കാത്തുനില്‍ക്കുന്നവള്‍ അമ്മ

ഫാ. സിജോ കണ്ണമ്പുഴ OM

തൃശൂരിന്‍റെ തെരുവുകള്‍ക്കും പാതയോരങ്ങള്‍ക്കും പരിചിതനായ, മനസ്സിന്‍റെ സംതുലനം നഷ്ടപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു. രാജു എന്നായിരുന്നു അവന്‍റെ പേര്. രാവിലെ മുതല്‍ സന്ധ്യവരെ അവന്‍ തൃശൂരിന്‍റെ ഇടവഴികളിലൂടെ പാട്ടുപാടിയും കരഞ്ഞും ഒച്ചയുണ്ടാക്കിയും ആരോടൊക്കെയോ ദേഷ്യപ്പെട്ടും അലയുമായിരുന്നു. അവന്‍റെ പിന്നാലെ ഭാഗ്യലക്ഷ്മിയെന്ന ഒരു ‘ഭാഗ്യവും’ ഇല്ലാത്ത അവന്‍റെ അമ്മയും. ആ അമ്മക്കും ഉണ്ടായിരുന്നു നാലുകെട്ടും തറവാടുമെല്ലാം. പക്ഷെ മനസ്സിന് സുഖമില്ലാതെ ഇറങ്ങിയോടുന്ന മകനെ പെരുവഴിയില്‍ ആക്കിയിട്ട് ആ അമ്മക്ക് നാലുകെട്ടിന്‍റെ ഉള്ളില്‍ പുകയുന്ന മനസ്സുമായി ഇരിക്കാന്‍ ആവില്ലായിരുന്നു. ആ അമ്മയും ഇറങ്ങി മകന്‍റെ ഒപ്പം. അവന്‍ അലയുന്ന ഇടങ്ങളിലെല്ലാം അവളും അവനു കൂട്ടായി. അവസാനം നടന്നു തളര്‍ന്നു വീഴുന്ന അവനു അവളുടെ മടിയില്‍ വിശ്രമം. സ്വര്‍ഗ്ഗം നൂലിലിറക്കിയ ആ അമ്മക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തനിക്കുമുന്‍പേ ദൈവം മകനെ വിളിക്കണമെന്ന്….

യേശു ജനക്കൂട്ടത്തോട് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശുവുമായി സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്ത് കാത്തു നില്‍ക്കുന്ന ഒരമ്മയെ മത്തായി സുവിശേഷകന്‍ വരച്ചു വയ്ക്കുന്നുണ്ട്(മത്തായി 12:46-50). കാത്തുനില്‍ക്കാനും സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കാനുമൊക്കെ ആരെങ്കിലും ഉണ്ടാകുന്നത് ഒരു വലിയ അനുഗ്രഹമാണ്. ആരും ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാത്ത ഈ ലോകത്ത് കാത്തുനില്‍ക്കുന്ന, അന്വേഷിച്ചു പോകുന്ന അമ്മ, മനസ്സിന് ഒരു ആശ്വാസമാണ്. 

കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ടാകുന്നത് സ്വര്‍ഗ്ഗത്തെ ഓര്‍മിപ്പിക്കുന്നു. വൈകിയിട്ടും തിരിച്ചെത്താത്ത മകനെ കാത്ത് വ്യാകുലപ്പെട്ടു നില്‍ക്കുന്ന പിതാവിനെപ്പോലെ, എല്ലാവരും തിരിച്ചു വരുന്നതും നോക്കി, കാത്തിരിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ചിത്രം വളരെ മനോഹരമാണ്. ഞാന്‍ കാത്തുനില്‍ക്കുന്നില്ല എന്നതിന്‍റെ പേരില്‍ ആരും തിരിച്ചുവരാതിരിക്കാന്‍ നമുക്ക് ഇടയാക്കാതിരിക്കാം. പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here