മാർ അത്താനാസ്യോസ് വാക്കുകളെ അസ്ത്രങ്ങളാക്കിയ മഹിതാചാര്യൻ

റവ ഡോ അലക്സാണ്ടർ എ തോമസ്

ഏപ്രിൽ 18ന് വിടവാങ്ങിയ അഭിവന്ദ്യ ഗീവർഗീസ്  മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ പാവന സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആചാര്യ ശ്രേഷ്ടന്റെ ധന്യവും, അനുഗൃഹീതവുമായ ജീവിതത്തിനായി ദൈവത്തെ സ്തുതിക്കുന്നു. അഭിവന്ദ്യ തിരുമേനി അധ്യക്ഷനായിരുന്ന കോട്ടയം – കൊച്ചി, റാന്നി- നിലയ്ക്കൽ ഭദ്രാസനങ്ങളിൽ 19 വർഷങ്ങൾ ഇടവക ശുശ്രൂഷ നിർവഹിക്കുവാനും, എന്നെ ഭരമേല്പിച്ച ചില പ്രധാന മേഖലകളിൽ പ്രവർത്തിപ്പാനും, ദൈവം നൽകിയ വിലയേറിയ അവസരങ്ങളെ നന്ദി നിറഞ്ഞ ഹൃദയത്തോടെ അനുസ്മരിക്കുന്നു. ഈ ഇടയ ശ്രേഷ്ടന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും അടുത്തറിയാൻ കഴിഞ്ഞ അനേക വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ തികഞ്ഞ ആദരവോടെ തിരുമേനിയെക്കുറിച്ചുള്ള ഓർമ്മകളുടെ ഏതാനും വാതായനങ്ങൾ തുറക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ കോട്ടയത്ത് ഒരു വൈദീക വിദ്യാർത്ഥി ആയിരുന്നപ്പോൾ സി.ഐ.ജോർജ്ജ് അച്ചൻ (അഭിവന്ദ്യ തിരുമേനി)കോട്ടയം ജെറുസലേം മാർത്തോമ്മാ ഇടവക വികാരിയാണ്. ആ കാലഘട്ടം മുതൽ തിരുമേനിയെ അറിയുവാനുള്ള അവസരം ലഭിച്ചു. ആദ്യ വീക്ഷണത്തിൽ തന്നെ തികച്ചും ആകർഷകമായ ഒരു വ്യക്തിത്വം എന്ന ബോധ്യം ഉണ്ടായി”.Style is the man ” എന്ന വിശേഷണത്തിന് തികച്ചും അർഹനായിരുന്നു. വ്യത്യസ്തമായ പ്രവർത്തനശൈലി, വീക്ഷണങ്ങൾ, പ്രസംഗപാടവം ,തുടങ്ങി വൈവിധ്യമാർന്ന അനേകം സവിശേഷതകളുടെ ഒരു സംഗമമായിരുന്നു അഭിവന്ദ്യ തിരുമേനി. ഈ മഹത് വ്യക്തിത്വത്തെ വിശകലനം ചെയ്യാൻ സാധ്യമല്ലെന്ന് വ്യക്തമായി അറിയാം.എങ്കിലും അറിഞ്ഞതിന്റെ വെളിച്ചത്തിൽ പരിമിതിയുള്ള എന്റെ ചിന്തകളിൽ തിളങ്ങി നിൽക്കുന്ന ചില കണ്ടെത്തലുകൾ പങ്കിടുവാൻ ആഗ്രഹിക്കുന്നു.

വരദാനമായ വാണീവിലാസത്തിന്റെ ഉടമ

“സംഭാഷണം പ്രവാചകരിൽ

നന്നായ് ചെയ്തൊരു റൂഹായേ

തന്നുടെ വാസം ശ്ലീഹരിലും

നന്നായ് ചെയ്തൊരു റൂഹായെ

നാനാ ഭാഷ വിവേചനയാൽ

ജ്ഞാനം വേണ്ടതു പോലെന്നും

സദയം നൽകിയ പരിശുദ്ധാ ”

പട്ടംകൊട ശുശ്രൂഷയിൽ ആലപിക്കുന്ന ഈ ഗീതം അഭിവന്ദ്യ തിരുമേനിയിൽ നിറവേറ്റപ്പെട്ടതിന്റെ വ്യക്തമായ തെളിവായിരുന്നു തിരുമേനിയുടെ പ്രസംഗങ്ങൾ. അതു മന്ദമാരുതൻ പോലെ ആരംഭിച്ചു കൊടുങ്കാറ്റായി മാറുന്നത് ഒരു വിസ്മയ കാഴ്ച തന്നെയാണ്. ഞായറാഴ്ചകളിൽ സി.ഐ.ജോർജ്ജ് അച്ചന്റെ പ്രസംഗങ്ങൾ കേൾക്കുവാൻ മാത്രം ഇതര മതസ്ഥരും ഇതര സഭാംഗങ്ങളും കോട്ടയം ജെറുസലേം മാർത്തോമ്മാ ഇടവകയിൽ വന്നിരുന്നതായി അറിയാം. തിരുമേനിയുടെ പ്രസംഗങ്ങൾ അമ്പു പോലെയാണെന്ന്  വിശേഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. അമ്പു ഇരയെ വീഴ്ത്താനുള്ള ഉപകരണമാണ്. എന്നാൽ ഇവിടെ അർത്ഥമാക്കുന്നത്, സ്ഥാനഭ്രംശം സംഭവിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന അമ്പ് എന്നാണ്. ഈ ഉദ്ദേശ്യത്തിൽ തപ നിഷ്ടയോടെയാണ് പ്രസംഗങ്ങൾ തയ്യാറാക്കിയിരുന്നത്. ഇതിൽ പ്രകടമാക്കിയ ആർജ്ജവത്തം തികച്ചും അനുകരണീയമാണ്. ആശയങ്ങളുടെ തീപ്പൊരികളെ അഗ്നിഗോളങ്ങളാക്കി മാറ്റും. അവിടെ ഉദയം ചെയ്യുന്ന പ്രഭാ പൂരത്തിൽ കേൾവിക്കാർ പ്രകാശിതരാകുന്ന കാഴ്ച അത്ഭുതം ഉളവാക്കുന്നതാണ്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുള്ള ഒരു അശ്വമേധമായിരുന്നു ആ വാക്കുകൾ.

ചിന്തേരിട്ടു മിനുക്കിയ പദാവലികൾ, ചരിത്രം, സാഹിത്യം, കവിതകൾ, ഒക്കെ ഇതിന് അകമ്പടിക്കാരായിരുന്നു. ഈ ജൈത്രയാത്രയ്ക്കു വേണ്ടി മർമ്മത്തിൽ കൊള്ളുന്ന വാക്ശരങ്ങൾ ആവനാഴിയിൽ സൂക്ഷിച്ചിരുന്നതിനാൽ തക്ക സമയത്ത് അവ ഉപയോഗിച്ച് ലക്ഷ്യം നേടിയിരുന്നു. മൂല്യച്യുതി ചൂഴ്ന്നു നിൽക്കുന്ന സമൂഹത്തിൽ തന്റെ വാക്കുകൾ പ്രകമ്പനം സൃഷ്ടിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. അക്ഷോഭ്യനായി വർത്തമാന കാലത്തിന്റെ വിഹ്വലതകളെ തുറന്നു കാട്ടി. എതിർക്കുന്നവരെപ്പോലും തന്റെ പക്ഷത്തു നിർത്തുവാൻ ഈ വാഗ്ധോരണിക്കു കഴിഞ്ഞു എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. വാക്കുകൾ കൊണ്ടും, ജ്ഞാനം കൊണ്ടും, ക്രിസ്തുവചനങ്ങളുടെ അകം പൊരുൾ നെഞ്ചോടു ചേർത്തുവെച്ച് അജഗണങ്ങൾക്കു് അത് പകർന്നു നൽകിയപ്പോൾ അനുഗ്രഹം പ്രാപിച്ചവരും അകം പൊള്ളിയവരും നിരവധിയാണ്. എന്നാൽ ആവചസ്സുകൾ ആത്യന്തിക നന്മ മാത്രമാണ് പ്രതീക്ഷിച്ചത്. ഇതാണ് എക്കാലവും ഒരു ക്രിസ്തു ശിഷ്യന്റെ ധർമ്മം. വാണീവിലാസം കൊണ്ട് കേൾവിക്കാരെ അത്ഭുതപരതന്ത്രരാക്കിയതിന്റെ പശ്ചാത്തലം എന്തായിരുന്നു?? നിസ്തന്ദ്രമായ പ്രയത്നം എന്നു് ഒറ്റവാക്കിൽ പറയാം.

ദൈവം നൽകിയ ഈ കൃപാവരം ഏറ്റവും ഭംഗിയായി നിർവഹിക്കണമെന്ന് തിരുമേനി ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിനായി എന്തൊക്കെ ചെയ്തിരുന്നു??വായനയിൽ ബദ്ധശ്രദ്ധനായിരുന്നു. പ്രസിദ്ധീകൃതമാകുന്ന പുതിയ പുസ്തകങ്ങൾ കരസ്ഥമാക്കുവാൻ പ്രത്യേക ക്രമീകരണം ചെയ്തിരുന്നതു് വ്യക്തമായി അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. വായിക്കുന്നതും, അറിയുന്നതും, ഉപയോഗമില്ലാത്ത നിക്ഷേപവും, നിർജ്ജീവവും, ആക്കാതെ എത്രയും വേഗം ശ്രോതാക്കളിൽ എത്തിക്കുവാൻ തിരുമേനി പ്രകടമാക്കുന്ന അസാധാരണമായ വ്രഗ്രത അടുത്തറിയുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രസംഗ ശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങളെ മറികടക്കുന്ന പല സിദ്ധാന്തങ്ങൾ തിരുമേനി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. തനതായ അവതരണ ശൈലി, പ്രൗഢഗംഭീരമായ ഭാവം, കുലീനമായ ഭാഷ, പിശുക്കു കാട്ടാതെയുളള വാക്കുകളുടെ പ്രയോഗം, പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള പാണ്ഡിത്യം, തുടങ്ങി നിരവധി സങ്കേതങ്ങൾ പ്രസംഗവേദിയെ അർത്ഥപൂർണ്ണമാക്കുവാൻ ഉപയോഗിച്ചിരുന്നു. അറിയുന്ന കാര്യങ്ങളെ പല വീക്ഷണങ്ങളിൽ അവതരിപ്പിക്കാനുള്ള കഴിവ് അപാരമായിരുന്നു.

തിരുവചന സന്ദേശത്തെ തികച്ചും ആനുകാലികമായി വ്യാഖ്യാനിച്ച്  ജനഹൃദയങ്ങളിൽ കുളിർ മഴയായി ചൊരിയിക്കുവാൻ കഴിഞ്ഞിരുന്നു. പ്രസംഗങ്ങളിൽ പറയേണ്ട കാര്യങ്ങൾ വ്യക്തിഗത സംഭാഷണങ്ങളിൽ പലപ്പോഴും വിഷയമാക്കും. ഇത് നിർവ്വഹിക്കാനിരിക്കുന്ന പ്രസംഗം ഭംഗിയാക്കുന്നതിനുള്ള ഒരുക്കമായിരുന്നു. എത്ര അഗാധമായ പ്രതിബദ്ധതയാണു് ഇവിടെ കാണുന്നത്. !!! കോട്ടയം അരമനയോടു ചേർന്നുള്ള പാഴ്സനേജിൽ ഞങ്ങൾ താമസിച്ചിരുന്നപ്പോൾ ഈ സവിശേഷത അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. പ്രസംഗങ്ങൾ വിശദമായി എഴുതി ഹൃദ്സ്ഥമാക്കും. അതിനാൽ അവ ഉറവ വറ്റാത്ത ഒരു പ്രവാഹമായി പരിണമിച്ചിരുന്നു. പറയേണ്ട കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാനുള്ള തിരുമേനിയുടെ കഴിവ് അപാരമായിരുന്നു. ഇത്തരം ആളുകളെ “ഫോട്ടോ മെമ്മറിയുള്ളവർ ” എന്ന് ശാസ്ത്രം വിശേഷിപ്പിക്കാറുണ്ട്.

അക്ഷരാർത്ഥത്തിൽ തിരുമേനിയെക്കുറിച്ച് ഇത് ശരിയായിരുന്നു. ഒരു സംഭവം ഇന്നും ഓർമ്മയിൽ ഉണ്ട്. എന്റെ ഒരു ഇടവകയിൽ മാമോദീസാ നടത്തുന്നതിനായി തിരുമേനി വന്നു. റെജിസ്റ്റർ ഞാൻ എഴുതിയിട്ട്  മാമോദീസാ സ്വീകരിക്കുന്ന കുഞ്ഞിന്റെ പേര് ഒരു പേപ്പറിൽ രേഖപ്പെടുത്തി തിരുമേനിയെ ഏല്പിച്ചു. പേര് വായിച്ചിട്ട് പേപ്പർ മാറ്റിവച്ചു. അതു കണ്ടിട്ട് കുട്ടിയുടെ പേരാണ് അതിൽ എഴുതിയിരിക്കുന്നതെന്ന് ഞാൻ പറഞ്ഞു. അതിനു മറുപടിയായി പറഞ്ഞത്” അച്ചാതമ്പുരാന്റെ കൃപ കൊണ്ട് ആ പേര് കടലാസ്സു നോക്കാതെ പറഞ്ഞുകൊള്ളാം”. മറുപടിയായി ഞാൻ പറഞ്ഞു, എഴുതി വെച്ച പേപ്പർ നോക്കിയാൽ പോലും എനിക്കു തെറ്റുപറ്റും. അതിന്റെ പ്രതികരണം എന്റെ തോളിൽ തട്ടിയിട്ട് ഹൃദ്യമായ ഒരു ചിരിയായിരുന്നു.

പലപ്പോഴും ശുശ്രൂഷകളിൽ ഏവൻഗേലിയോൻ ഭാഗം പുസ്തകം നോക്കാതെയാണ് പറഞ്ഞിരുന്നത്. ഉദ്ധരണികളും,കവിതകളും, അതിന്റെ ഗാംഭീര്യത്തിൽ തന്നെ അവതരിപ്പിക്കുവാൻ തിരുമേനിക്കു കഴിഞ്ഞിരുന്നു. ഇതു പോലെയുള്ള കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്ന ആളുകളുടെ ശൈലികളെ മനസ്സിലാക്കുവാനും, പഠിക്കുവാനും, ശ്രമിച്ചിരുന്നു. പ്രസിദ്ധ കാഥികൻ സാംബശിവന്റെ കഥാപ്രസംഗങ്ങൾ തിരുമേനി പലപ്പോഴും യാത്രാമധ്യേ കാസറ്റിൽ കൂടെ കേട്ടിരുന്നു, ആസ്വദിച്ചിരുന്നു.

തനതായ ഒരു ശൈലി അതിനുണ്ടായിരുന്നു. തിരുമേനിക്ക്  ദൈവം നൽകിയ വാണീവിലാസമെന്ന കൃപാവരത്തെ അത്യന്തം ജ്വലിപ്പിച്ച വന്ദ്യ പിതാവായിരുന്നു, മാർ അത്താനാസ്യോസ്. വി: പൌലോസു് തിമോഥിയോസിനോട് പറയുന്ന വാക്കുകൾ “എന്റെ കൈവെയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.” (2 തിമൊ.1.6 ) ഇത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ അനുസരിച്ച ഈ അനുഗൃഹീത മഹിതാചാര്യൻ എന്നും മാതൃകയാണ്. വാക്കുകളുടെ തമ്പുരാനായിരുന്ന തിരുമേനി, പ്രശസ്തരായ വാഗ്മികളുടെയും, സാഹിത്യ പ്രതിഭകളുടെയും, ചിന്തകളും, വചസ്സുകളും, തന്റെ അജഗണങ്ങൾ കേൾക്കുവാനായി അവസരങ്ങൾ ഒരുക്കിയിരുന്നു. സുഗതകുമാരി ടീച്ചർ, പെരുമ്പടവം, ജെ.ലളിതാംബിക, റോസി തമ്പി ,ഡോ.കെ.എസ്സ്.രാധാകൃഷ്ണൻ, എം.തോമസ് മാത്യു, ഡോ.സിറിയക് തോമസ്, തുടങ്ങി ഉന്നതശീർഷർ അവരിൽ ചിലരായിരുന്നു. ഭദ്രാസന കൺവൻഷനിലും, മറ്റു സമ്മേളനങ്ങളിലും അവർ പ്രസംഗകരായിരുന്നു. ഉദാത്തമായ ചിന്തകൾ ജനഹൃദയങ്ങളിൽ എത്തണമെന്ന് തിരുമേനി ആത്മാർത്ഥമായി ആഗ്രഹിച്ചതിനാലാണ് ഇവർക്ക്  ഈ വേദികൾ ഒരുക്കിയത്. പ്രസംഗം തന്നിൽ തന്നെ ഒതുക്കാതെ മറ്റുള്ളവർക്കും ഇടം നൽകിയവന്ദ്യ ഗുരു എന്ന് തിരുമേനിയെ നിറഞ്ഞ ഹൃദയത്തോടെ സംബോധന ചെയ്യാം.

വാക്കുകൾ കർമ്മപഥത്തിൽ എത്തിച്ച ഭരണ കർത്താവ്  

സഭയുടെ അധ്യക്ഷൻ ഉത്തമനും, വേദ പരിജ്ഞാനം ഉള്ളവനും, ഭരണ കാര്യങ്ങളിൽ നിപുണനും ആയിരിക്കണമെന്നു പുതിയ നിയമം വ്യക്തമായി പഠിപ്പിക്കുന്നു. ഈ ഗുണവിശേഷങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ പരിരക്ഷിച്ച ശ്രദ്ധേയമായ ഒരു വ്യക്തിത്വമായിരുന്നു അഭിവന്ദ്യ തിരുമേനി. ഇത്  കേവലം ഭംഗിവാക്കല്ല. തിരുമേനി സാരഥ്യം വഹിച്ച എല്ലാ കാര്യങ്ങളും അണുവിട തെറ്റാതെ അതിന്റെ പൂർണ്ണതയിൽ എത്തിക്കണമെന്ന്  ആഗ്രഹിച്ച് അതിനായി അതീവ ജാഗ്രത പുലർത്തിയിരുന്നു. ഇടവകതലം മുതൽ എല്ലാ മേഖലകളിലും ഇതു് ദൃശ്യമായിരുന്നു.. കൃത്യനിഷ്ടത സൂചിമുനയിൽ കാത്തു സൂക്ഷിച്ചു.അതിനാൽ എല്ലാം സമയബന്ധിതമായി നിർവ്വഹിക്കപ്പെട്ടിരുന്നു. സമയത്തിന്റെ വില തന്റെ അജഗണങ്ങൾക്ക്  ഒരു പാഠമായിരുന്നു. തിരുമേനിയെ പരിചയമുള്ള മീറ്റിംഗുകളിൽ ഒറ്റ വാചകത്തിൽ മാത്രമേ സ്വാഗതം ചെയ്യാൻ അനുവദിച്ചിരുന്നുള്ളു.

സ്വാഗത പ്രസംഗ പ്രളയത്തെകർശനമായി നിയന്ത്രിച്ചിരുന്നു. ഒരു സംഭവം ഇന്നും പച്ചയായി ഓർമ്മയിൽ നിൽക്കുന്നു. കോട്ടയത്ത്  ഭദ്രാസന സണ്ടേസ്കൂൾ വാർഷിക മീറ്റിംഗ്‌ നടക്കുകയാണ്. ഒരു വലിയ സദസ്സു്. സ്വാഗത പ്രസംഗകൻ ആദിയോടന്തം തിരുമേനിയെ തോമസ് മാർ അത്താനാസ്യോസ്‌ എന്നാണ് സംബോധന ചെയ്യുന്നത്.    മുമ്പിലിരുന്ന ഞങ്ങൾ പല പ്രാവശ്യം തിരുത്തി പറയുന്നതിന് നിർദ്ദേശം നൽകി. എന്നാൽ അദ്ദേഹത്തിനു് അതു് മനസ്സിലായില്ല. തിരുമേനി ഇതു് ഗ്രഹിക്കുകയും ചിരിച്ചുകൊണ്ട് ഞങ്ങളോടു സാരമില്ല അങ്ങനെ പറയട്ടെ എന്നു പറഞ്ഞു. സ്വാഗത പ്രസംഗകൻ തോമ്മസ്സ് മാർ അത്താനാസ്യോസ്  എന്നു തന്നെപറഞ്ഞ് സമാപിപ്പിച്ചു. ഇതിനു് ഒരു മറുവശം കൂടി പറയാം. സഭയുടെ ഒരു പ്രധാന ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും പൊതുസമ്മേളനവും നടക്കുകയാണ് . വലിയ ഫ്ളക്സ് ബോർഡിൽ തിരുമേനിയുടെ പേര് തെറ്റായി ആലേഖനം ചെയ്തത് തിരുമേനി മനസ്സിലാക്കിയപ്പോൾ മീറ്റിംഗിനു മുമ്പായി അത് അവിടെ നിന്നും നീക്കം ചെയ്യിച്ചു. കൂടാതെ നിരുത്തരവാദിത്തപരമായി ക്രമീകരണം നിർവഹിച്ച സംഘാടകരെ കർശനമായി ശാസിക്കുകയും ചെയ്തു. തിരുമേനിയുടെ ചിത്രമുള്ള ഫ്ളക്സ് ബോർഡുകൾ വയ്ക്കരുതെന്ന് നിർദ്ദേശവും നൽകി. ഇത്തരം അനേക സംഭവങ്ങൾ വ്യക്തിപരമായി അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം ഭരണരംഗത്തെ സൂഷ്മതയെയും, മികവിനെയും കാണിക്കുന്നതാണ്.

ചരടിൽ കോർത്ത തടിക്കുരിശുമാല ഈ ഇടയശ്രേഷ്ടന്റെ ഒരു പ്രത്യേകതയായിരുന്നു. മാർത്തോമ്മാ സഭയുടെ ശ്രേഷ്ടമായ ഈ പാരമ്പര്യത്തെ വിഘ്നം കൂടാതെ പരിരക്ഷിച്ച്‌ മനോഹരമാക്കി. ഇപ്രകാരം ഉന്നതമായ മാതൃകകളുടെ കേദാരമായ വന്ദ്യ പിതാവിനെക്കുറിച്ചുള്ള ഓർമ്മകളുടെ ചുരുൾ നിവർത്തിയാൽ അത് സാഗരം പോലെ വിശാലമാണ്. എന്നാൽ വിവരണ പരിമിതി മൂലം തുടരുന്നില്ല. അഭിവന്ദ്യ തിരുമേനിയുടെ പ്രത്യക്ഷ ശരീരം മാത്രമേ ഇല്ലാതായിട്ടുള്ളു. വാഗ്മിയും, ഭരണ കർത്താവും, മഹാതാചാര്യനുമായ അഭിവന്ദ്യ ഗീവർഗീസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്താ ജനഹൃദയങ്ങളിൽ അമരനായിരിക്കുന്നു. തിരുമേനിയുടെ മിക്ക പ്രഭാഷണങ്ങളും മനോഹരമായ ഒരു കവിതയോടും ,അല്ലെങ്കിൽ ഗാനത്തോടെയുമാണ് സമാപിപ്പിക്കുന്നത്. അതിനാൽ കവി മധുസൂദനൻ നായർ നടരാജഗുരുവിനെ അനുസ്മരിച്ചു കൊണ്ട് എഴുതിയ ഒരു കവിത തിരുമേനിയെ സംബന്ധിച്ചും അർത്ഥവത്താണ്. അത്  രേഖപ്പെടുത്തി കൊണ്ട് ഈ ഓർമ്മകൾ ഉപസംഹരിക്കുന്നു.

” ഹൃദയം കൊണ്ടു മഹാകാശം മിഴി

യുദയം പൂണ്ടു തെളിഞ്ഞ പ്രകാശം

സുകൃതം നിൻപദമൂന്നിയ മണ്ണും

മനവും ഞങ്ങൾക്കെഴുമോർമ്മകളും

എങ്ങനെ പാടേണ്ടൂ നിൻ കീർത്തന

മെങ്ങനെയെഴുതേണ്ടൂ നിൻ വടിവുകൾ

നിന്റെ വിളക്കിൽ നിന്നൊരു നാളം

ഞങ്ങളിൽ നിന്നു തെളിഞ്ഞെരിയുന്നു

നിൻ നാദത്തിലൊരിഴകൊണ്ടിപ്പോൾ

ഞങ്ങൾ ജീവിതമിതു മൂളുന്നു.

മിഴിയൊഴുകുന്നു ശൂന്യതയിൽ നിൻ

മുന്നിലൊരഞ്ജലിയാവുന്നു

മൊഴി കുറുകുന്നൂ മൂകതയിൽ നിൻ

മുന്നിലൊരർച്ചനയാവുന്നു.”

( മധുസൂദനൻ നായർ, കവിതകൾ P .71, 72)

റവ. ഡോ. അലക്സാണ്ടർ എ തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here