പരീക്ഷണങ്ങളെ ധീരതയോടെ നേരിടുക: മാർ ജോർജ്ജ് ആലഞ്ചേരി

സഭയോടൊത്തു ആയിരുന്നു കൊണ്ട് പരീക്ഷണങ്ങളെ സധൈര്യം നേരിടുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി. സീറോ മലബാർ സഭയുടെ പള്ളികളിൽ വായിക്കാൻ തയാറാക്കിയ സർക്കുലറിലാണ് ഈ ആഹ്വാനം.

അടുത്ത കാലങ്ങളിൽ ഇന്ത്യയിലെ സഭയിൽ ഉണ്ടായ സംഭവങ്ങൾ സഭാമക്കളായ നിങ്ങൾക്ക് വേദനയും ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട് എന്ന് എനിക്കറിയാം. നിങ്ങളോടൊപ്പം തന്നെ എനിക്കും വേദനിക്കുന്നുണ്ട്. തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുക മനുഷ്യസഹജമാണ്. അടുത്തകാലത്തു ഇടർച്ചയുണ്ടാക്കുന്ന സംഭവങ്ങളും ഉണ്ടായി. ഇടർച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളെ ന്യായീകരിക്കുവാൻ നമുക്ക് കഴിയില്ല. ഇടർച്ച ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇടർച്ചയ്ക്കു കാരണമാകുന്ന സംഭവങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നും അവയെ എങ്ങനെ സ്വീകരിക്കണം എന്നും അടുത്ത കാലത്തെ സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ എല്ലാവരും ചിന്തിക്കുന്നത് നന്നായിരിക്കും.

സഭയിലോ സമൂഹത്തിലോ വിവാദങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ പരീക്ഷണങ്ങളിൽ പരാജയപ്പെടേണ്ടവരല്ല നമ്മൾ. ഒരു വ്യക്തിക്കോ ഏതാനും പേർക്കോ ഉണ്ടാകുന്ന വീഴ്ചകളെ സഭയുടെ മുഴുവൻ പരാജയമായി കാണുന്നത് ശരിയല്ല. അതിനാൽ സഭ നേരിടുന്ന പരീക്ഷണങ്ങളെ സധൈര്യം നേരിടാൻ നമുക്ക് സഭയോടൊപ്പം നിൽക്കാം എന്ന് മാർ ജോർജ്ജ് ആലഞ്ചരി സർക്കുലറിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ