ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാര്‍ റാഫേല്‍ തട്ടില്‍ അഭിഷിക്തനായി

ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാര്‍ റാഫേല്‍ തട്ടില്‍ അഭിഷിക്തനായി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു നേതൃത്വം നൽകി. മാർപാപ്പയുടെ പ്രതിനിധി റവ. ഡോ. സിറിൽ വാസിൽ, ഹൈദരാബാദ് ആർച്ച് ബിഷപ് ഡോ. തുമ്മാ ബാല, മോണ്‍സിഞ്ഞോര്‍ ലോറന്‍സോ ലൊറുസോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ദിവ്യബലി. സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു ഒപ്പം തന്നെ രൂപതാ സ്ഥാപന ചടങ്ങുകളും നിർവഹിച്ചു. ഹൈദരാബാദ് ബാലാപൂരിലെ സാന്തോം നഗറിൽ സികെആർ ആൻഡ് കെആർ കൺവൻഷൻ സെന്ററിൽ വെച്ചു നടത്തപ്പെട്ട ചടങ്ങിൽ അറുപതോളം മെത്രാന്മാരും ആയിരക്കണക്കിന് വിശ്വാസികളുമാണ് പങ്കെടുത്തത്.

സിറോ മലബാര്‍ സഭയുടെ മുപ്പത്തൊന്നാമത്തെ രൂപതയാണ് തെലങ്കാനയിലെ ഷംഷാബാദ് രൂപത. 23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും അടങ്ങുന്ന ഷംഷാബാദ് രൂപത സിറോ മലബാര്‍ സഭയുടെ കീഴിലുള്ള ഏറ്റവും വലിയ രൂപതയാണ്. 88 വൈദികരും ഒന്നേകാൽ ലക്ഷം വിശ്വാസികളും ഷംഷാബാദ് രൂപതയുടെ കീഴിലുണ്ട്. കേരളത്തിന് പുറത്തു ചിതറിക്കിടക്കുന്ന സീറോ മലബാർ സഭാ വിശ്വാസികളെ ഒന്നിച്ചു ചേർക്കുന്നതിനാണ് പുതിയ രൂപത സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ