുരം കേന്ദ്രമാക്കി 2008 ഫെബ്രുവരി പതിനൊന്നാം തീയതി ആണ് ഈ ശുശ്രൂഷ ആരംഭിക്കുന്നത്. വ്യത്യസ്‌തതകൾ നിറഞ്ഞ ലോകത്തിൽ വേദനിക്കുന്നവരുടെ ഇടയിലേക്ക് അവരുടെ ജാതിയോ മതമോ നോക്കാതെ യേശുവിന്റെ സ്നേഹം ഒഴുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്. ജാതി മത വ്യത്യസ്തതകൾക്കപ്പുറം നിന്നുകൊണ്ട് മറ്റുള്ളവർക്ക് ആത്മധൈര്യം പകരുവാനും അവരുടെ വേദനകൾ പങ്കുവയ്ക്കുവാനും സംരക്ഷിക്കുവാനും അവസരം ഒരുക്കുകയാണ് ലൂർദ് മാതാ കെയർ. ലോകത്തിന്റെ തിന്മകള്‍ക്കെതിരെ നന്മയും ക്രൂരതകള്‍ക്ക് എതിരെ കാരുണ്യവും വളര്‍ത്തിയെടുക്കുവാന്‍ നിശബ്ദമായ മാതൃകയിലൂടെ സ്നേഹത്തില്‍ ഊന്നിയ പ്രവര്‍ത്തികളുമായി യാത്ര ചെയ്യുകയാണ് ഈ ജീവകാരുണ്യ പദ്ധതി.

രോഗബാധിതരും പാവപ്പെട്ടവരുമായ ആളുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ചികിത്സയും നൽകി ജീവിതത്തിൽ പ്രത്യാശയുടെ പടവുകൾ കയറുവാൻ പ്രപ്തമാക്കുകയാണ് ഇന്ന് ഈ ജീവകാരുണ്യ പദ്ധതിയിലൂടെ. കഴിഞ്ഞ പത്തു വർഷത്തെ നിസ്തുലമായ സേവനകളിലൂടെ അനേകരുടെ ജീവിതത്തിലേയ്ക്ക് പ്രത്യാശയുടെ വെളിച്ചവും കരുതുന്ന യേശുവിലുള്ള വിശ്വാസവും പകര്‍ന്നു നല്‍കുവാന്‍ ലൂര്‍ദ് മാതാ കെയറിന് കഴിഞ്ഞു.

ലൂർദ് മാതാ കെയർ ഹോംസ് 

ലൂര്‍ദ് മാതാ കെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജീവകരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലൂര്‍ദ് മാതാ കെയര്‍ ഹോംസ്. ക്യാന്‍സറിന്റെ പിടിയില്‍ അകപ്പെട്ടു ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങ്‌ എന്ന നിലയിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്യാന്‍സര്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി നിരവധി തവണ ആശുപത്രിയില്‍ കയറി ഇറങ്ങേണ്ടതായും വരുന്നു. ദൂരെ നിന്ന് വരുന്ന പാവങ്ങളായ രോഗികളെ സംബന്ധിച്ചിടത്തോളം ഓരോ തവണയും പോയി വരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്നെയുമല്ല തിരുവനന്തപുരം പോലെയുള്ള നഗരങ്ങളില്‍ താമസിക്കുന്നതിന് മുറികള്‍ ലഭിക്കുക ഉയര്‍ന്ന ചിലവിലും ആയിരുക്കും. ചികിത്സയുടെ പുറമെയുള്ള ഇത്തരം ചിലവുകള്‍ പാവങ്ങളില്‍ ഉണ്ടാക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുവാനായി ഉള്ള പരിശ്രമത്തിന്റെ ഭാഗമാണ് ലൂർദ് മാതാ കെയർ ഹോംസ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു അടുത്ത് പി. ടി. ചാക്കോ നഗറില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ക്യാന്‍സര്‍ ബാധിതരായ നൂറോളം ആളുകള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുകയാണ്. രോഗത്തിന്റെ വേദനകള്‍ തിങ്ങി നിറഞ്ഞു അസ്വസ്ഥമായ മനസുകള്‍ക്ക് സമാധാനപരമായ ചുറ്റുപാട് പ്രദാനം ചെയ്തു കൊണ്ട് വീടിന്റെ അന്തരീക്ഷം നല്‍കുകയാണ് ഇവിടെ. ഒപ്പം തന്നെ ആവശ്യക്കാര്‍ക്ക് മൂന്നു നേരം സൗജന്യ ഭക്ഷണവും നല്‍കുന്നു.

കാരുണ്യത്തിന്റെ സ്പര്‍ശവുമായി വിവിധ മേഖലകളില്‍ 

സമൂഹത്തിലെ രോഗബാധിതരായവരെ പരിചരിക്കുന്നതിനോപ്പം തന്നെ വിവിധ മേഖലകളില്‍ ആത്മീയവും സാമ്പത്തികവും ആയ കുറവുകള്‍ നേരിടുന്നവരെ സഹായിക്കുവാനും ലൂര്‍ദ് മാതാ കെയര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി കീമോ ചെയ്യുന്നതിനും ചികിത്സാ ചിലവുകള്‍ നല്‍കുന്നതിനും ഈ ജീവകാരുണ്യ പദ്ധതിയിലൂടെ കഴിയുന്നു. കൂടാതെ പഠനത്തില്‍ മികച്ചതും എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടികള്‍ക്ക് പഠന സഹായം, രക്തദാനം, സൗജന്യ മരുന്ന് വിതരണം, എയിഡ്സ് രോഗികള്‍ക്കായി ഉള്ള പ്രത്യേക ശുശ്രൂഷകള്‍, മാനസികാരോഗ്യ കേന്ദ്രം , വിവാഹ സഹായം, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ മോചിപ്പിക്കുന്നതിനായി റിഹാബിലിറ്റെഷന്‍ സെന്റര്‍, തുടങ്ങിയ നിരവധി പ്രവര്‍ത്തങ്ങളുമായി  മുന്നോട്ട് പോവുകയാണ് ലൂര്‍ദ് മാതാ കെയര്‍.

മെഡിക്കല്‍ കോളേജിലെ പാവപ്പെട്ട 300- റോളം ആളുകൾക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഉച്ചഭക്ഷണവും ശനിയാഴ്‌ചകളിൽ നൂറൊളം ആളുകൾക്ക് അത്താഴവും എയ്ഡ്സ് രോഗികൾക്ക് എല്ലാ ദിവസവും മൂന്നു നേരവും ഭക്ഷണം നല്കുവാൻ ഈ സംരംഭത്തിലൂടെ കഴിയുന്നു. ജയിലുകളിൽ പ്രതീക്ഷയറ്റു കഴിയുന്നവരെ ആത്മീയമായി ഉത്തേജിപ്പിക്കുവാനും ജീവിതത്തെ കുറിച്ചുള്ള പുത്തൻ പ്രതീക്ഷകളും ബോധ്യങ്ങളും നൽകുവാനും വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ നടക്കുന്നു. ഈ കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തങ്ങളിലൂടെ നിരവധി വയറുകളുടെ വിശപ്പടക്കുവാനും കണ്ണുകളിൽ പ്രത്യാശയുടെ നാളം തെളിയിക്കുവാനും അനേകരെ മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു നടത്തുവാനും കരുണയുടെ വഴികൾ തുറക്കുവാനും ഈ പദ്ധതിയിലൂടെ സാധിച്ചു.

ഭാവിക്കായി ഒരു കൈത്താങ്ങ് 

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ആളുകൾക്ക് പ്രത്യാശ പകർന്നു കൊണ്ടുള്ള ലൂർദ് മാതാ കെയറിന്റെ പ്രവർത്തനങ്ങൾ പുതിയ തലത്തിലേയ്ക്ക് കടക്കുകയാണ്. തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ഉള്ള കേന്ദ്രം ആരംഭിക്കുക എന്നതാണ്  അടുത്ത ലക്‌ഷ്യം. അതിനായി ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. നെടുമങ്ങാട് അതിനായി ഉള്ള സ്ഥലം വാങ്ങി കഴിഞ്ഞു. അതിന്റെ ബാക്കി പണികൾക്കായി ഉള്ള പണം കണ്ടെത്തുന്നതിനായി നടത്തിയ പരിപാടി ആയിരുന്നു ‘കനിവിലേയ്ക്ക് ഒരു കൈത്താങ്ങ്’. പ്രശസ്ത വയലിനിസ്റ് ബാലഭാസ്കർ, ശ്രെയകുട്ടി, ബാലതാരം അജാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ കാണികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

വേദനിക്കുന്നവരുടെ ഇടയിലേക്ക് ദൈവത്തിന്റെ സ്നേഹം ഒഴുക്കുന്നതിനുള്ള ഒരു പ്രത്യേക ശുശ്രൂഷയാണ് ലൂർദ് മാതാ കെയർ. ലൂർദ് മാതാവിന്റെ തിരുനാൾ ദിനം തിരുവന്തപുരത്തെ ലൂർദിൽ ആരംഭിച്ച ഈ ജീവകാരുണ്യ പദ്ധതിയിലൂടെ അനേകരിലേയ്ക്ക് യേശുവിന്റെ കരുണ വർഷിക്കപ്പെടുകയാണ്. കഴിഞ്ഞ പത്തുവർഷങ്ങളിലൂടെ അനേകരുടെ കണ്ണീരു നീക്കിയ ഈ പദ്ധതിക്ക് ഇനിയും അനേകം മേഖലകളിലേക്ക് കടന്നു ചെല്ലുവാൻ കഴിയട്ടെ. അതിനു സുമനസുകളെ ദൈവം തയ്യാറാക്കട്ടെ.

കൂടുതൽ വിവരങ്ങൾക്ക്: 
Lourdes Matha Care
P T Chacko Nagar, Medical College P.O
Trivandrum, Kerala, INDIA 695011

http://www.lourdesmathacare.org/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here