ലൂര്‍ദ്ദ്: ഒരു ശൈത്യസന്ധ്യയിലെ ഓര്‍മ്മക്കുറിപ്പ്

ശൈത്യകാലത്തിന്റെ മരവിപ്പും മയക്കവും പേറിനിന്ന ഒരു സന്ധ്യയിലാണ് പരിപാവനമായ ലൂര്‍ദ്ദ് പട്ടണത്തില്‍ വന്നിറങ്ങിയത്. ധ്യാന-മനനങ്ങളില്‍ വിശ്വാസത്തിന്റെ പര്യായമായി കടന്നുവരികയും, കുഞ്ഞുനാളിലെ വിശ്വാസകഥകളില്‍ സ്ഥാനം പിടിക്കുകയും, മരിയന്‍ ദര്‍ശനങ്ങളുടെ ചരിത്രവിവരണങ്ങളില്‍ ആവര്‍ത്തിച്ചു കേള്‍ക്കാനിടവരുകയും ചെയ്ത ലൂര്‍ദ്ദില്‍, ആ ദിവസത്തിനൊടുവില്‍ ഞാനൊരു തീര്‍ത്ഥാടകനായി.

ആ സന്ധ്യയെ നനച്ചുകൊണ്ട് ഇടയ്ക്കിടെ ചാറ്റല്‍ മഴ വന്നും പോയുമിരുന്നു. നനഞ്ഞുനിന്ന മണ്ണില്‍ ചുവടുവച്ചുകൊണ്ട്, തിരക്കൊഴിഞ്ഞുകിടന്ന പാതയിലൂടെ ഗ്രോട്ടോയിലേക്ക് നടന്നു. ആധുനികതയുടെ നിറക്കൂട്ടുകള്‍കൊണ്ട് ആര്‍ഭാടമണിഞ്ഞതിന്റെ യാതൊരു ലക്ഷണവും ആ തീര്‍ത്ഥ വഴിക്കുണ്ടായിരുന്നില്ല. ഭൂതകാലത്തില്‍ കണ്ണുനിറഞ്ഞു നടത്തിയ ഒത്തിരിയേറെ ലക്ഷ്യയാത്രകളും, മനം നിറഞ്ഞ തിരികെയാത്രകളും ആ തീര്‍ത്ഥപാതയ്ക്കു പറയുവാനുണ്ട്. തീരാ രോഗികളുടെയും വികലാംഗരുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആഹ്ലാദത്തില്‍ ആ തീര്‍ത്ഥസന്ദേശം പങ്കുചേര്‍ന്നിരുന്നു. അതീത കാലത്തിന്റെ നൊമ്പരങ്ങളിലുരുവിട്ട അനേകം ജപമാലകള്‍, പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ അത്ഭുതങ്ങള്‍ക്കുള്ള ആത്മീയ നിലവിളിയായി മാറുന്നു.

ഗ്രോട്ടോയുടെ മുമ്പിലെ കല്ലുപാകിയ തറയില്‍, ഒരു ചതുരശ്ര അടിയോളം സ്ഥലം വെള്ളയും ചാരനിറത്തിലുമുള്ള മാര്‍ബിള്‍ കഷണങ്ങള്‍ പാകി വേര്‍തിരിച്ചിരിക്കുന്നു. 1858 ഫെബ്രുവരി 11 -ാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍, ബര്‍ണാദീത്ത, നിന്ന സ്ഥലമെന്ന് അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തില്‍, ഒരു കര്‍ഷക പെണ്‍കുട്ടി ദിനചര്യയുടെ ഭാഗമായി വിറകുശേഖരിക്കുവാന്‍ നടത്തിയ പതിവുയാത്ര, എല്ലാവരാലും ഉപേക്ഷിപ്പെട്ടുകിടന്ന ഒരു ഗുഹാമുഖത്തിന്റെയും അതിന്റെ ചുറ്റുവട്ടത്തിന്റെയും വീണ്ടെടുപ്പിലേയ്ക്കായിരുന്നു. അവളുടെ പാദങ്ങള്‍ തെളിച്ചത്, വരുകാലങ്ങളില്‍ അനേകായിരങ്ങളുടെ പാദങ്ങള്‍ക്ക് കടന്നുവരുവാനുള്ള പാതയായിരുന്നു. നിസ്സാരരിലൂടെ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഈശ്വരന്‍ ആ പെണ്‍കുട്ടിയെയും ശ്രേഷ്ഠയാക്കി.

വിശ്വാസത്തിന്റെ അടയാളങ്ങള്‍ തലമുറകള്‍ക്കിടയില്‍ വരച്ചിടാന്‍ പതിനെട്ടുതവണ മാതാവ്, ബര്‍ണദീത്തായ്ക്ക് പ്രത്യക്ഷപ്പെട്ടു. മാനവരാശിയുടെ പാപത്തിനുള്ള പരിഹാരം, പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം എന്നുമാത്രമാണെന്നുരുവിട്ട മാതാവിന്റെ വാക്കുകള്‍ ഏറ്റുവാങ്ങിയത് ആ നിസ്സാര പെണ്‍കുട്ടിയായിരുന്നു. അവഗണിക്കപ്പെട്ടുകിടന്ന ആ പ്രദേശത്തിന്റെ മണ്ണില്‍ ചുംബിച്ചുകൊണ്ടും, കയ്‌പേറിയ കാട്ടുപുല്ലുകള്‍ തിന്നുകൊണ്ടും, ചെളിവെള്ളം കുടിച്ചുകൊണ്ടും, മനുഷ്യ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്വത്തില്‍ അവള്‍ ഏര്‍പ്പെട്ടു.

പിന്നീട് തമസ്സിനുമേല്‍ പ്രകാശം പരത്തുവാനെന്നവണ്ണം മാതാവിന്റെ മുമ്പില്‍ അവള്‍ തിരിതെളിച്ചത് മാനവരാശിക്കുവേണ്ടി കൂടിയായിരുന്നു തനിക്കുലഭിച്ച ദര്‍ശനങ്ങള്‍ക്ക് ഉത്തരമരുളേണ്ടത് തുടര്‍ന്നുള്ള തന്റെ ജീവിതം കൊണ്ടുകൂടിയാണെന്ന് ബര്‍ണദീത്ത തിരിച്ചറിഞ്ഞു. ലൂര്‍ദ്ദിലെ തന്റെ ദൗത്യം പൂര്‍ത്തിയായെന്നു തോന്നിതുടങ്ങിയ നാളുകളിലൊന്നില്‍, ദൈവവിളി സ്വീകരിച്ചുകൊണ്ട് സിസിറ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍ ചേര്‍ന്നുവെന്നും, പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജീവിത പൂര്‍ത്തീകരണം കണ്ടെത്തുകയും, 1879 ഏപ്രില്‍ 16 -ാം തീയതി, 35-ാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1933 ഡിസംബര്‍ 8-ാം തീയതി കത്തോലിക്ക സഭ ബര്‍ണദീത്തായെ വിശുദ്ധയായി പ്രഖ്യാപിച്ചു.

തിരക്കൊഴിഞ്ഞ ഗ്രോട്ടായില്‍ അവിടെവിടെയായി കുറച്ചുപേര്‍ , തണുപ്പിനെയും ചാറ്റല്‍ മഴയെയും വകവയ്ക്കാതെ ജപമാല ഉരുവിട്ട് പ്രാര്‍ത്ഥനയിലായിരുന്നു. ദൂരങ്ങള്‍ പിന്നിട്ട് കടന്നുവന്ന തീര്‍ത്ഥാടകനാണ് ഞാന്‍. ഒരു നിമിഷം ശിരസ്സുയര്‍ത്തി ആ ഗ്രോട്ടോയിലെ മാതാവിനെ നോക്കി. കാലഗതിയില്‍, പ്രകൃതിയോടൊപ്പം സഹജമായ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമായ ഇരുളിമയേറിയ ചാരനിറത്തിലുള്ള പാറയ്ക്കും, കാട്ടുചെടികള്‍ക്കും, കാട്ടുവള്ളികള്‍ക്കുമിടയില്‍, പ്രഭാഭൂരിതയായി പരിശുദ്ധ അമ്മ ആ രാവില്‍ നിലകൊണ്ടു. ഞാന്‍ മിഴികളടച്ചു. അമ്മയുടെ സന്നിധിയില്‍ അക്ഷരക്കൂട്ടങ്ങളുടെ ബഹളങ്ങളൊന്നുമില്ലാതെ, ഒരു ആത്മീയ നിശ്ശബ്ദതയിലേയ്ക്കു വീണു. അനേകം തിരികളെ ഉള്‍ക്കൊള്ളുന്ന തിരിക്കാലില്‍, തിരികള്‍ ചാറ്റല്‍മഴയെ അതിജീവിച്ചു തെളിഞ്ഞുനിന്നു.

ആ തീര്‍ത്ഥസ്ഥലത്തുനിന്നും പിന്‍വാങ്ങുവാന്‍ തോന്നിയില്ല. അതുനുമുമ്പിലെ ബെഞ്ചുകളിലൊന്നില്‍ ഞാനിരുന്നു. തൊട്ടുപുറകില്‍ സാവ് ദീപു നദി ശാന്തമായൊഴുകുന്നു. ശൈത്യകാലത്തിന്റെ മരവിപ്പിലേക്ക് നദിയും വീണുപോയിരിക്കുന്നു. അതിനരികില്‍ ധ്യാനമായി നിലകൊളളുന്നവരെ ശല്യപ്പെടുത്താതിരിക്കാനെന്നവണ്ണം, ആ നദി മൗനം പൂണ്ടു.

ലൂര്‍ദ്ദ് എന്ന ആത്മീയ ക്ഷേത്രത്തില്‍ എന്റെ ജപമണികള്‍ തിടുക്കം കൂട്ടിയില്ല. വിരസമായി മാറുന്ന ആത്മീയ കൂട്ടായ്മകളുടെ ഭാരം ആ നിമിഷത്തിനുണ്ടായിരുന്നില്ല. തലമുറകള്‍ വന്നുപോയ അമ്മയുടെ സന്നിധിയില്‍, വര്‍ത്തമാനകാലത്തിലെ മനുഷ്യനാണ് ഞാന്‍. സുഖപ്പെടുത്തുവാനുള്ളത് എന്റെ മനസ്സുമാത്രം. ആ പുണ്യഭൂമിയില്‍ ചുംബിച്ചുനിവര്‍ന്നവരും, നീരുറവയില്‍ മുങ്ങിനിവര്‍ന്നവരും, തിരിതെളിച്ചു മടങ്ങിയവരും വിശ്വാസത്തിന്റ സാക്ഷ്യങ്ങളാണ്. മനസ്സുനിറഞ്ഞ അത്തരം അനുഷ്ഠാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുവാനാകുന്നില്ല. ഭൂതകാലത്തില്‍ അനേകര്‍ തിരിതെളിച്ചുമടങ്ങി. അവരുടെ തിരികള്‍ ഉരുകിത്തീര്‍ന്നെങ്കിലും, തെളിച്ച പ്രകാശം ലോകത്തിനാണ് പകര്‍ന്നു നല്കിയത്. ആ പ്രകാശമേറ്റുവാങ്ങിയവരുടെ പിന്‍തുടര്‍ച്ചക്കാരനാണു ഞാന്‍. മനസ്സിലെ തമസ്സുനീക്കണമേയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ട്, ആ പുണ്യഭൂമിയില്‍ ഞാനും തിരിതെളിച്ചു. ഹൃദയശുദ്ധി വരുത്തണമേയെന്ന് ഉരുവിട്ട് നീരുറവയില്‍ മുങ്ങി നിവര്‍ന്നു. ജീവിതം ബലിയായി നല്‍കുവാന്‍ കരുത്തു നല്‍കണമേയെന്നു യാചിച്ചുകൊണ്ട്, ബലിപീഠത്തില്‍ ചുംബിച്ചു നിവര്‍ന്നു.

ലൂര്‍ദ്ദ് മാതാവിന്റെ ഓര്‍മ്മയില്‍ മറ്റൊരു ഫെബ്രുവരി പതിനൊന്നുകൂടി നമ്മുടെ വിശ്വാസ വഴിയിലേയ്ക്കു കടന്നുവന്നിരിക്കുന്നു. മാതാവ് ബര്‍ണദീത്തയ്ക്കു പ്രത്യക്ഷപ്പെട്ടതിന്റെ 160-ാം വാര്‍ഷികം ആഘോഷിക്കുന്നു അതൊരു പ്രത്യേകതകൂടി ഈവര്‍ഷം നല്കുന്നു. കൂടാതെ എല്ലാവര്‍ഷവും ലോകരോഗീദിനമായി ആചരിക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്, ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ദിനമായ ഫെബ്രുവരി പതിനൊന്നാണ്. 1992 മെയ് 13-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഇങ്ങനെയൊരു ദിവസം സ്ഥാപിക്കുകയും, 1993 ഫെബ്രുവരി പതിനൊന്നാം തീയതിമുതല്‍ ലോകരോഗീദിനമായി ആചരിക്കുവാന്‍ തുടങ്ങിയതും. എല്ലാം രോഗികളെ ഓര്‍ക്കുവാനും, പ്രാര്‍ത്ഥിക്കുവാനും, സഹനങ്ങള്‍ സമര്‍പ്പിക്കുവാനും ആ ദിനം ഓര്‍മ്മിപ്പിക്കുന്നു. ഒരുപാട് രോഗികള്‍ക്ക് ആശ്വാസവും പ്രത്യാശയും നല്കിയ ലൂര്‍ദ്ദിലെ തീര്‍ത്ഥവഴിയോടു ചേര്‍ത്തുകൊണ്ട് രോഗിദിനം  ജീവനുള്ള ഓര്‍മ്മയായി നിലനിര്‍ത്താം.

ലൂര്‍ദ്ദിലെ തീര്‍ത്ഥവഴി വിട്ടിറങ്ങി ദൈനംദിന ജീവിതചര്യകളിലേക്ക് വീണ്ടും ചേക്കേറി. എന്നിരുന്നാലും, ആത്മീയനനവിലേക്കു നയിച്ച, ലൂര്‍ദ്ദിലെ ആ ശൈത്യസന്ധ്യ വിശ്വാസവഴിയിലെ സൗന്ദര്യമുള്ള ഓര്‍മ്മയാണ്. ലൂര്‍ദ്ദിലെ വെള്ളവും വെട്ടവും വിശ്വാസത്തിന് മാറ്റുകൂട്ടുവാനെന്നവണ്ണം ഹൃദയത്തില്‍ സൂക്ഷിക്കുന്നു. സന്ധ്യകളിലെ ജപമാലകളില്‍ ജീവിത ദര്‍ശനങ്ങളില്‍ നിന്ന് മായരുതേയെന്നാണ് മാതാവിനോട് ഇന്നും പ്രാര്‍ത്ഥിക്കുന്നത്.

ഫാ. ജെസ്മണ്ട് പനപ്പറമ്പില്‍ OFM Con.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here