യേശുവില്‍ വിശ്വസിച്ച സമൂഹം എന്നും ന്യൂനപക്ഷമായിരുന്നുവെന്ന് മാര്‍ ക്ലീമിസ് ബാവ

തിരുവനന്തപുരം: മതവിദ്വേഷം വളര്‍ത്തി അധികാരം പിടിക്കുന്നതിനു പരിമിതികളുണ്ടെന്നും യേശുവില്‍ വിശ്വസിച്ച സമൂഹം എന്നും ന്യൂനപക്ഷമായിരുന്നതായും സിബിസിഐ അധ്യക്ഷനും മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. സായുധവിപ്ലവങ്ങള്‍ കണ്ടു മനസുമടുത്തവര്‍ പഠിപ്പിക്കുന്ന പാഠം ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ കെസിവൈഎം റൂബി ജൂബിലിയുടെയും യൂത്ത് അസംബ്ലിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കര്‍ദിനാള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചതിനാല്‍ താന്‍ ഉള്‍പ്പെട്ട ഭാരത മെത്രാന്‍സംഘം കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശും ബുദ്ധമതക്കാര്‍ക്കു ഭൂരിപക്ഷമുള്ള മ്യാന്‍മറും മാര്‍പ്പാപ്പയെ ക്ഷണിച്ചു സ്വീകരിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചില്ലെന്നു കര്‍ദിനാള്‍ കുറ്റപ്പെടുത്തി.

യേശുവിന്റെ സുവിശേഷവാഹകരാകാന്‍ കാലഘട്ടം യുവാക്കളെ വെല്ലുവിളിക്കുന്നതായി അദ്ദേഹം പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവലില്‍ ഒഐസി ആമുഖപ്രഭാഷണം നടത്തി.

നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍, കെ.എസ്. ശബരീനാഥന്‍ എംഎല്‍എ, ബഥനി നവജീവന്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ. ഗീവര്‍ഗീസ് കുറ്റിയില്‍, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സുമം എസ്ഡി, കെസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര, കെസിവൈഎം തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ മറ്റു ഭാരവാഹികളും സമ്മേളനത്തിനെത്തി. മൂന്നു ദിവസം നീളുന്ന യൂത്ത് അസംബ്ലിയില്‍ 27 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply