ഒരു ഗ്ലാസ് വിജ്ഞാനവും കടലോളം ക്ഷമയുമായി അഭിനവ യാക്കോബ്

ജോസ് ക്ലെമന്റ്

ആലപ്പുഴ രൂപതയുടെ പിന്‍തുടര്‍ച്ചവകാശമുള്ള നാലാമത്തെ മെത്രാനായി മോണ്‍. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ലോക രോഗീദിനത്തില്‍ സമാധാന ലേപനവുമായി അഭിഷിക്തനാകുന്നു. നാഥന്റെ വലതുവശത്തിരിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും അടുത്തിരിക്കാന്‍ അനുവദിച്ച യാക്കോബ് അപ്പസ്‌തോലനെപ്പോലെ തീരദേശമക്കളുടെ അടുത്തായിരിക്കാന്‍ ജയിംസ് പിതാവ് കടന്നുവരുന്നു.

രക്തസാക്ഷിത്വ വേളയില്‍പ്പോലും പരസ്പരം സമാധാനം ആശംസിച്ച് മരണത്തെ പുല്‍കിയ യാക്കോബ് അപ്പസ്‌തോലന്റെ നാമധാരി തീരദേശത്തിന്റെ അപ്പസ്‌തോലനായി സമാധാന പ്രാര്‍ത്ഥനയുമായി കടന്നുവരുന്നു. ജ്ഞാനത്തിന് വിനയം ഭൂഷണമായപ്പോള്‍ ശിരസ്സില്‍ കൂട്ടായ്മയുടെ കിരീടവും കരങ്ങളില്‍ അധികാരത്തിന്റെ ദണ്ഡും നല്‍കപ്പെട്ടു അഭിനവ യാക്കോബിന്. തീരത്തിന്റെ പുത്രന്‍ ജയിംസ് ആനാപറമ്പില്‍ പിതാവ് ജ്ഞാനാറിവുകളുടെ ഗര്‍വുകളില്ലാതെ ആലപ്പുഴ രൂപതയുടെ ഓരങ്ങളിലേക്ക് ‘രാജാവിന് അങ്ങയുടെ നീതിബോധവും, രാജകുമാരന് അങ്ങയുടെ ധര്‍മനിഷ്ഠയും നല്‍കണമേയെന്ന സങ്കീര്‍ത്തനവുമായി പുറപ്പാടാരംഭിക്കുന്നു; സമാധാനത്തിന്റെ തുഴയുമായി.

മനുഷ്യരെ പിടിക്കാന്‍ കടല്‍ക്കരയില്‍ നിന്ന്

കടല്‍ത്തീരത്തെ തിരകളെണ്ണി നടന്ന ബാലന്‍ കാലാന്തരത്തില്‍ മനുഷ്യരെ പിടിക്കുന്നവനായി. നിര്‍ണ്ണായകമായ വഴിത്തിരിവുകളൊന്നുമുണ്ടാകാതിരുന്നിട്ടും ഇടയശുശ്രൂഷയുടെ ഉന്നതങ്ങളിലേക്ക് തമ്പുരാന്‍ കൈപിടിച്ചുയര്‍ത്തി. തിരിഞ്ഞുനോക്കുമ്പോള്‍ കടലിനോട് മല്ലടിക്കുന്ന പിതാവിന്റെയും സഹോദരങ്ങളുടെയും കഷ്ടപ്പാടും വറുതിയുടെ കാലത്തെ അമ്മയുടെ കണ്ണീരും മാത്രം ജയിംസ് പിതാവിനു മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. പക്ഷേ, ഈ കഷ്ടദുരിതങ്ങള്‍ തന്റേതുമാത്രമല്ല തീരദേശവാസികളുടെ മുഴുവന്‍ നൊമ്പരമാണെന്ന തിരിച്ചറിവോടെ കൊച്ചുപിതാവ് ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സ്‌നേഹത്തിന്റെ തിരയിളക്കവുമായി കടന്നു വരുകയാണ്; അനുഗ്രഹിക്കാനും ആശ്വസിപ്പിക്കാനുമായി. പത്രോസും അന്ത്രയോസുമൊക്കെ വലയും വള്ളവും മത്സ്യബന്ധനവും ഉപേക്ഷിച്ച് കടല്‍ക്കരയില്‍ നിന്നും മനുഷ്യരെ പിടിക്കാന്‍ പുറപ്പെട്ടത് ‘എന്നെ അനുഗമിക്കുക’ എന്ന തിരുവചനം ശ്രവിച്ചാണ്. ജയിംസ് പിതാവ് ഉപേക്ഷിച്ചത് വലയും വള്ളവും ഉപയോഗിച്ചിരുന്ന അപ്പനേയും സഹോദരങ്ങളേയും സ്വന്തം നാടും വിട്ടാണ് നാഥനെ അനുഗമിക്കാന്‍ പുറപ്പെട്ടത്. എല്ലാം ഉപേക്ഷിച്ചവനെ ഇപ്പോഴിതാ യാത്ര ആരംഭിച്ചിടത്തേക്ക് തന്നെ തിരിച്ച് കൊണ്ടുവന്നിരിക്കുന്നു; പുതിയ യാത്രയ്ക്കായി.

കണ്ടക്കടവില്‍ നിന്ന് കര്‍ത്താവിലേക്ക്

വലയും വള്ളവും മത്സ്യത്തിന്റെ ഗന്ധവും മാത്രം ചിരപരിചിതമായ ജയിംസിന് ഉയര്‍ന്നുവരുന്ന തിരമാലകളെക്കുറിച്ചറിയാമായിരുന്നു. പക്ഷേ ഉയരേണ്ട ജീവിതത്തെക്കുറിച്ച് അത്രയേറെ കണക്കുകൂട്ടലുകളൊന്നുമുണ്ടായിരുന്നില്ല. കാരണം, മൂത്ത രണ്ട് സഹോദരന്മാര്‍ക്കും രണ്ട് സഹോദരിമാര്‍ക്കും കീഴെയായിരുന്ന അഞ്ചാമന്‍ ജയിംസിന് കടപ്പുറമായിരുന്നു തന്റെ ചെറിയ വലിയ ലോകം. ബാല്യത്തിലെ പിതാവ് നഷ്ടപ്പെട്ടെങ്കിലും ഇളയപുത്രനായതുകൊണ്ടായിരിക്കാം ബ്രിജിറ്റമ്മച്ചി ജയിംസിനെ പഠിക്കാന്‍ വിട്ടു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള കണ്ടക്കടവിലെ ഇടവക പള്ളിയിലെ കൊച്ചച്ചനായിരുന്ന സ്റ്റീഫന്‍ പഴമ്പാശ്ശേരിയച്ചന്റെ പ്രത്യേക വാത്സല്യം ജയിംസിനെ ഇംഗ്ലീഷ് ഭാഷയോട് അടുപ്പിച്ചു. രാവിലെയും വൈകിട്ടും ജയിംസിനും കൂട്ടുകാര്‍ക്കും സ്റ്റീഫനച്ചന്‍ പകര്‍ന്നുകൊടുത്ത ഭാഷാ പരിജ്ഞാനവും വ്യകാരണ സൂത്രങ്ങളുമൊക്കെ ജയിംസിന്റെ കുട്ടിസംഘത്തെ പഠനത്തില്‍ മികവുള്ളവരാക്കിത്തീര്‍ത്തു.

ആനാപറമ്പില്‍ കുടുംബത്തില്‍ രാത്രിയില്‍ അന്നം വിളമ്പിയില്ലെങ്കിലും സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മുടക്കമുണ്ടായിരുന്നില്ല. മുണ്ടുമുറുക്കി അഞ്ചു മക്കളെയും പഞ്ചക്ഷതങ്ങള്‍ കണക്കേ ബ്രിജിറ്റമ്മച്ചി ചേര്‍ത്തുനിര്‍ത്തി കണ്ണീരോടെ പ്രാര്‍ത്ഥിച്ചിരുന്ന ആ പൂര്‍വ്വകാലത്തിന്റെ ശേഷിപ്പാണ് ആലപ്പുഴ രൂപതയുടെ ഇടയ ദൗത്യത്തിലേക്ക് കയറിവന്ന ജയിംസ്‌മോന്‍. അള്‍ത്താരബാലനായി പള്ളിയോട് ചേര്‍ന്നു നിന്നിരുന്നതുകൊണ്ട് അന്നേ ദൈവികകാര്യങ്ങളില്‍ ജയിംസിന് താല്‍പര്യമുണ്ടായിരുന്നു. പക്ഷേ ഒരു വൈദികനാകുക എന്ന സ്വപ്നമോ സങ്കല്‍പമോ ഉണ്ടായിരുന്നില്ല. വലിയൊരു ‘ജംബിംഗ്’ തന്റെ ജീവിതത്തിലുണ്ടായിരുന്നില്ലായെന്ന് ഇന്ന് ജയിംസ്പിതാവ് പറയുമ്പോള്‍ കേള്‍വിക്കാരന്‍ ആദ്യമത് വിശ്വസിക്കും. എന്നാല്‍ ആ ജീവിതരേഖയൊന്ന് നിരീക്ഷിക്കുമ്പോള്‍ ജംബിംഗല്ല ഹൈജംബായിരുന്നു പിതാവിന്റെ ജീവിതത്തിലുണ്ടായിരുന്നതെന്ന് വ്യക്തമാകും. കണ്ടക്കടവിലെ കടല്‍ത്തീരത്തുനിന്ന് കര്‍ത്താവിന്റെ സന്നിധിയിലേക്കുള്ള യാത്രയുടെ നാള്‍വഴികള്‍ തെളിയിക്കുന്നതതാണ്.

ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂളിലെ പഠനകാലത്ത് ആലുവ മംഗലപ്പുഴ സെമിനാരിയില്‍ നിന്നും ഡീക്കന്‍ രാജന്‍ മേനങ്കാട്ട് സ്‌നേഹപൂര്‍വ്വം അയച്ചിരുന്ന പ്രേഷിതകേരളം മാസികയും കുഞ്ഞുമിഷണറി പുസ്തകവും അതോടൊപ്പം അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവുമാണ് കൗമാരക്കാരന്‍ ജയിംസിനുള്ളില്‍ ഒരു ഉള്‍വിളിയും സ്പാര്‍ക്കുമുണ്ടാക്കിയത്. സ്റ്റീഫന്‍ പഴമ്പാശ്ശേരിയച്ചനുമായുള്ള ഇഴയടുപ്പം മോണ്‍. ആന്‍ഡ്രൂസ് തെക്കേവീടന്റെ പൗരോഹിത്യ ജീവിതവും പ്രചോദനമേകിയപ്പോള്‍ ജയിംസ് തന്റെ വിളിയെ തിരിച്ചറിയാന്‍ ശ്രമമാരംഭിച്ചു. പുന്നപ്ര ഐഎംഎസ് ധ്യാനകേന്ദ്രത്തിലെ യേശുദാസച്ചനെയും നിഷ്പാദുക കര്‍മലീത്താസഭ മഞ്ഞുമ്മല്‍ പ്രൊവിന്‍സിന്റെ വൊക്കേഷന്‍ പ്രൊമോട്ടറായിരുന്ന കാസിയന്‍ കാച്ചപ്പിള്ളിയച്ചന്റെയും ഇടപെടലുകള്‍ ദൈവവിളിയെ പരിപോഷിപ്പിക്കുന്നതായിത്തീര്‍ന്നു. ഇതിനോടൊപ്പം തന്റെ മാതൃകയായി ജയിംസ് പിതാവ് ഓര്‍മ്മിച്ചെടുക്കുന്നത് ബാല്യകാലത്തെ തന്റെ ഇടവക സമൂഹത്തെയാണ്.

നിത്യവും രാവിലെ ഉണര്‍ന്ന് പള്ളിയിലെത്തുന്ന തീരത്തിന്റെ മക്കള്‍. രാവിലെ 5.30-ന് കണ്ടക്കടവിലെ പള്ളിയില്‍ ദിവ്യപൂജയ്ക്കായി എത്തുന്നവരില്‍ വാര്‍ധക്യമുള്ളവരും ക്ഷീണിതരും രോഗികളുമൊക്കെ ഉണ്ടായിരുന്നു. ബലിജീവിതത്തിലൂടെ ദിവസമാരംഭിച്ചിരുന്ന ഒരു ജനതയെ കണ്ടാണ് ജയിംസ് വളര്‍ന്നത്. തന്റെ ജീവിതവിശുദ്ധിയെ പരിപോഷിപ്പിച്ച കാഴ്ചപ്പാടുകളായിരുന്നു അതെല്ലാമെന്ന് പറയുന്നതില്‍ ഒട്ടും സങ്കോചമില്ല ജയിംസ് പിതാവിന്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ വൈദികപഠനത്തിനു പോകണോ തുടര്‍വിദ്യാഭ്യാസം നടത്തണമോയെന്ന സംശയത്തിനുമുന്നില്‍ കൈ ചൂണ്ടികളായത് വികാരി മോണ്‍. മാര്‍സല്‍ പാലിയത്തും കൊച്ചച്ചന്‍ സ്റ്റീഫന്‍ പഴമ്പാശ്ശേരിയുമായിരുന്നു. അതോടൊപ്പം അമ്മയുടെ കൂട്ടുകാരികള്‍ തന്റെ ദൈവവിളിക്ക് വളവും വെള്ളവുമൊഴിച്ചവരായിരുന്നുവെന്ന് ഇന്നും തെളിമയോടെ പിതാവ് ഓര്‍മിക്കുന്നു.

കാഴ്ചപ്പാടുകള്‍ മാറുന്നു

ഞാനും എന്റേതും എന്ന കാഴ്ചപ്പാടില്‍ നിന്നും വിശാലമായ കാഴ്ചപ്പാടുകളിലേക്ക് ബ്രദര്‍ ജയിംസ് പ്രയാണമാരംഭിക്കുന്നത് മൂന്നാംവര്‍ഷ തത്വശാസ്ത്ര പഠനാവസരത്തിലാണ്. ക്രൈസ്തവ നേതാക്കന്മാര്‍ക്കായി കോയമ്പത്തൂരില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ സെമിനാരിയില്‍ നിന്ന് നിയോഗിതരായവരില്‍ ഒരാള്‍ ബ്രദര്‍ ജയിംസായിരുന്നു. അവിടെ ചെന്നപ്പോഴാണറിയുന്നത് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത് കത്തോലിക്കാ സഭയല്ല, പ്രൊട്ടസ്റ്റന്റ് സമൂഹമാണെന്ന്. 300 പേര്‍ പങ്കെടുത്ത ആ സെമിനാറില്‍ ബ്രദര്‍ ജയിംസുള്‍പ്പടെ നാലുപേര്‍ ഒഴികെ മറ്റെല്ലാവരും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. പക്ഷെ ജയിംസ് ബ്രദറിന് സെമിനാര്‍ ഒരനുഭവമായിത്തീര്‍ന്നു. കാരണം, ബൈബിളധിഷ്ഠിതമായുള്ള അവരുടെ പ്രാര്‍ത്ഥനാ രീതികള്‍ ജയിംസ് ബ്രദറിനെ വല്ലാതെ സ്പര്‍ശിച്ചു. ഇതരസഭാ സമൂഹങ്ങളുടെയും മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും അറിയാനും പഠിക്കാനുമുള്ള മനസ്സിന്റെ തുറവുണ്ടാകുന്നതിവിടെ നിന്നാണ്. ഈയൊരു തുടക്കം വലിയ മേച്ചില്‍പ്പുറങ്ങളിലേക്കാണ് പിന്നീട് ഈ യുവാവിനെ വഴിനടത്തിയത്. ബാംഗ്ലൂര്‍ എന്‍ബിസിഎല്‍സി, കാലടി സമീക്ഷ, കളമശ്ശേരി ജ്യോതിര്‍ഭവന്‍ എന്നിവിടങ്ങളിലെ പഠനങ്ങളും സെമനാറുകളും സലേഷ്യന്‍ സഭാംഗങ്ങളുടെ പരിശീലനക്കളരികളിലെ പങ്കാളിത്തുവുമെല്ലാം മതാന്തര സംവാദങ്ങളുടെ വിശാലമേഖലയിലേക്ക് വഴിനടത്തി. സെമിനാരി പരിശീലന കാലത്തും വൈദികനായ ശേഷവും വൈദികപരിശീലനകനായിത്തീര്‍ന്നപ്പോഴും ഇത്തരം ക്യാമ്പുകളിലും സെമിനാറുകളിലും സജീവമായി പങ്കുകൊണ്ടിരുന്നു. ഇത് തനിക്കൊരു വലിയ അനുഗ്രഹമായിരുന്നുവെന്നാണ് പിതാവിന്റെ സാക്ഷ്യം. കാരണം, വൈദികനായതിനുശേഷവും എപ്പോഴും ഫ്രഷ് അപ്പാകാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനമായിരുന്നു. ഹിമാലയത്തില്‍ വന്ദന മാതാജി നടത്തിയിരുന്ന ആശ്രമ സന്ദര്‍ശനവും അവിടുത്തെ താമസവും വലിയ ഉള്‍ക്കാഴ്ചകളാണ് പ്രദാനം ചെയ്തത്.

ഭാരതീയ സംസ്‌ക്കാരവും ക്രൈസ്തവ വിശ്വാസവും പൊരുത്തപ്പെട്ട് ഇഴുകിച്ചേരുന്ന ഒരു ധ്യാനപരിശീലനരീതി ജയിംസച്ചന്‍ മനസ്സിലാക്കിയത് ഇവിടെ നിന്നായിരുന്നു.
എന്‍ബിസിഎല്‍സിയിലെ പരിശീലനങ്ങളാണ് മതാന്തര സംവാദങ്ങളിലും സാംസ്‌ക്കാരികാനുരൂപണങ്ങളിലും സഭ കാലൂന്നണമെന്ന ബോധ്യത്തിലേക്ക് ജയിംസച്ചനെ വഴി നടത്തിയത്. ഭാരതത്തില്‍ ഇതിന് വളരെ പ്രസക്തിയുണ്ടെന്ന ബോധ്യമുണ്ടായി. പാശ്ചാത്യ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ പള്ളിയില്‍ പോയില്ലെങ്കിലും അവിടെ അവര്‍ക്ക് ക്രൈസ്തവരെന്ന ഒരു സംസ്‌ക്കാരമുണ്ട്. ഇവിടെ നാം ഒരു ന്യൂനപക്ഷവും ഹൈന്ദവസംസ്‌കൃതിയുടെയും മറ്റുമതങ്ങളുടെയുമൊക്കെ നടുവിലാണ് ജീവിക്കുക. അതുകൊണ്ടുതന്നെ ഒരു സാംസ്‌ക്കാരികാനുരൂപണം എന്നത് ജീവശ്വാസം പോലെതന്നെ പ്രാധാന്യമുള്ളതാണ്. നമുക്ക് വളരെ വിശാലമായ ഒരു സുവിശേഷ ചക്രവാളമുണ്ടെന്ന് വിശ്വസിക്കുന്ന ഇടയനാണ് ജയിംസ് പിതാവ്. അത് നമുക്ക് ബോധ്യപ്പെടാനാകണം. അത്തരം മേഖലയിലുള്ളവരുമായി അടുത്തബന്ധവും അതുമായുള്ള ബോധ്യങ്ങളും ജയിംസ് പിതാവിനുണ്ടായിരുന്നു.

ജൂദായിസത്തെ ആശ്ലേഷിച്ച പാതിരി

സെമിനാരി പഠനകാലത്തുതന്നെ ജയിംസ്പിതാവിന്റെ ഇഷ്ടവിഷയവും താല്‍പര്യവും പഴയനിയമത്തോടായിരുന്നു. ആ താല്‍പര്യം പിന്നീടങ്ങോട്ട് വളരുകയായിരുന്നു. ഡോക്ടറേറ്റിനായി ബിബ്ലിക്കല്‍ തിയോളജിയാണ് തിരഞ്ഞെടുത്തത്. പഴയനിയമപഠനം വളരെ വിശാലമായ തുറവിലേക്ക് തന്നെ നയിച്ചുവെന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്. യഹൂദര്‍ വിശുദ്ധഗ്രന്ഥമായി കണ്ടിരുന്നത് പഴയ നിയമമാണ്. പഴയനിയമം പഠിച്ചപ്പോഴും പുതിയ നിയമത്തിന്റെ പിന്‍ബലത്തില്‍ ക്രൈസ്തവ ചിന്തകളോടുകൂടി തന്നെയാണ് അതിനെ സ്വാംശീകരിച്ചത്. യഹൂദര്‍ വിശുദ്ധഗ്രന്ഥത്തെ എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതുമാത്രമായിരുന്നില്ല പഠനോദ്ദേശ്യം. കര്‍ത്താവിന്റെ കാലഘട്ടവും, യേശു പഠിപ്പിച്ചതും ജീവിച്ചതുമായ കാലഘട്ടവും യഹൂദപശ്ചാത്തലത്തില്‍ നിന്നുടലെടുത്തതായിരുന്നു. അതിനാല്‍ ഗവേഷണ പഠനങ്ങള്‍ക്കുശേഷം ഇനി ഒരു തുടര്‍പഠനമുണ്ടെങ്കില്‍ അത് ജൂദായിസമായിരിക്കണമെന്നുള്ള അഭിരുചിയുണ്ടായി. അത് ഒരേസമയം പഠനവും പരിശീലനവുമായിരുന്നു ജയിംസച്ചന്. അതോടൊപ്പം യഹൂദരുമായി ഒത്തുവസിക്കാനും യഹൂദ റബ്ബിമാര്‍ക്കൊപ്പം സഹവസിക്കാനും സാധിച്ചു. യഹൂദ ക്രൈസ്തവരുമായി അഭിമുഖം വളര്‍ത്താന്‍ ഇതു പ്രയോജനപ്രദമായിട്ടുണ്ട്. ഒരു ഭാരതീയനെന്ന നിലയില്‍ അജ്ഞാതമായ ഒത്തിരി തിരിച്ചറിവുകള്‍ യൂറോപ്പിലുണ്ടെന്ന് മനസ്സിലാക്കാനായി ഇതുമൂലം സാധിച്ചു. കാരണം, അവിടെ യഹൂദരുടെമേലുണ്ടായ നാസി ആക്രമണം, 60 ലക്ഷത്തോളം വരുന്ന യഹൂദരെ ചുട്ടെരിച്ച സംഭവം. അതിന്റെയൊക്കെ പിന്നില്‍ നാസികളായിരുന്നു. ജര്‍മന്‍കാരാണെന്നു മറ്റുള്ളവര്‍ പറഞ്ഞാലും അവരെ സംബന്ധിച്ച് ഇവരല്ല. ഭൂരിപക്ഷംപേരും ക്രൈസ്തവമതത്തില്‍പെട്ടവരായിരുന്നു. ഇവര്‍ തമ്മിലുണ്ടായ വലിയൊരു മുറിവന്റെ വേദന നാം ഭാരതീയര്‍ അനുഭവിച്ചിട്ടുണ്ടാകില്ല. ഇതൊക്കെ തന്റെ തന്നെ മാനസാന്തര യാത്രയായിരുന്നുവെന്ന തിരിച്ചറിവ് പിതാവിനുണ്ടായിരുന്നു. അതിനാലാണ് ജൂദായിസം പഠനഭാഗമായി പിതാവ് തിരഞ്ഞെടുത്തത്. യേശു ക്രിസ്തുവിനെ കണ്ടുമുട്ടുന്നവന്‍ യേശുവിന് ജന്മംകൊടുത്ത യഹൂദ സംസ്‌ക്കാരത്തെയും കണ്ടത്തേണ്ടതുണ്ട്. ആ ഒരു യാത്രയിലാണ് പിതാവ് ജൂദായിസത്തെ പുണര്‍ന്ന ഒരു പാതിരിയായത്. ഇനിയും തനിക്കൊരവസരം ലഭിച്ചാല്‍ വിശുദ്ധഗ്രന്ഥത്തെ ആഴത്തില്‍ പഠിക്കാന്‍ തന്നെയാണ് ആഗ്രഹമെന്ന് വിനയത്തോടെ കൊച്ചുപിതാവ് പറയുന്നു.

ദൈവദാസനും ഭാഷാപഠനവും

ഓരോരുത്തര്‍ക്കും ഹോബികള്‍ പലതാണ്. അതില്‍തന്നെ വിചിത്രമായ ഹോബികളുണ്ടാകും. ജയിംസ് പിതാവിന്റെ ഹോബി വെറുതെയിരിക്കാനുള്ള ആഗ്രഹമാണെന്ന് പറയുമ്പോള്‍ കേള്‍വിക്കാരന് അരുചിതോന്നുന്നു. പക്ഷേ പിതാവ് അപ്പോള്‍ തന്നെ തിരുത്തുന്നു- വെറുതെയിരിക്കാന്‍ ആഗ്രഹിക്കുന്നത് ഒറ്റക്കിരിക്കുന്നതിനുവേണ്ടിയാണ്. ഈ ഒറ്റയ്ക്കിരുപ്പിലാണ് വിശുദ്ധഗ്രന്ഥത്തെ ആഴമായി അടുത്തറിയാന്‍ ശ്രമിച്ചിരുന്നതും ഭാഷകള്‍ ഹൃദിസ്ഥമാക്കുന്നതിനുള്ള അഭിവാഞ്ഛയുണ്ടായതും. ഭാഷാപഠനത്തോടുള്ള വളര്‍ച്ചയ്ക്ക് വിത്ത് വിതച്ചത് ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരക്കലാണെന്ന വിശുദ്ധമായ ഓര്‍മ പിതാവില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. ആലപ്പുഴ സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ച ആദ്യവര്‍ഷത്തില്‍ തന്നെ നവാര്‍ത്ഥികള്‍ക്ക് ദൈവദാസന്‍ നല്‍കിയ ഉപദേശമിതായിരുന്നു: ”നിങ്ങള്‍ ദിവസവും മൂന്ന് പുതിയ ഇംഗ്ലീഷ് വാക്കും ഒരു ബൈബിള്‍ വാക്യവും ഹൃദിസ്ഥമാക്കിയിരിക്കണം. ഇങ്ങനെ പഠിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്കിതൊരു മുതല്‍ക്കൂട്ടായിരിക്കും. നിങ്ങള്‍ മൂന്നുവര്‍ഷത്തെ ഇവിടുത്തെ പരിശീലനം പൂര്‍ത്തിയാക്കി പോകുമ്പോള്‍ ആയിരം ബൈബിള്‍ വചനങ്ങളും മൂവായിരം പുതിയ ഇംഗ്ലീഷ് വാക്കുകളും നിങ്ങള്‍ക്ക് സ്വന്തമായിരിക്കും.” ഈ ഉപദേശം മുഖവിലയ്‌ക്കെടുത്തതില്‍ പ്രധാനി ജയിംസ് പിതാവായിരുന്നു. അന്ന് പഠനമാരംഭിച്ച് കുറിച്ചിട്ട ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ത്ഥങ്ങളും രേഖപ്പെടുത്തിയ നോട്ട് പുസ്തകം ഇന്നും ഒരു തിരുശേഷിപ്പുപോലെ താന്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പിതാവ് വെളിപ്പെടുത്തുന്നു. തന്റെ ഭാഷാസ്‌നേഹത്തിന്റെ ആരംഭമിവിടെ നിന്നാണെന്നു പറയാന്‍ പിതാവിന് അഭിമാനമേയുള്ളൂ. അതിനാല്‍ ഒരു പുതിയ ഭാഷ പഠിക്കാന്‍ ഇന്നും ആവേശമാണ് പിതാവിനുള്ളത്. എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ കൈവിരലുകളുടെ എണ്ണത്തിനപ്പുറത്തെ ഭാഷാജ്ഞാനമൊന്നും എനിക്കില്ലെന്നും അതൊന്നും തന്റെ കൈകളിലൊതുങ്ങുതല്ലെന്നും പിതാവ് തുറന്ന് സമ്മതിക്കുന്നു.

മാതൃഭാഷയ്ക്കുപുറമേ ഇറ്റാലിയന്‍, ജര്‍മന്‍, ഇംഗ്ലീഷ് തുടങ്ങിയ ആധുനിക ഭാഷകളും ഹീബ്രു, ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങിയ ബൈബിളധിഷ്ഠിത ഭാഷകളും ഐഛിക ഭാഷകളായ ഹിന്ദിയും സംസ്‌കൃതവും തനിക്ക് വശമാണെന്ന് പിതാവ് പറയുന്നു.  ചുരുക്കത്തില്‍ വെറുതെയിരിക്കുക എന്ന ഹോബിയില്‍ അന്തര്‍ലീനമായിരുന്നത് വിശുദ്ധഗ്രന്ഥം പഠിക്കുക, വ്യാകരണം പഠിക്കുക എന്നതാണ്. പിതാവ് ഇതൊരു വിനോദമായാണ് ആസ്വദിക്കുന്നത്. ഇന്നും ദിവസത്തിന്റെ ഏതാനും മണിക്കൂറെങ്കിലും പുതിയതെന്തെങ്കിലും ഹൃദിസ്ഥമാക്കാന്‍ പിതാവ് പഠനത്തിലേര്‍പ്പെടാറുണ്ട്. പഠനാവസരം കിട്ടാത്ത ദിനം നഷ്ടപ്പെട്ട ഒരു ദിനമാണ് ജയിംസ്പിതാവിന്. ഭാഷയുടെയും പഠനത്തിന്റെയും മേഖലയില്‍ വ്യാപരിക്കുന്നതുകൊണ്ട് ഒരു ബുദ്ധിജീവിയെന്ന വിളിപ്പേരിന് പിതാവ് നാളിതുവരെ പാത്രീഭൂതനായിട്ടുമില്ല. കാരണം, വളരെ സജീവമായ വ്യക്തിബന്ധങ്ങള്‍ക്കുടമയാണിദ്ദേഹം. നല്ലൊരു കൂട്ടുകാരനും, കളിക്കാരനും, തമാശകള്‍ പറയുന്നയാളുമൊക്കെയാകാന്‍ പിതാവിനു കഴിയുന്നു. ഇതുമൂലം ഒത്തിരി സൗഹൃദങ്ങളുടെ സമ്പത്തുകാരനാണിദ്ദേഹം.

സൗഹൃദങ്ങളെ പരിപോഷിപ്പിക്കാനും പഠിക്കാനും പഠിപ്പിക്കാനും സംവാദനങ്ങളിലേര്‍പ്പെടാനും അതിനായി ആഗ്രഹിക്കുകയും സമയം കണ്ടെത്തുകയും ചെയ്യുന്ന പിതാവ് ആഘോഷ-ആര്‍ഭാടങ്ങളില്‍ നിന്നെല്ലാം അകന്നുനില്‍ക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. അതൊരു തുടര്‍ശീലമായി തനിക്കൊപ്പം ഇനിയുമുണ്ടാകുമെന്ന് പിതാവ് പറയാതെ തന്റെ സൗമ്യ മന്ദസ്മിതത്തിലൊളിപ്പിച്ചു വ്യക്തമാക്കുന്നു. അപ്പോള്‍ ആ മുഖത്ത് തെളിയുന്ന 85-ാം സങ്കീര്‍ത്തനം എനിക്ക് വായിച്ചെടുക്കാനായി: ”കര്‍ത്താവേ, അങ്ങയുടെ ദേശത്തോട് അങ്ങ് കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയം അവിടുന്ന് പുനഃസ്ഥാപിച്ചു. കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും.”

സമാധാന വാക്യവും മുദ്രയും

ഒരു ബൈബിള്‍ വാക്യം എന്നതിലുപരി ഒരു പ്രാര്‍ത്ഥനയാണ് പിതാവ് ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്. ”കര്‍ത്താവേ, ഈ നാളുകളില്‍ അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരേണമേ.” ഈ പ്രാര്‍ത്ഥന ലത്തീന്‍ ആരാധനക്രമത്തിലെ ദിവ്യബലിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പ്രാര്‍ത്ഥനകഴിഞ്ഞാലുടന്‍ ഉള്‍ച്ചേള്‍ത്തിരിക്കുന്ന സമാധാന പ്രാര്‍ത്ഥനയാണ്. എന്തുകൊണ്ട് ഇത് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. മെത്രാന്‍ നിയോഗത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചപ്പോള്‍ പിതാവിനുണ്ടായ പ്രചോദനവും അതിലുപരി പിതാവ് ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്ന നിരന്തരമായ ഒരു പ്രാര്‍ത്ഥനയുമായിരുന്നിത്. ആത്യന്തികമായ സമാധാനം ദൈവത്തിന്റേ സമ്മാനമാണ്.

പിതാവ് ഉന്നത പഠനത്തിനായി റോമിലെത്തിയപ്പോള്‍ പരിചയപ്പെട്ടൊരു സമൂഹമാണ് സാന്‍ത എജീദിയോ. ഇവര്‍ സമാധാനത്തിനായുള്ള വലിയൊരു അപ്പസ്‌തോല ശുശ്രൂഷ ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്. ഇവര്‍ക്കൊപ്പം താമസിച്ച നാളുകളില്‍ കിട്ടിയ പ്രാര്‍ത്ഥനാനുഭവത്തിന്റെ ശക്തിയും സന്തോഷവുമൊക്കെ ശരിക്കും പിതാവ് ആസ്വദിച്ചിട്ടുണ്ട്. ഇവിടെയാണെങ്കിലും ജീസസ് യൂത്തുമായി വളരെയധികം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. അതിനാല്‍ പ്രാര്‍ത്ഥന പിതാവിന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ലോകസമാധാനത്തിനുവേണ്ടി ഓരോരുത്തരും പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവരാണ്. ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുക എന്നത്.

അനുരജ്ഞനമായിരിക്കണം നമുക്ക് മുഖ്യം. കടുത്ത മത്സരങ്ങള്‍ക്കിടയിലും ജീവിതത്തിലൊരു നിറവ് അനുഭവപ്പെടണമെങ്കില്‍ സമാധാനം അത്യാവശ്യമാണ്. ഉത്ഥിതനായ യേശു തന്റെ ശിഷ്യസമൂഹത്തോട് പറഞ്ഞത്: ‘എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നുവെന്നാണ്.’ യേശു ജനിച്ചപ്പോള്‍ നല്‍കിയ സമാധാനം തന്നെയാണ് യേശു കടന്നുപോയപ്പോഴും നല്‍കിയത്. അതുകൊണ്ടാണ് ക്രൈസ്തവ പ്രാര്‍ത്ഥനകളില്‍ സമാധാനത്തിന് വലിയ പ്രാധാന്യമുള്ളത്. തന്റെ ശുശ്രൂഷ സമാധാനത്തിന്റെ, അനുരജ്ഞനത്തിന്റെ ശുശ്രൂഷയായിരിക്കണമെന്ന പ്രാര്‍ത്ഥനയും ആഗ്രഹവും പിതാവിനുണ്ട്. കേരളത്തിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ തീരജനതയെ മുഴുവന്‍ ഈ സമാധാന പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിക്കുകയാണ് പിതാവിന്റെ പരമമായ ദൗത്യം.

ഈ പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചാണ് പിതാവ് മുദ്ര തയ്യാറാക്കിയിട്ടുള്ളത്. 72-ാമത്തെയും 85-ാമത്തെയും സങ്കീര്‍ത്തനവും ഈശോയുടെ അന്ത്യദാനമായ സമാധാനത്തിന്റെയും സങ്കലനമാണിതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പിതാവായ ദൈവത്തിന്റെ കരങ്ങളില്‍ നിന്ന് പ്രകാശിതമായ ഒരു കുരിശ്. കുരിശ് സഹനത്തിന്റെ അടയാളമാണെങ്കിലും ദൈവത്തിന്റെ സമാധാനവും സ്‌നേഹത്തിന്റെ വലിയൊരു സമ്മാനവുമാണ്. പൗലോസ്ശ്ലീഹാ ഈ കുരിശിനെ നോക്കിക്കൊണ്ടാണ് പറഞ്ഞത്, ”അവന്‍ കുരിശില്‍ എല്ലാത്തരം മതിലുകളെയും തകര്‍ത്തു” എന്ന്. കുരിശിലെ ത്യാഗത്തെയാണ് കരങ്ങളില്‍ നിന്ന് പ്രകാശിതമാകുന്ന കുരിശ് സൂചിപ്പിക്കുന്നത്. ഈ ത്യാഗമാണ് അള്‍ത്താരയിലെ ദിവ്യകാരുണ്യത്തിലുള്ളത്. ഈ ദിവ്യകാരുണ്യത്തെ സൂചിപ്പിക്കുന്ന കാസയും ഓസ്തിയും മുദ്രയുടെ ഭാഗമാണ്. നമുക്കെപ്പോഴും വരപ്രസാദമായി പരിശുദ്ധാത്മാവ് സമാധാനം തരുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവിനെ ഒരു ഒലിവ് ഇലയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഈ മുദ്രതന്നെ ഒരു പ്രാര്‍ത്ഥനയായി കാണാനാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here